---
title: " 'വിയോജിപ്പ് രേഖപ്പെടുത്തിയ ഒരു വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതാവിനെ ‌മുഖ്യമന്ത്രി അപമാനിക്കുന്നത് മര്യാദകേട്'; ഫേസ്ബുക്ക് കുറിപ്പുമായി ശിവപ്രസാദ് "
english_title: "SFI President Slams CM Vijayan For Ignoring KSU Leader Aloysius Xavier"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373028/sfi-criticises-cm-vijayan-ignoring-ksu-aloysius-xavier"
published_at: "2026-07-17T18:44:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a2bd0f0c48_sfi-criticises-cm-vijayan-ignoring-ksu-aloysius-xavier.jpg"
keywords: ["Aloysius Xavier", "KSU", "SFI", "M Sivaprasad", "Kerala CM", "Kerala Politics"]
---

#  'വിയോജിപ്പ് രേഖപ്പെടുത്തിയ ഒരു വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതാവിനെ ‌മുഖ്യമന്ത്രി അപമാനിക്കുന്നത് മര്യാദകേട്'; ഫേസ്ബുക്ക് കുറിപ്പുമായി ശിവപ്രസാദ് 

> **Lead Summary:** കൊച്ചി: കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനെ അവഗണിച്ച മുഖ്യമന്ത്രി വി ഡി സതീശനെതിരെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്.

## Article Content

കൊച്ചി: കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനെ അവഗണിച്ച മുഖ്യമന്ത്രി വി ഡി സതീശനെതിരെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്.

വിയോജിപ്പ് രേഖപ്പെടുത്തി എന്ന ഒറ്റ കാരണത്താല്‍ കേരളത്തിലെ ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവിനെ പൊതുവേദിയില്‍ മുഖം നല്‍കാതെയും ഉയര്‍ത്തിയ വിഷയം ചര്‍ച്ച ചെയ്യാന്‍ സമയം നല്‍കാതെയും കേരളത്തിന്റെ മുഖ്യമന്ത്രി അപമാനിക്കുന്നത് മര്യാദകേടാണെന്ന് ശിവപ്രസാദ് ഫേസ്ബുക്കില്‍ കുറിച്ചു. രാഷ്ട്രീയ വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ഇത് പറയുന്നതെന്നും ശിവപ്രസാദ് കൂട്ടിച്ചേര്‍ത്തു.

**ശിവപ്രസാദിന്റെ ഫേസ്ബുക്ക് കുറിപ്പ്**

രാഷ്ട്രീയ വിയോജിപ്പുകള്‍ നിലനിര്‍ത്തി തന്നെ പറയട്ടെ കേരളത്തിലെ ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവിന് വിയോജിപ്പ് രേഖപ്പെടുത്തി എന്ന ഒറ്റ കാരണത്താല്‍ പൊതുവേദിയില്‍ മുഖം നല്‍കാതെയും ഉയര്‍ത്തിയ വിഷയം ചര്‍ച്ച ചെയ്യാന്‍ സമയം നല്‍കാതെയും കേരളത്തിന്റെ മുഖ്യമന്ത്രി അപമാനിക്കുന്നത് മര്യാദകേടാണ്! മാധ്യമങ്ങളെ, ഇനി നമ്മുക്ക് ധാര്‍ഷ്ട്യത്തെ പറ്റി ക്ലാസ്സെടുക്കാം!

മുഖ്യമന്ത്രി-കെഎസ്‍യു തർക്കം നിലനിൽക്കുന്നതിനിടെയാണ് വി ഡി സതീശനും കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറും ഒരേ ചടങ്ങിൽ എത്തിയത്. വേദിയിൽ സംസാരിച്ചതിന് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി അലോഷ്യസ് സേവ്യറെ അവഗണിച്ച് മടങ്ങുകയായിരുന്നു. തേവര കോളേജിലെ പരിപാടി കഴിഞ്ഞിറങ്ങവെ മുഖ്യമന്ത്രിയെ കാണാനായി നിന്നവരില്‍ അലോഷ്യസും ഉണ്ടായിരുന്നു. എന്നാല്‍ അവിടെ ഉണ്ടായിരുന്ന ചിലരുമായി സംസാരിച്ച വി ഡി സതീശന്‍ അലോഷ്യസിന് മുഖം കൊടുത്തതേയില്ല.

