---
title: "നിശബ്ദമാകുന്ന യൗവനങ്ങളും തുറന്നുപറയാത്ത മനസ്സുകളും; എവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്?"
english_title: "Rising suicide rates and mental health crisis among youth in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373043/kerala-youth-mental-health-crisis-rising-suicide-rates-report"
published_at: "2026-07-17T20:13:00+05:30"
category: "Talks & Topics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a3fc342d93_kerala-youth-mental-health-crisis-rising-suicide-rates-report.jpg"
keywords: ["Kerala youth suicide rates", "Mental health crisis", "Social media depression", "Depression", "Gen Z mental stress", "Suicide Case", "Athira V"]
---

# നിശബ്ദമാകുന്ന യൗവനങ്ങളും തുറന്നുപറയാത്ത മനസ്സുകളും; എവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്?

> **Lead Summary:** > ** "എ**ന്താടോ ഒന്നു മിണ്ടാത്തത്?" എന്ന് നമ്മൾ ചോദിക്കുമ്പോൾ, "ഏയ്... ഒന്നുമില്ലല്ലോ, ചുമ്മാ..." എന്ന് പറഞ്ഞ് ഒരു കള്ളച്ചിരിയോടെ മുഖം തിരിക്കുന്ന ചിലരെ നമുക്ക് ചുറ്റും കാണാറില്ലേ? ചിലപ്പോൾ അത് നമ്മുടെ ഉറ്റ സുഹൃത്തുക്കളോ, കൂടെപ്പിറപ്പുകളോ, അത്രയേറെ അടുപ്പമുള്ള മറ്റാരെങ്കിലുമോ ആകാം. ആ ചിരിക്കപ്പുറം അവരുടെ ഉള്ളിലാണ് പലപ്പോഴും വലിയ കൊടുങ്കാറ്റുകൾ വീശുന്നത്.

## Article Content

> ** "എ**ന്താടോ ഒന്നു മിണ്ടാത്തത്?" എന്ന് നമ്മൾ ചോദിക്കുമ്പോൾ, "ഏയ്... ഒന്നുമില്ലല്ലോ, ചുമ്മാ..." എന്ന് പറഞ്ഞ് ഒരു കള്ളച്ചിരിയോടെ മുഖം തിരിക്കുന്ന ചിലരെ നമുക്ക് ചുറ്റും കാണാറില്ലേ? ചിലപ്പോൾ അത് നമ്മുടെ ഉറ്റ സുഹൃത്തുക്കളോ, കൂടെപ്പിറപ്പുകളോ, അത്രയേറെ അടുപ്പമുള്ള മറ്റാരെങ്കിലുമോ ആകാം. ആ ചിരിക്കപ്പുറം അവരുടെ ഉള്ളിലാണ് പലപ്പോഴും വലിയ കൊടുങ്കാറ്റുകൾ വീശുന്നത്.

ഇന്നത്തെ യൗവനത്തെ പുറത്തുനിന്ന് നോക്കിയാൽ എന്ത് രസമാണ്! സ്റ്റൈലിഷ് വസ്ത്രങ്ങൾ, കൈയിലൊരു സ്മാർട്ട്ഫോൺ, സോഷ്യൽ മീഡിയയിൽ ലൈക്കുകൾ വാരിക്കൂട്ടുന്ന റീൽസുകളും ഫോട്ടോകളും... എല്ലാം കൊണ്ടും കളർഫുൾ, അല്ലേ? പക്ഷേ, ഈ തിളങ്ങുന്ന സ്ക്രീനുകൾ ഓഫ് ചെയ്ത് കഴിഞ്ഞാൽ, ആരും കാണാതെ റൂമിലെ ലൈറ്റുമണച്ച് തലയിണയിൽ മുഖം പൂഴ്ത്തി കരയുന്ന ഒരു 'ഇരുണ്ട ലോകം' ഇവരിൽ പലർക്കുമുണ്ട്.

കടുത്ത മാനസിക സമ്മർദ്ദവും ഡിപ്രഷനും ഒടുവിൽ ആത്മഹത്യ എന്ന കടുംകൈയിലേക്കും നമ്മുടെ വരുംതലമുറയെ തള്ളിവിടുന്നത് എന്തുകൊണ്ടാണ്? ലക്സറി ജീവിതങ്ങൾക്കിടയിലും എവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്? ആരോഗ്യ രംഗത്ത് കേരളം ഒന്നാം സ്ഥാനത്താണെന്ന് നമ്മൾ അഭിമാനത്തോടെ മുറവിളി കൂട്ടുമ്പോഴും, മറുഭാഗത്ത് ഒരു കൂട്ടം യുവജനങ്ങൾ ജീവിതം പാതിവഴിയിൽ ഉപേക്ഷിക്കുകയാണ്. കോഴിക്കോട് ജില്ലയിൽ മാത്രം ഈ ജൂലൈ മാസത്തിൽ അമ്പതോളം പേരാണ് ആത്മഹത്യ ചെയ്തത് എന്നത് ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ്.

