---
title: "പിള്ളേരെ നോക്കിയും കണ്ടും കളിച്ചോളീ...; കൗമാരക്കാർക്കായി ഇൻസ്റ്റാഗ്രാമിൽ പുതിയ എഐ പൂട്ട്; കുട്ടികളുടെ ചാറ്റുകൾ ഇനി രക്ഷിതാക്കൾ അറിയും"
english_title: "Meta Launches New Teen Safety Feature, Parents Get Alerts For Suicide Related AI Chats"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373011/meta-new-teen-safety-feature-instagram-facebook-alerts"
published_at: "2026-07-17T17:25:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a18d16065e_meta-new-teen-safety-feature-instagram-facebook-alerts.jpg"
keywords: ["Meta", "Instagram", "Facebook", "Teen Safety", "Mental Health", "AI"]
---

# പിള്ളേരെ നോക്കിയും കണ്ടും കളിച്ചോളീ...; കൗമാരക്കാർക്കായി ഇൻസ്റ്റാഗ്രാമിൽ പുതിയ എഐ പൂട്ട്; കുട്ടികളുടെ ചാറ്റുകൾ ഇനി രക്ഷിതാക്കൾ അറിയും

> **Lead Summary:** **കലിഫോർണിയ: **ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് ഉപയോക്താക്കളായ കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ സംവിധാനവുമായി മെറ്റ രംഗത്ത്. ആത്മഹത്യയെക്കുറിച്ചോ സ്വയം ഉപദ്രവിക്കുന്നതിനെക്കുറിച്ചോ കൗമാരക്കാർ മെറ്റാ എഐയിൽ തിരഞ്ഞാൽ ഉടൻ തന്നെ രക്ഷിതാക്കൾക്ക് അലേർട്ട് നൽകുന്ന ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

## Article Content

**കലിഫോർണിയ: **ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് ഉപയോക്താക്കളായ കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ സംവിധാനവുമായി മെറ്റ രംഗത്ത്. ആത്മഹത്യയെക്കുറിച്ചോ സ്വയം ഉപദ്രവിക്കുന്നതിനെക്കുറിച്ചോ കൗമാരക്കാർ മെറ്റാ എഐയിൽ തിരഞ്ഞാൽ ഉടൻ തന്നെ രക്ഷിതാക്കൾക്ക് അലേർട്ട് നൽകുന്ന ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

നിലവിൽ തിരഞ്ഞെടുത്ത ചില പ്രദേശങ്ങളിൽ മാത്രമാണ് ഈ സംവിധാനം ലഭ്യമാക്കിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലെ സൂപ്പർവിഷൻ ടൂൾ ഉപയോഗിക്കുന്ന രക്ഷിതാക്കൾക്കാണ് ഇത്തരം അലേർട്ടുകൾ ലഭിക്കുക. ഇത്തരം സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് രക്ഷിതാക്കളെ സഹായിക്കുന്നതിനായി മാനസികാരോഗ്യ വിദഗ്ധർ തയ്യാറാക്കിയ മാർഗനിർദ്ദേശങ്ങളും മെറ്റ നൽകുന്നുണ്ട്.

അലേർട്ടുകൾ അയക്കുന്നതിന് മുൻപ് എഐ ഫ്ലാഗ് ചെയ്ത ചാറ്റുകൾ വിദഗ്ധർ നേരിട്ട് പരിശോധിക്കും. കൗമാരക്കാരുടെ ഉദ്ദേശ്യം പൂർണമായി വ്യക്തമല്ലെങ്കിൽ പോലും മുൻകരുതൽ എന്ന നിലയിൽ രക്ഷിതാക്കളെ അറിയിക്കും. ആത്മഹത്യയ്ക്ക് സാധ്യതയുണ്ടെന്ന് എഐ കണ്ടെത്തുന്ന സംഭാഷണങ്ങളുടെ കാര്യത്തിൽ അടിയന്തര സേവനങ്ങളെ ബന്ധപ്പെടാനുള്ള സംവിധാനം കൂടി മെറ്റ വികസിപ്പിച്ചുവരികയാണ്.

ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും നേരത്തെ ഉണ്ടായിരുന്നതുപോലെ ആത്മഹത്യയെ സൂചിപ്പിക്കുന്ന പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിച്ച് ആവശ്യമായ പരിശോധനകൾ ഉറപ്പാക്കും.ആത്മഹത്യയെയും സ്വയം ഉപദ്രവത്തെയും കുറിച്ചുള്ള കൗമാരക്കാരുടെ ചോദ്യങ്ങളോട് മെറ്റാ എഐ എങ്ങനെ പ്രതികരിക്കണമെന്ന് തീരുമാനിക്കാൻ 75-ലധികം മാനസികാരോഗ്യ ക്ലിനിക്കുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ കമ്പനി ഉപയോഗിക്കുന്നുണ്ട്.

എഐയുടെ മറുപടികൾ വെറും നിർദ്ദേശങ്ങളായി ചുരുക്കാതെ കൗമാരക്കാരുടെ വികാരങ്ങളെ ഉൾക്കൊള്ളുന്നതും അവരെ കൃത്യമായ ഹെൽപ്പ് ലൈനുകളിലേക്ക് നയിക്കുന്നതുമാണെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.കൗമാരക്കാരുടെ അക്കൗണ്ടുകൾ സ്വയമേവ 13+ സുരക്ഷാ ക്രമീകരണത്തിലാണ്.

ഇതുവഴി മദ്യം, ലൈംഗികത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട അനുചിതമായ സംഭാഷണങ്ങളെ എഐ ഒഴിവാക്കും. രക്ഷിതാക്കൾക്ക് കൗമാരക്കാരായ മക്കളുടെ അക്കൗണ്ടിൽ 'ലിമിറ്റഡ് കണ്ടന്റ്' ക്രമീകരണം തിരഞ്ഞെടുക്കാവുന്നതാണ്. ഇത് മെറ്റാ എഐ നൽകുന്ന മറുപടികളിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373011/meta-new-teen-safety-feature-instagram-facebook-alerts)