---
title: "മേലുദ്യോഗസ്ഥരുടെ മാനസികപീഡനം, ജീവനൊടുക്കുന്നുവെന്ന് വാട്സ്ആപ്പ് സ്റ്റാറ്റസ്; കാർ പുഴയിലേക്ക് വീണ് അധ്യാപകനും മക്കളും മരിച്ചു"
english_title: "Maharashtra Teacher Sunil More Dies by Suicide with 2 Children in Godavari River"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373033/maharashtra-teacher-sunil-more-suicide-godavari-river-nanded"
published_at: "2026-07-17T19:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a03249db9ef6_drowned.jpg"
keywords: ["Sunil More", "Godavari River", "Maharashtra News", "Teacher Suicide", "Child Death", "Car Accident"]
---

# മേലുദ്യോഗസ്ഥരുടെ മാനസികപീഡനം, ജീവനൊടുക്കുന്നുവെന്ന് വാട്സ്ആപ്പ് സ്റ്റാറ്റസ്; കാർ പുഴയിലേക്ക് വീണ് അധ്യാപകനും മക്കളും മരിച്ചു

> **Lead Summary:** ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിലെ നന്ദേഡിൽ ദാരുണ സംഭവം. അധ്യാപകനും രണ്ട് കുഞ്ഞു മക്കളും സഞ്ചരിച്ച കാർ ഗോദാവരി പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേരും മരിച്ചു. ഹിമായത് നഗറിലെ പോട്ട ബദ്‌റക് ജില്ലാ പരിഷത്ത് സ്കൂളിലെ അധ്യാപകനായ സുനിൽ മോറെ , മകൾ സാറ , മകൻ സുമിത് എന്നിവരാണ് മരണപ്പെട്ടത്.

## Article Content

ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിലെ നന്ദേഡിൽ ദാരുണ സംഭവം. അധ്യാപകനും രണ്ട് കുഞ്ഞു മക്കളും സഞ്ചരിച്ച കാർ ഗോദാവരി പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേരും മരിച്ചു. ഹിമായത് നഗറിലെ പോട്ട ബദ്‌റക് ജില്ലാ പരിഷത്ത് സ്കൂളിലെ അധ്യാപകനായ സുനിൽ മോറെ , മകൾ സാറ , മകൻ സുമിത് എന്നിവരാണ് മരണപ്പെട്ടത്.

വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് അംദുര-പുനെഗാവ് റോഡിലെ പാലത്തിൽ അപകടമുണ്ടായത്. സുനിൽ ഓടിച്ചിരുന്ന കാർ ഗോദാവരി പുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെ സൈഡ് മെറ്റൽ റെയിലിംഗുകൾ തകർത്താണ് പുഴയിലേക്ക് പതിച്ചത്. അപകടസമയത്ത് സുനിലിന്റെ ഭാര്യ വീട്ടിലായിരുന്നു.

സംഭവത്തിൽ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇത് ആത്മഹത്യയാണെന്നാണ് സംശയം. തന്റെ മേലുദ്യോഗസ്ഥരിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിടുന്നുണ്ടെന്നും അതിനാൽ മക്കളോടൊപ്പം ജീവിതം അവസാനിപ്പിക്കുകയാണെന്നും സുനിൽ അപകടത്തിന് തൊട്ടുമുൻപ് വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെ കുറിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി മൂന്ന് മണിക്കൂറോളം നീണ്ട തിരച്ചിൽ നടത്തി. പുഴയിൽ നിന്ന് കാറും അതിനുള്ളിൽ സുനിലിന്റെയും മക്കളുടെയും മൃതദേഹങ്ങളും കണ്ടെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി നന്ദേഡിലെ ആശുപത്രിയിലേക്ക് മാറ്റി.

സുനിൽ തന്റെ സ്റ്റാറ്റസിൽ ഉന്നയിച്ച പീഡന ആരോപണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് നന്ദേഡ് പൊലീസ് അറിയിച്ചു. ബന്ധപ്പെട്ട സ്കൂളിലെ ഉദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും മൊഴികൾ രേഖപ്പെടുത്തും. ജില്ലാ വിദ്യാഭ്യാസ വകുപ്പും സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്.

കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ചും അധികൃതർ ആലോചിക്കുന്നുണ്ട്. മക്കളോടൊപ്പം ജീവനൊടുക്കിയ അധ്യാപകന്റെ മരണം പ്രദേശത്ത് വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.  

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373033/maharashtra-teacher-sunil-more-suicide-godavari-river-nanded)