---
title: "ക്രിക്കറ്റ് ഇതിഹാസം സർ ഗാരി സോബേഴ്സ് അന്തരിച്ചു"
english_title: "Cricket Legend Sir Garry Sobers Dies at 89"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373067/cricket-legend-sir-garry-sobers-dies-at-89"
published_at: "2026-07-17T22:24:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a5e6369183_cricket-legend-sir-garry-sobers-dies-at-89.jpg"
keywords: ["Garry Sobers", "West Indies", "Cricket Legend", "Obituary", "All Rounder", "Test Cricket", "ICC"]
---

# ക്രിക്കറ്റ് ഇതിഹാസം സർ ഗാരി സോബേഴ്സ് അന്തരിച്ചു

> **Lead Summary:** ലണ്ടൻ: ലോകം കണ്ട മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളും വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസവുമായ സർ ഗാരി സോബേഴ്സ് അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം. ബാർബഡോസിലെ സ്വവസതിയിലായിരുന്നു അന്ത്യം.

## Article Content

ലണ്ടൻ: ലോകം കണ്ട മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളും വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസവുമായ സർ ഗാരി സോബേഴ്സ് അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം. ബാർബഡോസിലെ സ്വവസതിയിലായിരുന്നു അന്ത്യം.

മകൻ ഡാനിയേൽ സോബേഴ്സാണ് മരണവിവരം സ്ഥിരീകരിച്ചത്. സോബേഴ്സിന്റെ വിയോഗത്തോടെ ക്രിക്കറ്റിലെ സുവർണ യുഗത്തിന് അവസാനമാകുകയാണ്.1954-ൽ വെസ്റ്റ് ഇൻഡീസിനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സോബേഴ്സ്, 93 ടെസ്റ്റ് മത്സരങ്ങൾ കളിച്ചു.

ഇടംകൈയൻ ബാറ്ററായിരുന്ന അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ 8032 റൺസും 235 വിക്കറ്റുകളും സ്വന്തമാക്കി. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ഒരുപോലെ മികവ് പുലർത്തിയ അപൂർവ പ്രതിഭയായിരുന്നു സോബേഴ്സ്.1958-ൽ പാകിസ്ഥാനെതിരെ നേടിയ പുറത്താകാത്ത 365 റൺസ് ഏറെക്കാലം ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായിരുന്നു.

പിന്നീട് ഈ റെക്കോർഡ് ബ്രയാൻ ലാറ തകർത്തു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ചരിത്രത്തിൽ ആദ്യമായി ഒരേ ഓവറിലെ ആറ് പന്തുകളും സിക്സറിന് പറത്തിയ റെക്കോർഡും സോബേഴ്സിന്റെ പേരിലുണ്ട്.ക്രിക്കറ്റിന് നൽകിയ മികച്ച സംഭാവനകൾക്ക് 1975-ൽ ബ്രിട്ടീഷ് രാജ്ഞി അദ്ദേഹത്തിന് 'നൈറ്റ്ഹുഡ്' നൽകി ആദരിച്ചു.

ഇതോടെയാണ് 'സർ ഗാരി സോബേഴ്സ്' എന്ന പേരിൽ അദ്ദേഹം അറിയപ്പെട്ടുതുടങ്ങിയത്. സോബേഴ്സിന്റെ വിയോഗത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും ലോകത്തിലെ പ്രമുഖ ക്രിക്കറ്റ് താരങ്ങളും അനുശോചനം രേഖപ്പെടുത്തി. ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച പ്രതിഭകളിൽ ഒരാളായാണ് ക്രിക്കറ്റ് ലോകം അദ്ദേഹത്തെ ഓർക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373067/cricket-legend-sir-garry-sobers-dies-at-89)