ഇതിൽ ഭൂരിഭാഗവും 40 വയസ്സിൽ താഴെ മാത്രം പ്രായമുള്ള, നാളെയുടെ പ്രതീക്ഷകളാകേണ്ട യുവതീയുവാക്കളായിരുന്നു എന്നറിയുമ്പോഴാണ് ഇതിന്റെ ഗൗരവം ഏറുന്നത്. 90 കളിലെ കുട്ടികൾ പുതുതലമുറയുടെ തലയാവുകയും പഴയ തലമുറയുടെ വാലാവുകയും ചെയ്യുന്ന ഒരു വിഭാഗമാണെന്ന് പലരും എഴുതിച്ചേർക്കാറുണ്ട്.

പക്ഷേ അതിൽ നിന്നൊക്കെ വിഭിന്നമാവുകയാണ് രണ്ടായിരത്തിനുശേഷം ജനിച്ചു വളരുന്ന കുട്ടികൾ. 80 കളും കടന്നു 90 കളും കടന്നു സാങ്കേതികവിദ്യകൾ ഏറ്റവും പുതിയ AI ടെക്നോളജിയിൽ വളരുമ്പോൾ എന്തുപറ്റി ഇന്നത്തെ കുട്ടികൾക്ക് എന്നുള്ളത് ഉത്തരം കിട്ടാത്ത ചോദ്യമായി ദുരൂഹമായി ഇന്നും തുടരുകയാണ്.

കാലിൽ ഒരു ഉറുമ്പ് കടിച്ചാൽ പോലും താങ്ങാൻ പറ്റാത്ത സ്ഥിതിയിലേക്ക് അവരുടെ മനോഭാവം മാറുന്നത് എന്തുകൊണ്ടാവാം? കൂട്ടുകുടുംബത്തിൽ നിന്ന് മാറി അണുകുടുംബത്തിലേക്കും ഒറ്റക്കുട്ടികൾ എന്ന സങ്കല്പത്തിലേക്കും കുടുംബശൈലി മാറിയതാണോ ഈ ശിഥിലീകരണത്തിന് കാരണമായിട്ടുണ്ടാവുക. വിലയിരുത്തേണ്ടത് സമൂഹം ആണ്.

വീട്ടിൽ വഴക്ക് പറഞ്ഞാൽ, അധ്യാപകർ ഒന്നു ചെറുതായി ശകാരിച്ചാൽ, പ്രണയം തകർന്നാൽ എല്ലാത്തിനും പ്രതിവിധി ആയി ഒരു തുണ്ട് തൂക്കുകയറിലേക്ക് ജീവൻ അവസാനിപ്പിക്കുന്ന ഒരു തലമുറയായി ഇന്നത്തെ യുവത്വം മാറുന്നത് എന്തുകൊണ്ടാണ്.

കലാലയങ്ങളിൽ കൗമാര ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവാണോ ഇതിനു പിന്നിൽ...? അതും അല്ലെങ്കിൽ കോവിഡ് കാലം നൽകിയ ഒറ്റപ്പെടലുകളും അമിത സ്മാർട്ട്ഫോൺ ഉപയോഗം സമ്മാനിച്ച സൈഡ് എഫക്ടുകളോ? പല കാരണങ്ങൾ ചൂണ്ടിക്കാട്ടാമെങ്കിലും ഏറ്റവും ഞെട്ടിപ്പിക്കുന്നത് കുടുംബബന്ധങ്ങൾക്ക് പോലും ഭാവി ഇല്ലാതാകുന്നു എന്നതാണ്.

പെണ്ണുകാണലോ ചായസൽക്കാരമോ ഇല്ലാതെ പുതുതലമുറയുടെ പുത്തൻ രീതികളിൽ പാർക്കുകളിൽ നിന്നും സിനിമ തീയേറ്ററുകളിൽ നിന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ദാമ്പത്യത്തിലേക്ക് നടന്ന എത്രയെത്ര വധൂവരന്മാരാണ് ഒരു മാസം പോലും പൂർത്തിയാക്കാതെ കുടുംബന്ധം തകരുന്ന തലത്തിലേക്ക് സമൂഹം മാറിക്കൊണ്ടിരിക്കുന്നത്.

