---
title: "ക്ലാസ് മുറി അകത്തുനിന്ന് പൂട്ടി; ലക്നൗവിൽ നഴ്സറി വിദ്യാർഥിയായ അഞ്ചുവയസ്സുകാരന് സഹപാഠിയുടെ ക്രൂര മർദ്ദനം, മുഖത്ത് ഗുരുതര പരിക്ക്"
english_title: "5-Year-Old Nursery Student Brutally Beaten By Class Monitor In Lucknow School"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373079/lucknow-school-student-beaten-by-class-monitor-cctv"
published_at: "2026-07-18T06:23:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5ace99671bd_lucknow-school-student-beaten-by-class-monitor-cctv.jpg"
keywords: ["Lucknow News", "School Violence", "Class Monitor", "Student Assault", "CCTV"]
---

# ക്ലാസ് മുറി അകത്തുനിന്ന് പൂട്ടി; ലക്നൗവിൽ നഴ്സറി വിദ്യാർഥിയായ അഞ്ചുവയസ്സുകാരന് സഹപാഠിയുടെ ക്രൂര മർദ്ദനം, മുഖത്ത് ഗുരുതര പരിക്ക്

> **Lead Summary:** **ലക്നൗ: ** ഉത്തർപ്രദേശിലെ ലക്നൗവിൽ നഴ്സറി ക്ലാസിലെ അഞ്ചുവയസ്സുകാരന് സഹപാഠിയുടെ ക്രൂരമായ മർദ്ദനമേറ്റതായി പരാതി. ക്ലാസ്മുറിയിൽ വച്ച് ഏകദേശം 8 മിനിറ്റോളം കുട്ടിയെ മർദ്ദിച്ചതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ കുട്ടിയുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റു.വെള്ളിയാഴ്ചയാണ് സംഭവം.

## Article Content

**ലക്നൗ: ** ഉത്തർപ്രദേശിലെ ലക്നൗവിൽ നഴ്സറി ക്ലാസിലെ അഞ്ചുവയസ്സുകാരന് സഹപാഠിയുടെ ക്രൂരമായ മർദ്ദനമേറ്റതായി പരാതി. ക്ലാസ്മുറിയിൽ വച്ച് ഏകദേശം 8 മിനിറ്റോളം കുട്ടിയെ മർദ്ദിച്ചതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ കുട്ടിയുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റു.വെള്ളിയാഴ്ചയാണ് സംഭവം.

ക്ലാസ്മുറിയിലെ സിസിടിവി ദൃശ്യങ്ങളിലാണ് മുഴുവൻ സംഭവവും പതിഞ്ഞത്. സംഭവസമയത്ത് ക്ലാസിൽ 18 വിദ്യാർഥികൾ ഉണ്ടായിരുന്നു.കുട്ടികളോട് ഡെസ്കിൽ തലതാഴ്തി വയ്ക്കാൻ നിർദേശിച്ച ശേഷം അധ്യാപിക ക്ലാസിൽ നിന്ന് പുറത്തുപോയിരുന്നു. ഈ സമയത്ത് ക്ലാസ് മോണിറ്ററോട് മറ്റു കുട്ടികളെ ശ്രദ്ധിക്കാനും പറഞ്ഞിരുന്നു.

അധ്യാപിക പോയ ഉടൻ ഒരു കുട്ടി തല ഉയർത്തി. ഇതുകണ്ട് ക്ലാസ് മോണിറ്ററായ കുട്ടി അയാളുടെ അടുത്തെത്തി മർദിക്കാൻ തുടങ്ങി. തലയിൽ നിരവധി തവണ അടിക്കുകയും ബലമായി തല താഴ്താൻ ശ്രമിക്കുകയും ചെയ്തു. കരഞ്ഞുകൊണ്ട് കുട്ടി സീറ്റിൽ നിന്ന് എഴുന്നേറ്റു. എന്നാൽ സഹപാഠി വീണ്ടും എത്തി മർദിച്ചു.

ഒരു മിനിറ്റിന് ശേഷം മർദനമേറ്റ കുട്ടി എഴുന്നേറ്റ് വാതിലിനടുത്തേക്ക് ഓടി. എന്നാൽ ക്ലാസ് മോണിറ്റർ ഇത് തടഞ്ഞു. വാതിലിനടുത്തുനിന്ന് കുട്ടിയെ വലിച്ചുകൊണ്ടുവന്ന് സീറ്റിൽ ഇരുത്തി. പിന്നാലെ അകത്ത് നിന്ന് വാതിൽ പൂട്ടുകയും ചെയ്തു. സ്വന്തം സീറ്റിലെത്തിയ കുട്ടിയെ വീണ്ടും മർദിച്ചു.

ഈ സമയം മറ്റ് കുട്ടികൾ എല്ലാവരും തലതാഴ്ത്തി ഇരിക്കുകയായിരുന്നു.കുറച്ചുസമയത്തിന് ശേഷം അധ്യാപിക തിരിച്ചെത്തി വാതിലിൽ മുട്ടി. ക്ലാസ് മോണിറ്റർ വാതിൽ തുറന്നപ്പോൾ മർദനമേറ്റ കുട്ടി ഓടിവന്ന് കാര്യം പറഞ്ഞു. വീട്ടിലെത്തിയപ്പോൾ കുട്ടിയുടെ മുഖം വീർത്തതായി കണ്ട വീട്ടുകാർ സ്കൂളിലെത്തി വിവരം തിരക്കി.

തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ക്രൂരമായ മർദനം നടന്നതായി വ്യക്തമായത്. സംഭവത്തെ തുടർന്ന് ക്ലാസ് മോണിറ്ററായ കുട്ടിയെ സ്കൂളിൽ നിന്ന് പുറത്താക്കി. സംഭവത്തിൽ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373079/lucknow-school-student-beaten-by-class-monitor-cctv)