---
title: "ഉയർന്ന ലാഭവിഹിതം വാഗ്ദാനം, നിക്ഷേപകരിൽ നിന്നും തട്ടിയത് പത്ത്  ലക്ഷം: ടാൽറോപ്പ് ഡയറക്ടർ ബോർഡ് അംഗം പിടിയിൽ"
english_title: "Talrop Director Board Member Arrested in Pangode for Investment Fraud Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373071/talrop-director-arrested-pangode-investment-fraud-10-lakh"
published_at: "2026-07-17T23:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a68807ab60_talrop-director-arrested-pangode-investment-fraud-10-lakh.jpg"
keywords: ["Talrop", "Investment Fraud", "Kerala Police", "Kerala News", "Director Arrested", "KSFEC Chitty"]
---

# ഉയർന്ന ലാഭവിഹിതം വാഗ്ദാനം, നിക്ഷേപകരിൽ നിന്നും തട്ടിയത് പത്ത്  ലക്ഷം: ടാൽറോപ്പ് ഡയറക്ടർ ബോർഡ് അംഗം പിടിയിൽ

> **Lead Summary:** തിരുവനന്തപുരം: നിക്ഷേപകരിൽ നിന്ന് ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ കൊച്ചി ആസ്ഥാനമായുള്ള ടാൽറോപ്പ് കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗം പൊലീസ് പിടിയിൽ. പാങ്ങോട് സ്വദേശി യഹിയയെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

തിരുവനന്തപുരം: നിക്ഷേപകരിൽ നിന്ന് ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ കൊച്ചി ആസ്ഥാനമായുള്ള ടാൽറോപ്പ് കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗം പൊലീസ് പിടിയിൽ. പാങ്ങോട് സ്വദേശി യഹിയയെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചി ആസ്ഥാനമായുള്ള ടാൽറോപ്പ് കമ്പനിയുടെ കല്ലറ ഓഫിസിൽ വെച്ച് കല്ലറ സ്വദേശികളായ ഒരു ദമ്പതികളിൽ നിന്ന് 10 ലക്ഷം രൂപ ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് തട്ടിയെടുത്തു എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യഹിയയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

നൂറുകണക്കിന് ജീവനക്കാർക്ക് ശമ്പളം നൽകാതെ പിരിച്ചുവിട്ട ടാൽറോപ്പിന്റെ നടപടി നേരത്തെ തന്നെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിക്കെതിരെ നിക്ഷേപ തട്ടിപ്പ് ആരോപണങ്ങളും ഉയർന്നത്.നിരവധിപേർ നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടുകൊണ്ട് കല്ലറ, പെരിങ്ങമ്മല തുടങ്ങിയ സ്ഥലങ്ങളിലെ ടാൽറോപ്പ് ഓഫിസുകളിൽ എത്തിയെങ്കിലും എല്ലാ ഓഫിസുകളും അടഞ്ഞുകിടക്കുകയായിരുന്നുവെന്ന് നിക്ഷേപകർ പറയുന്നു.

2026 ഫെബ്രുവരി വരെയാണ് കമ്പനി നിക്ഷേപകർക്ക് ലാഭവിഹിതം നൽകിയത്. അതിന് ശേഷം പണമോ പലിശയോ നൽകാതെ കമ്പനി പ്രവർത്തനം നിർത്തി.നിക്ഷേപ തട്ടിപ്പിന് പുറമെ നിരവധി പേരെ കെഎസ്എഫ്ഇയുടെ വിവിധ ബ്രാഞ്ചുകളിലെ ചിട്ടികളിൽ ചേർത്തും യഹിയയും കൂട്ടാളികളും പണം തട്ടിയതായി ആരോപണമുണ്ട്.

ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് വിശ്വാസത്തിൽ എടുത്താണ് പലരിൽ നിന്നും ലക്ഷങ്ങൾ കൈപ്പറ്റിയതെന്ന് പൊലീസ് പറഞ്ഞു.സംഭവത്തിൽ കൂടുതൽ പരാതികൾ ലഭിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണം വിപുലമാക്കുമെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായ യഹിയയെ ശനിയാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കും.

കമ്പനിയുടെ മറ്റ് ഡയറക്ടർമാരെയും ജീവനക്കാരെയും കുറിച്ചും പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.ടാൽറോപ്പ് എന്ന സ്റ്റാർട്ടപ്പ് കമ്പനി നേരത്തെ സംസ്ഥാനത്ത് വലിയ പ്രചാരം നേടിയിരുന്നെങ്കിലും ജീവനക്കാരുടെ ശമ്പളം മുടങ്ങിയതോടെയാണ് കമ്പനി പ്രതിസന്ധിയിലായത്. ഇപ്പോൾ നിക്ഷേപ തട്ടിപ്പ് കൂടി പുറത്തുവന്നതോടെ നൂറുകണക്കിന് ആളുകൾക്ക് ലക്ഷങ്ങൾ നഷ്ടമായേക്കുമെന്ന ആശങ്കയുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373071/talrop-director-arrested-pangode-investment-fraud-10-lakh)