കുടുംബപീഡനം ആരോപിച്ച് മാസങ്ങൾ പോലും പൂർത്തിയാകാതെ തൂക്കുകയറിൽ ജീവൻ ഒടുക്കിയ എത്ര പെൺകുട്ടികളെ നാം കണ്ടു. വിവാഹമോചനത്തിനായി കോടതികൾ കയറുന്ന മറ്റൊരു വിഭാഗം ദമ്പതികൾ. യഥാർത്ഥത്തിൽ അതിഥിയായെത്തിയ വീട്ടിലെ ജോലിക്കാരാണോ ഈ പെൺകുട്ടികൾ എന്നുള്ളതിനുള്ള ഉത്തരം ആവും ആദ്യം തേടേണ്ടത്?

അതുമല്ലെങ്കിൽ ഭർത്താവിനെയോ ഭർത്താവിന്റെ കുടുംബത്തെയോ നേരിടാൻ പറ്റാത്ത വിധം തളർന്നുപോയതാണോ അവരുടെ മനോധൈര്യം? വിവാഹം ഒന്നിന്റെയും അന്ത്യമല്ലെന്ന പൊതുബോധമാണ് ആദ്യം ഉണ്ടാവേണ്ടത്. ബിരുദ കലാലയ കാലയളവിൽ ഡി.ജെ നൈറ്റിനും ഗാനമേളകൾക്കും മുന്നിൽ നിന്ന് ആർത്തിരമ്പുന്ന പെൺകുട്ടികളാണ് ഒരു നാളിലെ ഭർതൃവീട്ടിലെ പ്രതിഷേധത്തെ പോലും എതിരിടാൻ പറ്റാതെ ജീവനൊടുക്കേണ്ടി വരുന്നത് എന്നതാണ് ഏറ്റവും സങ്കടകരം.

പ്രതികരിക്കേണ്ട സ്ഥലങ്ങളിൽ പ്രതികരിച്ച് കൃത്യമായി തീരുമാനമെടുക്കേണ്ട സ്ഥലങ്ങളിൽ തീരുമാനമെടുക്കാനും ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് സാധിക്കുന്നില്ലേ എന്ന് നമ്മൾ പരിശോധിക്കേണ്ടിയിരിക്കുന്നു. Gen Z എന്ന് വിളിക്കുന്ന തലമുറയുടെ പോക്ക് എങ്ങോട്ട് എന്ന് കണ്ടറിയേണ്ടി വരും.

ബാഹ്യമായി കാണുന്ന ആഡംബരങ്ങൾക്കും ഡിജിറ്റൽ ലോകത്തെ ആർഭാടങ്ങൾക്കും അപ്പുറം, ഇന്നത്തെ യുവതലമുറ കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം യുവാക്കളുടെ മരണത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ആത്മഹത്യയാണ്.

ഒന്ന് മനസ് തുറന്ന് സംസാരിക്കാനോ, ഉള്ളിലെ ചെറിയ ചെറിയ വിഷമങ്ങൾ പങ്കുവെക്കാനോ വിശ്വസ്തനായ ഒരാളെങ്കിലും കൂടെ ഇല്ലെങ്കിൽ പാടെ തളർന്നുപോകുന്ന മാനസികാവസ്ഥയിലാണ് ഇന്നത്തെ ചെറുപ്പക്കാർ. ഇന്നത്തെ സോഷ്യൽ മീഡിയ ലോകം യുവാക്കളിൽ ഉണ്ടാക്കുന്ന 'താരതമ്യപ്പെടുത്തലുകൾ' (Social Comparison) ചെറുതല്ല. മറ്റുള്ളവരുടെ സന്തോഷവും ആഘോഷങ്ങളും മാത്രം നിറഞ്ഞ പോസ്റ്റുകൾ കാണുമ്പോൾ, സ്വന്തം ജീവിതം പരാജയമാണെന്ന ചിന്ത പലരിലും ഉടലെടുക്കുന്നു.

