---
title: "അതിദാരുണം... റിക്ഷയിൽ കൊണ്ടുപോയ ഇരുമ്പ് കമ്പി കാറിന്റെ ഗ്ലാസ് തകർത്ത് നെഞ്ചിൽ തുളച്ചുകയറി; ഡ്രൈവർക്ക് ദാരുണാന്ത്യം"
english_title: "Gurugram Dwarka Expressway Accident: Iron Rod Pierces Taxi, Driver Killed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373080/gurugram-dwarka-expressway-accident-iron-rod-pierces-taxi-driver-killed"
published_at: "2026-07-18T06:30:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5ad01a0c9d7_gurugram-dwarka-expressway-accident-iron-rod-driver-dead.jpg"
keywords: ["Gurugram Accident", "Dwarka Expressway", "E-Rickshaw", "Taxi Accident", "Haryana News"]
---

# അതിദാരുണം... റിക്ഷയിൽ കൊണ്ടുപോയ ഇരുമ്പ് കമ്പി കാറിന്റെ ഗ്ലാസ് തകർത്ത് നെഞ്ചിൽ തുളച്ചുകയറി; ഡ്രൈവർക്ക് ദാരുണാന്ത്യം

> **Lead Summary:** **ഗുരുഗ്രാം: **ഹരിയാനയിലെ ഗുരുഗ്രാമിൽ ദ്വാരക എക്സ്പ്രസ് വേയിൽ റിക്ഷയിലുണ്ടായിരുന്ന ഇരുമ്പ് കമ്പി കാറിന്റെ മുൻഗ്ലാസ് തകർത്ത് തുളച്ചുകയറിയ അപകടത്തിൽ കാർ ഡ്രൈവർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

## Article Content

**ഗുരുഗ്രാം: **ഹരിയാനയിലെ ഗുരുഗ്രാമിൽ ദ്വാരക എക്സ്പ്രസ് വേയിൽ റിക്ഷയിലുണ്ടായിരുന്ന ഇരുമ്പ് കമ്പി കാറിന്റെ മുൻഗ്ലാസ് തകർത്ത് തുളച്ചുകയറിയ അപകടത്തിൽ കാർ ഡ്രൈവർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

ഗുരുഗ്രാമിൽ നിന്ന് ഡൽഹി ഭാഗത്തേക്ക് പോവുകയായിരുന്ന ടാക്സി കാർ, എക്സ്പ്രസ് വേയിലെ ഓവർടേക്കിംഗ് ലൈനിലൂടെ പോവുകയായിരുന്ന ഇ-റിക്ഷയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ദൃക്സാക്ഷികളുടെ മൊഴി പ്രകാരം ഇടിയുടെ ആഘാതത്തിലാണ് അപകടം സംഭവിച്ചത്.

ഇ-റിക്ഷയിൽ കയറ്റിവച്ചിരുന്ന ഇരുമ്പ് കമ്പികൾ ഇടിയിൽ മുന്നോട്ട് തെറിച്ച് ടാക്സിയുടെ ക്യാബിന്റെ മുൻവശത്തെ ഗ്ലാസ് തകർത്തു. അതിലൊരു കമ്പി ഡ്രൈവറുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി. സംഭവസ്ഥലത്ത് വച്ച് തന്നെ ഡ്രൈവർ മരിച്ചു.അപകടത്തിൽ ക്യാബിലുണ്ടായിരുന്ന വനിതാ യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. തകർന്ന കാറിനുള്ളിൽ കുടുങ്ങിപ്പോയ യാത്രക്കാരിയെ ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പൊലീസും ചേർന്നാണ് രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അപകടത്തിൽപ്പെട്ട കാറിനുള്ളിൽ കുടുങ്ങിയ ഡ്രൈവറുടെ മൃതദേഹം പുറത്തെടുക്കാൻ പൊലീസും ഫയർഫോഴ്സും ഏറെ പണിപ്പെട്ടു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സംഭവത്തെക്കുറിച്ച് ഗുരുഗ്രാം ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. അമിതഭാരം കയറ്റിയ ഇ-റിക്ഷയുടെ പുറകിൽ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ദ്വാരക എക്സ്പ്രസ് വേയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി യാത്രക്കാർ പറഞ്ഞു. ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373080/gurugram-dwarka-expressway-accident-iron-rod-pierces-taxi-driver-killed)