---
title: "എന്‍റെ മൃതദേഹത്തിലെങ്കിലും അയാൾ താലി ചാർത്തണം; പ്രണയ നൈരാശ്യത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ടെക്കിയുടെ മൃതദേഹവുമായി കാമുകന്‍റെ വീട്ടിലെത്തി ബന്ധുക്കൾ"
english_title: "Andhra Protest Over Software Engineer Keerthi's Suicide in Mumbai Due to Love Failure"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373072/andhra-protest-keerthi-suicide-mumbai-lover-house-ponduri"
published_at: "2026-07-17T23:09:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a69061f7ee_andhra-protest-keerthi-suicide-mumbai-lover-house-ponduri.jpg"
keywords: ["Andhra Pradesh", "Suicide", "Love Failure", "Keerthi", "Sai Sumant", "Mumbai Hostel", "Protest"]
---

# എന്‍റെ മൃതദേഹത്തിലെങ്കിലും അയാൾ താലി ചാർത്തണം; പ്രണയ നൈരാശ്യത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ടെക്കിയുടെ മൃതദേഹവുമായി കാമുകന്‍റെ വീട്ടിലെത്തി ബന്ധുക്കൾ

> **Lead Summary:** പ്രണയനൈരാശ്യത്തെ തുടർന്ന് മുംബൈയിലെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ സോഫ്റ്റ്‌വെയർ എൻജിനീയറുടെ മൃതദേഹവുമായി കാമുകന്റെ വീടിന് മുന്നിൽ ബന്ധുക്കൾ നടത്തിയ പ്രതിഷേധം ആന്ധ്രാപ്രദേശിൽ സംഘർഷത്തിന് വഴിവെച്ചു. പ്രകാശം ജില്ലയിലെ തങ്കുതൂർ മണ്ഡലത്തിലെ പോണ്ടൂരി ഗ്രാമത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

## Article Content

പ്രണയനൈരാശ്യത്തെ തുടർന്ന് മുംബൈയിലെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ സോഫ്റ്റ്‌വെയർ എൻജിനീയറുടെ മൃതദേഹവുമായി കാമുകന്റെ വീടിന് മുന്നിൽ ബന്ധുക്കൾ നടത്തിയ പ്രതിഷേധം ആന്ധ്രാപ്രദേശിൽ സംഘർഷത്തിന് വഴിവെച്ചു. പ്രകാശം ജില്ലയിലെ തങ്കുതൂർ മണ്ഡലത്തിലെ പോണ്ടൂരി ഗ്രാമത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

ഗുണ്ടൂർ സ്വദേശിനിയായ അടഗല്ല കീർത്തി (24) ആണ് മരിച്ചത്. സോഷ്യൽ മീഡിയ വഴിയാണ് കീർത്തിയും പോണ്ടൂരി സ്വദേശിയായ സായ് സുമന്തും തമ്മിൽ പരിചയം ഉണ്ടാകുന്നത്. ഏകദേശം എട്ട് വർഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

ഖത്തറിൽ ഹാർഡ്‌വെയർ എൻജിനീയറായി ജോലി ചെയ്യുകയാണ് സായ് സുമന്ത്.ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നതായും എന്നാൽ പിന്നീട് ചില തർക്കങ്ങളെ തുടർന്ന് സായ് വിവാഹത്തിൽ നിന്ന് പിന്മാറിയെന്നും കീർത്തിയുടെ ബന്ധുക്കൾ ആരോപിച്ചു.

ഇതിൽ കടുത്ത മനോവിഷമത്തിലായ കീർത്തി ജൂലൈ 14-ന് മുംബൈയിലെ താമസസ്ഥലമായ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു.മരണത്തിന് തൊട്ടുമുമ്പ് തന്റെ മൃതദേഹം കാമുകന്റെ നാടായ പോണ്ടൂരിൽ വെച്ച് സംസ്കരിക്കണമെന്നും മരണശേഷമെങ്കിലും സായ് തനിക്ക് താലി ചാർത്തണമെന്നും കീർത്തി ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ മുംബൈയിൽ നിന്ന് മൃതദേഹം നാട്ടിലെത്തിച്ച ശേഷം സായിയുടെ വസതിക്ക് മുന്നിൽ വെച്ചാണ് ബന്ധുക്കൾ പ്രതിഷേധം ആരംഭിച്ചത്.സംഭവസമയത്ത് സായ് സുമന്ത് ഖത്തറിൽ ആയതിനാൽ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇതോടെ സായിയുടെ വീട്ടുകാരുമായി കീർത്തിയുടെ ബന്ധുക്കൾ തമ്മിൽ വാക്കേറ്റവും തുടർന്ന് സംഘർഷാവസ്ഥയും ഉടലെടുത്തു.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇരുകൂട്ടരുമായും ചർച്ച നടത്തി. അവസാനം യുവതിയുടെ മൃതദേഹം കാമുകന്റെ നാട്ടിൽ തന്നെ സംസ്കരിക്കാൻ വീട്ടുകാർ സമ്മതിച്ചതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പോണ്ടൂരി ഗ്രാമത്തിലെ ശ്മശാനത്തിൽ വെച്ചാണ് കീർത്തിയുടെ സംസ്കാരം നടന്നത്.

ഈ സംഭവത്തിൽ മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ആന്ധ്രാ പോലീസ് അറിയിച്ചു. ആത്മഹത്യാക്കുറിപ്പോ മറ്റ് രേഖകളോ കണ്ടെത്തിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. പ്രണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373072/andhra-protest-keerthi-suicide-mumbai-lover-house-ponduri)