റീൽസ് ലോകത്തെ ഈ താൽക്കാലിക സന്തോഷങ്ങൾക്കപ്പുറം വരുംതലമുറ കടുത്ത ഡിപ്രഷനിലേക്കാണ് വീണുപോകുന്നത്. ഈ അടുത്ത കാലത്തായി കേരളത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വല്ലാതെ കൂടുകയാണ്. കാതലായ പ്രശ്നങ്ങളോ പ്രതിസന്ധികളോ ഇല്ലാതെ, പെട്ടെന്നുണ്ടാകുന്ന ചെറിയൊരു സങ്കടത്തിന്റെയോ നിരാശയുടെയോ പേരിൽ ജീവിതം ഒരു കയറിന്റെ അറ്റത്തോ വെള്ളത്തിന്റെ ഒഴുക്കിലോ അവസാനിപ്പിക്കാൻ ഇവർ മടിക്കുന്നില്ല.

സമൂഹത്തിന്റെ ക്രൂരമായ വിചാരണകൾ എങ്ങനെയാണ് ഒരു പിഞ്ചുമനസ്സിനെ തകർക്കുന്നത് എന്നതിന്റെ നേർസാക്ഷ്യമാണ് വടകര ചോമ്പാലയിലെ പതിനേഴുകാരന്റെ മരണം. ലഹരി ഉപയോഗിച്ചെന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ ചേർന്ന് നടത്തിയ ആൾക്കൂട്ട മർദനത്തിലും പരസ്യമായ വിചാരണയിലും മനംനൊന്താണ് ആ കൗമാരക്കാരൻ ജീവിതം അവസാനിപ്പിച്ചത്.

മരണത്തിന് തലേദിവസം തന്നെ ഒരു സംഘം ആളുകൾ മർദിച്ചതായും ശരീരമാസകലം വേദനയുണ്ടെന്നും അവൻ അമ്മയോടും സഹോദരനോടും പറഞ്ഞിരുന്നു. പക്ഷേ, ആ മനസ്സ് അനുഭവിച്ച അപമാനത്തിന്റെ ആഴം ആരും തിരിച്ചറിഞ്ഞില്ല. ജനക്കൂട്ടത്തിന് നടുവിലും ചില മനുഷ്യർ അനുഭവിക്കുന്ന ഭീകരമായൊരു ഏകാന്തതയുണ്ട്. ചുറ്റും പ്രിയപ്പെട്ടവരുടെ ബഹളങ്ങളും കൂട്ടിന് കുടുംബവും സഹോദരങ്ങളും ഉണ്ടായിട്ടും, ഉള്ളിന്റെയുള്ളിൽ കടുത്ത ഒറ്റപ്പെടലിന്റെ തടവുകാരായിപ്പോകുന്ന മനുഷ്യരുമുണ്ട് നമുക്കിടയിൽ.

ആരും കാണാതെ പോയ അത്തരം ഒരു ഏകാന്തതയുടെ ഒടുവിലത്തെ ഇരയായിരുന്നു ചെക്യാട്ടെ ആ 51-കാരൻ. ഏകാംഗ സ്വന്തം ജീവിതം അത്രമേൽ മടുത്തു തുടങ്ങിയപ്പോഴാണ് അയാൾ ആ വീടിന്റെ വരാന്തയിൽ ഒരു മുഴം കയറിൽ അഭയം തേടിയത്.

മരണശേഷം തന്റെ മൃതദേഹം ആരും കാണാതെ പോകരുതെന്ന് കരുതിയാവാം, വീടിന്റെ മുൻവശത്തെ വരാന്തയിലെ കഴുക്കോലിൽ കിടക്കവിരി ഉപയോഗിച്ചാണ് അയാൾ തൂങ്ങിമരിച്ചത്. തന്റെ മരണം അയാൾ നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ചത് പോലെയായിരുന്നു; കാരണം, കാടുമൂടിക്കിടന്ന തന്റെ ആ വീട് മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ അയാൾ വൃത്തിയാക്കിയിട്ടിരുന്നു.

വളയത്തെ 43-കാരന്റെ മരണം മറ്റൊരു തരത്തിലാണ് നാടിനെ ഞെട്ടിച്ചത്. കളിക്കാനാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും സ്കൂട്ടറിൽ ഇറങ്ങിയ യുവാവാണ് വിഷ്ണുമംഗലം പുഴയിലെ ബണ്ടിൽ നിറഞ്ഞൊഴുകിയ വെള്ളത്തിൽ സ്വന്തം ജീവിതം ഹോമിച്ചത്.

