---
title: "ഹാവൂ ആശ്വാസം..! ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ; രക്ഷിച്ച അഗ്നിരക്ഷാസേനയ്ക്ക് നന്ദി പറഞ്ഞ് എംപി"
english_title: "Shashi Tharoor MP Stuck in Hotel Lift in Thiruvananthapuram, Rescued by Fire Force"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373046/shashi-tharoor-stuck-lift-thiruvananthapuram-hotel-rescued"
published_at: "2026-07-17T20:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a44e3319bc_shashi-tharoor-stuck-lift-thiruvananthapuram-hotel-rescued.jpg"
keywords: ["Shashi Tharoor", "Thiruvananthapuram", "Hotel Lift", "Fire Force Rescue", "PMG Hotel", "Kerala News"]
---

# ഹാവൂ ആശ്വാസം..! ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ; രക്ഷിച്ച അഗ്നിരക്ഷാസേനയ്ക്ക് നന്ദി പറഞ്ഞ് എംപി

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം പിഎംജിയിലെ സ്വകാര്യ ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. പിഎംജിയിലെ 'പ്രശാന്ത്' ഹോട്ടലിലെ ആറാം നിലയിൽ വെച്ചാണ് സംഭവം.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം പിഎംജിയിലെ സ്വകാര്യ ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. പിഎംജിയിലെ 'പ്രശാന്ത്' ഹോട്ടലിലെ ആറാം നിലയിൽ വെച്ചാണ് സംഭവം.

വൈകുന്നേരം ആറുമണിക്ക് ഹോട്ടലിൽ നടക്കുന്ന ഒരു പരിപാടിയിൽ പങ്കെടുക്കാനാണ് ശശി തരൂർ എത്തിയത്. ലിഫ്റ്റിൽ ആറാം നിലയിൽ എത്തിയപ്പോഴാണ് പെട്ടെന്ന് ലിഫ്റ്റ് നിലച്ചത്. തരൂരിനൊപ്പം അദ്ദേഹത്തിന്റെ സംഘത്തിലെ ചിലരും ലിഫ്റ്റിനുള്ളിൽ ഉണ്ടായിരുന്നു.ലിഫ്റ്റിൽ കുടുങ്ങിയ വിവരം അറിഞ്ഞ ഉടൻ തന്നെ ഹോട്ടൽ അധികൃതരും ജീവനക്കാരും രക്ഷാപ്രവർത്തനത്തിനായി ശ്രമം നടത്തി.

എന്നാൽ അവർക്ക് ലിഫ്റ്റ് തുറക്കാൻ സാധിച്ചില്ല. തുടർന്ന് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചു. ഉടൻ തന്നെ ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി.ഏകദേശം 15 മിനിറ്റോളം ലിഫ്റ്റിനുള്ളിൽ കുടുങ്ങിക്കിടന്ന ശശി തരൂരിനെയും ഒപ്പമുണ്ടായിരുന്നവരെയും അഗ്നിരക്ഷാസേനാംഗങ്ങൾ ലിഫ്റ്റിന്റെ വാതിൽ അകത്തി സുരക്ഷിതമായി പുറത്തിറക്കി.

> രക്ഷപ്പെടുത്തിയ ശേഷം ശശി തരൂർ ഫയർഫോഴ്‌സിനോട് നന്ദിയും അഭിനന്ദനവും അറിയിച്ചു.പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച തരൂർ, "ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്. ആർക്കും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല" എന്ന് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം, "ആദ്യം ലിഫ്റ്റിലെ എമർജൻസി നമ്പറിൽ വിളിച്ചു.

> പിന്നീട് ഹോട്ടലിലെ ആളുകളെയും ബന്ധപ്പെട്ടു. അവർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അതിനുശേഷമാണ് ഫയർഫോഴ്‌സിനെ വിളിച്ചത്. അവർ വളരെ വേഗത്തിൽ എത്തി രക്ഷപ്പെടുത്തി" എന്ന് കൂട്ടിച്ചേർത്തു.അധികഭാരം മൂലമാണ് ലിഫ്റ്റ് പെട്ടെന്ന് നിന്നുപോയതെന്നാണ് പ്രാഥമിക വിവരം.

പരിപാടിക്ക് വൈകിയാണെങ്കിലും ശശി തരൂർ പിന്നീട് പരിപാടിയിൽ പങ്കെടുത്തു. ഫയർഫോഴ്‌സിന്റെ സമയോചിതമായ ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373046/shashi-tharoor-stuck-lift-thiruvananthapuram-hotel-rescued)