---
title: "കോഴിക്കോട് മാവൂരിൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം; ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവർക്ക് ദാരുണാന്ത്യം"
english_title: "Tipper Lorry Overturns In Mavoor Kozhikode, Driver Shaukathali Dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373023/mavoor-tipper-lorry-accident-driver-dies"
published_at: "2026-07-17T18:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a25634c8a1_mavoor-tipper-lorry-accident-driver-dies.jpg"
keywords: ["Mavoor Accident", "Kozhikode News", "Tipper Lorry", "Road Accident"]
---

# കോഴിക്കോട് മാവൂരിൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം; ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവർക്ക് ദാരുണാന്ത്യം

> **Lead Summary:** കോഴിക്കോട് : കോഴിക്കോട് മാവൂർ കണ്ണിപറമ്പ് പടാറുകുളങ്ങരയ്ക്ക് സമീപം ടിപ്പർ ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. മാവൂർ കുട്ടിക്കടവ് സ്വദേശി ഷൗക്കത്തലി ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് വൈകുന്നേരം 3.30-ഓടെയാണ് സംഭവം.

## Article Content

കോഴിക്കോട് : കോഴിക്കോട് മാവൂർ കണ്ണിപറമ്പ് പടാറുകുളങ്ങരയ്ക്ക് സമീപം ടിപ്പർ ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. മാവൂർ കുട്ടിക്കടവ് സ്വദേശി ഷൗക്കത്തലി ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് വൈകുന്നേരം 3.30-ഓടെയാണ് സംഭവം.

കണ്ണിപറമ്പിലെ ക്രഷറിൽ നിന്ന് എം-സാൻഡുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. കയറ്റത്തിനിടയിൽ വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അതിവേഗത്തിൽ പിന്നോട്ട് നീങ്ങുകയും ചെയ്തു. തുടർന്ന് റോഡരികിലെ താഴ്ചയിലേക്ക് ലോറി മറിയുകയായിരുന്നു.അപകടം നടന്നയുടൻ തന്നെ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി.

ക്യാബിനുള്ളിൽ കുടുങ്ങിയ ഷൗക്കത്തലിയെ പുറത്തെടുക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയവർ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ലോറി ഉയർത്തി ഡ്രൈവറെ പുറത്തെടുത്തു.ഗുരുതരമായി പരിക്കേറ്റ ഷൗക്കത്തലിയെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നു.മാവൂർ മേഖലയിൽ ചരക്ക് ലോറികളുടെ അപകടങ്ങൾ പതിവായതിൽ നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു.

കണ്ണിപറമ്പ് റോഡിലെ കയറ്റവും വളവുകളും അപകട സാധ്യത കൂടുതലുള്ളതാണെന്നും ഇവിടെ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മാവൂർ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373023/mavoor-tipper-lorry-accident-driver-dies)