സാമ്പത്തികപ്രശ്നങ്ങളോ യാതൊരുവിധ കുടുംബപ്രശ്നങ്ങളോ ഇല്ലാത്ത ആ യുവാവിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നിൽ പ്രിയപ്പെട്ടവരുടെ വേർപാട് ഉണ്ടാക്കിയ കടുത്ത മാനസിക ആഘാതമായിരുന്നു. തന്റെ മറ്റൊരു സഹോദരൻ അതേ പുഴയിലെ ഒഴുക്കിൽ ജീവൻ അവസാനിപ്പിച്ചതിന്റെ വിയോഗം ഈ യുവാവിനെ അത്രമേൽ വേട്ടയാടിയിരുന്നു.

> "ഇടയ്ക്കിടെ അവന്റെ അടുത്തേക്ക് ഞാൻ പോകുമെന്ന്" അയാൾ പറയാറുണ്ടായിരുന്നെങ്കിലും ആരും അത് അത്ര ഗൗരവത്തോടെ എടുത്തിരുന്നില്ല. എന്നാൽ, ആ വാക്കുകൾ വെറുമൊരു തമാശയല്ലായിരുന്നെന്ന് ഒടുവിൽ ആവർത്തിച്ച ആ ദുരന്തവും നമ്മെ ബോധ്യപ്പെടുത്തി.

ബന്ധങ്ങൾ കുറയുന്നതും ഒറ്റപ്പെട്ടുപോകുന്നതും മാത്രമല്ല, ചില ബന്ധങ്ങൾക്കുള്ളിലെ തീവ്രമായ ആത്മബന്ധങ്ങൾ പോലും മനുഷ്യരെ മരണത്തിലേക്ക് നയിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് പേരാമ്പ്രയിലെ ആ ഒമ്പതാം ക്ലാസുകാരിയുടെ വിയോഗം. ഓർമവച്ച കാലം മുതൽ പിച്ചവച്ചുനടന്നപ്പോൾ താങ്ങായും തണലായും കൂടെനിന്ന ഉപ്പാപ്പയുടെ മരണം ആ പതിനാലുകാരിയുടെ മനസ്സിലുണ്ടാക്കിയ ആഘാതം അത്രമേൽ വലുതായിരുന്നു.

തനിക്ക് ഏറെ പ്രിയപ്പെട്ട ഉപ്പൂപ്പ ഇനി ഇല്ലെന്ന ചിന്തയും കടുത്ത ശൂന്യതയും ആ പിഞ്ചുമനസ്സിനെ ശ്വാസംമുട്ടിച്ചപ്പോൾ, ആ വേദനയുമായി മുന്നോട്ട് പോകാൻ അവൾ ആഗ്രഹിച്ചില്ല. ഒടുവിൽ ആ സ്നേഹബന്ധത്തിന്റെ ആഴങ്ങളിലേക്ക് അവളും ഒരു മരണത്തെ തിരഞ്ഞെടുത്തു.

നമുക്കോ ഉറ്റവർക്കോ ഒരു ചെറുപനിയുണ്ടായാൽ പോലും ഓടുന്ന നമ്മൾ മാനസികമായി ഒരു പ്രയാസം ഉണ്ടായാൽ എന്തുകൊണ്ട് ചികിത്സ തേടുന്നില്ല? മനസ്സിനെ ബാധിക്കുന്ന ഒരു രോഗമാണ് ഡിപ്രഷനെന്നും, കൃത്യമായ സമയത്ത് കൗൺസിലിംഗോ ചികിത്സയോ നൽകിയാൽ മാറ്റിയെടുക്കാവുന്നതേയുള്ളൂ എന്നുമുള്ള തിരിച്ചറിവാണ് ഇനി നമുക്ക് ഉണ്ടാകേണ്ടത്.

ഇനി ഒരു യൗവനവും നിശബ്ദമായി ഒരു മുഴം കയറിലോ പുഴയുടെ ഒഴുക്കിലോ വിഷം രുചിച്ചോ അവസാനിക്കാതിരിക്കട്ടെ. അവർക്ക് വേണ്ടത് നമ്മുടെ ആഡംബരങ്ങളല്ല, മറിച്ച് ഉള്ളൊന്ന് തുറക്കാൻ കേൾക്കാൻ തയ്യാറുള്ള ഒരു മനസ്സും ചേർത്തുപിടിക്കലുമാണ്.

ഒരു നിമിഷം കാതോർക്കാം, കൂടെയുണ്ടെന്ന് ഉറപ്പുനൽകാം; കാരണം, ഒരൊറ്റ തുറന്നുപറച്ചിലിലൂടെ നമുക്ക് കാത്തുരക്ഷിക്കാനാകുന്നത് ചില വിലപ്പെട്ട ജീവിതങ്ങളായിരിക്കാം!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373043/kerala-youth-mental-health-crisis-rising-suicide-rates-report)