---
title: "പയ്യന്നൂരിൽ കുഞ്ഞിന്റെ മരണം; മുഖത്തെ മുറിവ് തുന്നാൻ അനസ്തീസിയ അനിവാര്യം, ആരോപണങ്ങൾക്ക് മറുപടിയുമായി പ്ലാസ്റ്റിക് സർജൻസ് അസോസിയേഷൻ"
english_title: "Payyanur Toddler Death Case: Plastic Surgeons Association Defends Anesthesia Protocol"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373053/payyanur-toddler-death-anesthesia-controversy-kpsa"
published_at: "2026-07-17T21:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51a393e1a5b_baby_death_kannur.jpg"
keywords: ["Payyanur", "Baby Memorial Hospital", "Anesthesia", "Kerala Plastic Surgeons Association", "Toddler Death"]
---

# പയ്യന്നൂരിൽ കുഞ്ഞിന്റെ മരണം; മുഖത്തെ മുറിവ് തുന്നാൻ അനസ്തീസിയ അനിവാര്യം, ആരോപണങ്ങൾക്ക് മറുപടിയുമായി പ്ലാസ്റ്റിക് സർജൻസ് അസോസിയേഷൻ

> **Lead Summary:** **തൃശൂർ : **പയ്യന്നൂരിൽ ചികിത്സയ്ക്കിടെ ഒന്നര വയസ്സുകാരൻ മരിച്ചത് അനസ്തീസിയ നൽകിയതിലെ പിഴവാണെന്ന ആരോപണത്തിൽ പ്രതികരണവുമായി കേരള പ്ലാസ്റ്റിക് സർജൻസ് അസോസിയേഷൻ. മുഖത്തെ ഗുരുതരമായ മുറിവുകൾ ചികിത്സിക്കുമ്പോൾ കുട്ടികൾ അനങ്ങാതെ കിടന്നാൽ ശസ്ത്രക്രിയ വിദഗ്ധന് കൃത്യതയോടെയും സുരക്ഷിതവുമായി ചികിത്സ നടത്താൻ കഴിയുമെന്നതിനാൽ ആണ് ജനറൽ അനസ്തീസിയ നൽകുന്നത്.

## Article Content

**തൃശൂർ : **പയ്യന്നൂരിൽ ചികിത്സയ്ക്കിടെ ഒന്നര വയസ്സുകാരൻ മരിച്ചത് അനസ്തീസിയ നൽകിയതിലെ പിഴവാണെന്ന ആരോപണത്തിൽ പ്രതികരണവുമായി കേരള പ്ലാസ്റ്റിക് സർജൻസ് അസോസിയേഷൻ. മുഖത്തെ ഗുരുതരമായ മുറിവുകൾ ചികിത്സിക്കുമ്പോൾ കുട്ടികൾ അനങ്ങാതെ കിടന്നാൽ ശസ്ത്രക്രിയ വിദഗ്ധന് കൃത്യതയോടെയും സുരക്ഷിതവുമായി ചികിത്സ നടത്താൻ കഴിയുമെന്നതിനാൽ ആണ് ജനറൽ അനസ്തീസിയ നൽകുന്നത്.

മുറിവിന്റെ ആഴവും വ്യാപ്തിയും കൃത്യമായി വിലയിരുത്താനും അഴുക്കുകളും കേടായ കോശങ്ങളും നീക്കം ചെയ്യാനും രക്തസ്രാവം നിയന്ത്രിക്കാനും കൃത്യതയോടെ തുന്നിചേർക്കാനും മുഖത്തിന്റെ രൂപഭംഗി സംരക്ഷിക്കുന്നതിനും പാടുകൾ പരമാവധി കുറയ്ക്കുന്നതിനും ഇതു സഹായിക്കും.

പയ്യന്നൂരിൽ ചികിത്സ നടത്തിയ സംഘം അംഗീകരിക്കപ്പെട്ട എല്ലാ ചികിത്സാ മാനദണ്ഡങ്ങളും പാലിച്ചതായാണ് മനസിലാക്കുന്നതെന്നു കെപിഎസ്എ പ്രസിഡന്റ് ഡോ.ഏബ്രഹാം തോമസും സെക്രട്ടറി ഡോ.നവീൻ ഐസക് ജോണും പറഞ്ഞു.

വീട്ടിൽ കളിക്കുന്നതിനിടെ വീണ് മുഖത്തു പരുക്കേറ്റു ഒന്നരവയസ്സുകാരൻ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മാതമംഗലം എരമം നടുവിലെക്കുനിയിലെ ടി.സൂരജ് – വിജിഷ ദമ്പതികൾക്ക് ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം ജനിച്ച ഏകമകനാണ് ദേവാൻഷ്.

പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സപ്പിഴവാണ് കുട്ടിയുടെ നില മോശമാക്കിയതെന്ന ബന്ധുക്കളുടെ പരാതിയിൽ ഡോ.അഞ്ജലി പൊതുവാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അനസ്തീസിയ നൽകിയതിലെ പിഴവാണു പ്രശ്നമായതെന്നാണ് ബന്ധുക്കളുടെ ആരോപണം.

ബോധംകെടുത്തി ശസ്ത്രക്രിയ നടത്തേണ്ട മുറിവ് ദേവാൻഷ് ശൗര്യയുടെ ശരീരത്തിലുണ്ടായിരുന്നില്ലെന്നും അനസ്തീസിയ നൽകി 10 മിനിറ്റിനുള്ളിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു വന്നതായും പരിയാരത്ത് നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കുട്ടിയുടെ ആന്തരികാവയവങ്ങൾ കോഴിക്കോട്ടെ ലാബിൽ പരിശോധിക്കും. തുടർന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടും ആശുപത്രിയിൽ നൽകിയ ചികിത്സയും മെഡിക്കൽ സംഘം പരിശോധിച്ച് റിപ്പോർട്ട് ആരോഗ്യ വകുപ്പിനു നൽകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373053/payyanur-toddler-death-anesthesia-controversy-kpsa)