---
title: "  മുങ്ങിമരണം ഉറപ്പിക്കുന്നു...! ഹൗസ് ബോട്ടിൽ നിന്നും സ്പാ ജീവനക്കാരി വീണ് മരിച്ച സംഭവം; ഹൗസ് ബോട്ടിൽ ഉണ്ടായിരുന്ന അഞ്ചു പേരെയും പൊലീസ് വെറുതെ വിട്ടു"
english_title: "Alappuzha Houseboat Death: 5 Tamil Nadu Men Released by Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373057/alappuzha-houseboat-death-woman-drowns-tamil-nadu-men-released"
published_at: "2026-07-17T21:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a576455dcd18_alappuzha-houseboat-accident-spa-worker-dies_1.jpg"
keywords: ["Alappuzha", "Houseboat Death", "Sharanya", "Lotus Spa", "Tamil Nadu", "Drowning"]
---

#   മുങ്ങിമരണം ഉറപ്പിക്കുന്നു...! ഹൗസ് ബോട്ടിൽ നിന്നും സ്പാ ജീവനക്കാരി വീണ് മരിച്ച സംഭവം; ഹൗസ് ബോട്ടിൽ ഉണ്ടായിരുന്ന അഞ്ചു പേരെയും പൊലീസ് വെറുതെ വിട്ടു

> **Lead Summary:** ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് സ്ത്രീ വെള്ളത്തിൽ വീണ് മരിച്ച സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ അഞ്ച് പേരെ പോലീസ് വിട്ടയച്ചു. ആലപ്പുഴ ബീച്ചിലെ ഇഎസ്ഐ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന 'ലോട്ടസ്' എന്ന സ്പായിലെ ജീവനക്കാരി ശരണ്യയാണ് മരിച്ചത്.

## Article Content

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് സ്ത്രീ വെള്ളത്തിൽ വീണ് മരിച്ച സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ അഞ്ച് പേരെ പോലീസ് വിട്ടയച്ചു. ആലപ്പുഴ ബീച്ചിലെ ഇഎസ്ഐ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന 'ലോട്ടസ്' എന്ന സ്പായിലെ ജീവനക്കാരി ശരണ്യയാണ് മരിച്ചത്.

മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ള സ്പായിലെ ജീവനക്കാരിയാണ് ശരണ്യ. തമിഴ്നാട് സ്വദേശിയായ ശരണ്യയ്ക്കൊപ്പം ആസാം സ്വദേശിയായ മറ്റൊരു യുവതിയെയും തമിഴ്നാട്ടിൽ നിന്നെത്തിയ അഞ്ച് യുവാക്കൾക്കൊപ്പം സ്പായിൽ നിന്ന് ഹൗസ് ബോട്ടിലേക്ക് കൊണ്ടുപോയിരുന്നു.

ഇക്കഴിഞ്ഞ 15-ന് പുലർച്ചയാണ് സംഭവം. രാത്രി മുഴുവൻ സംഘം ലഹരിയിൽ ആയിരുന്നതായി പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പുലർച്ചയോടെ ശരണ്യ ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീഴുകയായിരുന്നു. മൃതദേഹം പിന്നീട് കണ്ടെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം മുങ്ങിമരണമാണെന്ന് വ്യക്തമാക്കുന്നു.

എന്നാൽ ഹൗസ് ബോട്ടിൽ നിന്ന് എങ്ങനെയാണ് യുവതി വെള്ളത്തിൽ വീണതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താതെ ആലപ്പുഴ നോർത്ത് പോലീസ് തമിഴ്നാട് സ്വദേശികളായ അഞ്ച് പേരെയും വെറുതെ വിട്ടതായി ആരോപണം ഉയർന്നിട്ടുണ്ട്. ഇതിന് പിന്നിൽ സ്വാധീനമുണ്ടെന്നും സംശയം പ്രകടിപ്പിക്കുന്നു.

ശരണ്യയുടെ മൃതദേഹം ആലപ്പുഴയിൽ തന്നെ സംസ്കരിച്ചു. ഹൗസ് ബോട്ടിൽ ആഘോഷപരിപാടികൾ നടത്തരുതെന്ന ടൂറിസം വകുപ്പിന്റെയും ടൂറിസം പോലീസിന്റെയും കർശന നിർദേശങ്ങൾ നിലനിൽക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. സ്പായുടെ നടത്തിപ്പുകാരനായ ഡെബിൻ ജോസഫ് അവയവക്കടത്ത് കേസിലെ പ്രതിയാണെന്നും റിപ്പോർട്ടുകളുണ്ട്. കേസ് അന്വേഷിച്ച നോർത്ത് പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373057/alappuzha-houseboat-death-woman-drowns-tamil-nadu-men-released)