---
title: " അവസാനം കണ്ടത് റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ....ദേശീയ ഷൂട്ടിങ് താരമായ 15-കാരിയെ കാണാതായതായി പരാതി; വ്യാപക തിരച്ചിൽ "
english_title: "15-Year-Old National Shooter Damayanti Sen Missing in Kolkata, Police Launch Search"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373025/kolkata-national-shooter-damayanti-sen-missing-police-search"
published_at: "2026-07-17T18:28:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a275b9ce52_kolkata-national-shooter-damayanti-sen-missing-police-search.jpg"
keywords: ["Damayanti Sen", "Kolkata Missing Girl", "National Shooter", "West Bengal Police", "Indian Shooting"]
---

#  അവസാനം കണ്ടത് റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ....ദേശീയ ഷൂട്ടിങ് താരമായ 15-കാരിയെ കാണാതായതായി പരാതി; വ്യാപക തിരച്ചിൽ 

> **Lead Summary:** കൊൽക്കത്ത: ദുരൂഹസാഹചര്യത്തിൽ കാണാതായ 15 വയസ്സുകാരിയായ ദേശീയ ഷൂട്ടിങ് താരത്തിനായി ബംഗാൾ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. സെൻട്രൽ ഹൗറ സ്വദേശിനിയായ ദമയന്തി സെന്നിനെയാണ് കാണാതായത്.

## Article Content

കൊൽക്കത്ത: ദുരൂഹസാഹചര്യത്തിൽ കാണാതായ 15 വയസ്സുകാരിയായ ദേശീയ ഷൂട്ടിങ് താരത്തിനായി ബംഗാൾ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. സെൻട്രൽ ഹൗറ സ്വദേശിനിയായ ദമയന്തി സെന്നിനെയാണ് കാണാതായത്.

വ്യാഴ്ച വൈകിട്ട് വീട്ടിനടുത്തുള്ള കടയിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങാനായി ഇറങ്ങിയതായിരുന്നു ദമയന്തി. എന്നാൽ ഏറെനേരം കഴിഞ്ഞിട്ടും പെൺകുട്ടി തിരികെ എത്തിയില്ല. തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും പരിചയക്കാരുടെ വീടുകളിൽ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ കുടുംബം ഹൗറ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പരാതി ലഭിച്ച ഉടൻ തന്നെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും പൊലീസ് പരിശോധന ആരംഭിച്ചു. ഇതിനിടെയാണ് ഹൗറ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ ദമയന്തിയെ കണ്ടെത്തിയത്. സ്റ്റേഷനിലെ നാല്, അഞ്ച് പ്ലാറ്റ്ഫോമുകളിലൂടെ പെൺകുട്ടി നടന്നുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. എന്നാൽ അതിനുശേഷം അവർ എങ്ങോട്ട് പോയെന്നതിൽ വ്യക്തതയില്ല.

കാണാതാകുമ്പോൾ ദമയന്തിയുടെ കൈയിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു.ദേശീയ ഷൂട്ടിങ് ടീമിന്റെ ട്രയൽസിലേക്ക് അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട താരമാണ് ദമയന്തി. അതിനുശേഷം അതീവ ചിട്ടയോടെയുള്ള പരിശീലനമാണ് പെൺകുട്ടി നടത്തിവന്നിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.

ദിവസവും അതിരാവിലെ എഴുന്നേറ്റ് പരിശീലനത്തിന് പോകുന്നതായിരുന്നു പതിവ്. വീട്ടിൽ കുട്ടിയുമായി യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ വ്യക്തമാക്കി.ദമയന്തിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്ന് അമ്മ സാമൂഹികമാധ്യമങ്ങളിലൂടെ അഭ്യർഥിച്ചു.

കാണാതായ സമയത്ത് പിങ്ക് നിറത്തിലുള്ള ടീഷർട്ടും പാന്റ്സുമായിരുന്നു പെൺകുട്ടിയുടെ വേഷം. ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയയായ താരത്തെ കാണാതായ സംഭവം ഷൂട്ടിങ് ലോകത്തും ആശങ്ക പരത്തിയിട്ടുണ്ട്. പെൺകുട്ടിയെ വേഗത്തിൽ കണ്ടെത്തുന്നതിനായി അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373025/kolkata-national-shooter-damayanti-sen-missing-police-search)