പിന്നാലെ വി ഡി സതീശനെതിരെ തുറന്നടിച്ച് അലോഷ്യസ് സേവ്യര്‍ രംഗത്തെത്തി. കെഎസ്‌യുവിന്റെ ചോരയും നീരുമാണ് യുഡിഎഫ് സര്‍ക്കാരെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. വീഴ്ച ചൂണ്ടിക്കാട്ടിയത് തെറ്റെങ്കില്‍ ആ തെറ്റ് ആവര്‍ത്തിക്കുമെന്നും അലോഷ്യസ് കൂട്ടിച്ചേർത്തു. കെഎസ്‌യു തട്ടകമായ തേവര എസ് എച്ച് കോളേജില്‍ നടന്ന ഹെല്‍ത്ത് സമ്മിറ്റിനിടെ അലോഷ്യസ് സേവ്യറിനെ അവഗണിച്ച് മടങ്ങുകയായിരുന്നു മുഖ്യമന്ത്രി. പിന്നാലെയായിരുന്നു പ്രതികരണം.

സമുന്നതരെ കാണുമ്പോള്‍ ചിരിക്കുകയെന്നതാണ് താന്‍ പഠിച്ച രാഷ്ട്രീയം. കെഎസ്‌യുക്കാരുടെ ചോരയും നീരുമാണ് ഈ സര്‍ക്കാര്‍. തെറ്റ് ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. അത് മാത്രമാണ് താന്‍ ചെയ്ത തെറ്റ്. അങ്ങനെയെങ്കിൽ ആ തെറ്റ് തുടരുമെന്നും അലോഷ്യസ് കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയെ കാണാന്‍ പറ്റാത്തത് തെറ്റായി കാണുന്നില്ല. ഇനിയും കാണാന്‍ ശ്രമിക്കുമെന്നും അലോഷ്യസ് പറഞ്ഞു.

'എന്റെ കൂടി മുഖ്യമന്ത്രിയാണ്. സ്വതന്ത്ര നിലപാട് ഉള്ള സംഘടനയാണ് കെഎസ്‌യു. ഗവണ്‍മെന്റ് പ്ലീഡര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയോട് ആശങ്കകള്‍ പറയും. മുഖ്യമന്ത്രി തിരിച്ചു ചിരിക്കാത്തതിന് മറുപടിയില്ല. ഞാന്‍ പഠിച്ച രാഷ്ട്രീയം ചിരിക്കുക എന്നതാണ്. കെഎസ്‌യുവിന്റെ സങ്കടം കേള്‍ക്കാന്‍ തയാറെന്ന് പാര്‍ട്ടി നേതൃത്വം പറഞ്ഞു. വിഷമം ഉണ്ട്, ഞാനും മജ്ജയും മാംസവുമുള്ള മനുഷ്യനല്ലേ. സംഘടനാബോധത്തില്‍ നിന്നുള്ള കാര്യങ്ങള്‍ ആണ് ചൂണ്ടിക്കാട്ടിയത്', അലോഷ്യസ് കൂട്ടിച്ചേർത്തു.

നിയമന വിവാദത്തില്‍ കെഎസ്‍യു നേതൃത്വത്തെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിയെ എതിര്‍ത്തും അനുകൂലിച്ചും കോണ്‍ഗ്രസില്‍ പോര് തുടരുകയാണ്. കെഎസ്‍യു നേതൃത്വത്തെ അധിക്ഷേപിച്ചതില്‍ മുഖ്യമന്ത്രി തിരുത്തണമെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ഉയരുന്നുണ്ട്. സമരം ചെയ്തും ജയിലില്‍ കിടന്നും പോരാടിയ ഒരു നേതാവിനും കെഎസ്‍യുവിന് എതിരെ പറയാന്‍ കഴിയില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് തുറന്നടിച്ചു. ജനങ്ങള്‍ വലിയ പ്രതീക്ഷയോടെ തെരഞ്ഞെടുത്ത സര്‍ക്കാരാണെന്ന് ഓര്‍ക്കണമെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ മുന്നറിയിപ്പ്. അതേസമയം വി ഡി സതീശന് പിന്തുണയുമായി മന്ത്രി എം ലിജുവും കെ പി നൗഷാദ് അലി എംഎല്‍ എയും രംഗത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373028/sfi-criticises-cm-vijayan-ignoring-ksu-aloysius-xavier)