---
title: " ഓക്സിജൻ സംവിധാനം നിലച്ചു...! കെഎസ്ഇബിയുടെ അപ്രതീക്ഷിത കറന്റ് കട്ടിൽ അത്യാസന്ന നിലയിലുള്ള രോ​ഗി മരിച്ചതായി പരാതി"
english_title: "Palakkad Man Dies After Power Outage Stops Oxygen, Family Alleges KSEB Negligence"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372984/palakkad-man-dies-power-outage-oxygen-kseb-complaint"
published_at: "2026-07-17T16:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694d02249db04_deadbody.jpg"
keywords: []
---

#  ഓക്സിജൻ സംവിധാനം നിലച്ചു...! കെഎസ്ഇബിയുടെ അപ്രതീക്ഷിത കറന്റ് കട്ടിൽ അത്യാസന്ന നിലയിലുള്ള രോ​ഗി മരിച്ചതായി പരാതി

> **Lead Summary:** പാലക്കാട്: കെഎസ്ഇബിയുടെ അപ്രതീക്ഷിത വൈദ്യുതി മുടക്കം കാരണം വീട്ടിൽ ചികിത്സയിലായിരുന്ന അത്യാസന്ന രോഗി മരിച്ചതായി പരാതി. പാലക്കാട് സ്വദേശി എം കൃഷ്ണനാണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് വീട്ടിൽ ഓക്സിജൻ സപ്പോർട്ടിലായിരുന്നു കൃഷ്ണൻ.

## Article Content

പാലക്കാട്: കെഎസ്ഇബിയുടെ അപ്രതീക്ഷിത വൈദ്യുതി മുടക്കം കാരണം വീട്ടിൽ ചികിത്സയിലായിരുന്ന അത്യാസന്ന രോഗി മരിച്ചതായി പരാതി. പാലക്കാട് സ്വദേശി എം കൃഷ്ണനാണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് വീട്ടിൽ ഓക്സിജൻ സപ്പോർട്ടിലായിരുന്നു കൃഷ്ണൻ.

ഇതിനിടെ പ്രദേശത്ത് ഒരു മുന്നറിയിപ്പും കൂടാതെ കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചു. ഇതോടെ രോഗിക്ക് നൽകിയിരുന്ന ഓക്സിജൻ കോൺസെൻട്രേറ്ററും മറ്റ് മെഡിക്കൽ സംവിധാനങ്ങളും പൂർണമായും നിലച്ചു. ശ്വാസം കിട്ടാതായതോടെ കൃഷ്ണന്റെ നില ഗുരുതരമായി. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനു മുന്നേ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.

> സംഭവം നടന്ന ഉടൻ തന്നെ കുടുംബം കെഎസ്ഇബി ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും ഉദ്യോഗസ്ഥരിൽ നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നാണ് ആരോപണം. "ഇപ്പോൾ ഒന്നും ചെയ്യാനാവില്ല" എന്നായിരുന്നു ഓഫീസിൽ നിന്നുള്ള മറുപടിയെന്ന് കുടുംബാംഗങ്ങൾ പറയുന്നു.

അത്യാസന്ന രോഗികൾക്ക് വീട്ടിൽ മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ വൈദ്യുതി അത്യാവശ്യമാണെന്ന് അറിയാമായിരുന്നിട്ടും ഇത്തരത്തിൽ അറിയിപ്പില്ലാതെ കറണ്ട് കട്ട് നടത്തിയത് മനുഷ്യത്വരഹിതമാണെന്നും കുടുംബം കുറ്റപ്പെടുത്തി.സംഭവത്തിൽ പ്രതിഷേധിച്ച് കുടുംബം കെഎസ്ഇബിക്കും ജില്ലാ ഭരണകൂടത്തിനും പരാതി നൽകിയിട്ടുണ്ട്.

നഷ്ടപരിഹാരവും ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ആവശ്യപ്പെട്ടാണ് പരാതി.അതേസമയം സംസ്ഥാനത്ത് നിലവിൽ കടുത്ത വൈദ്യുതി നിയന്ത്രണമാണ് നിലനിൽക്കുന്നത്. ലോഡ് ഷെഡ്ഡിംഗും അപ്രതീക്ഷിത കറണ്ട് കട്ടും പതിവായതോടെ ആശുപത്രികളും വീടുകളും പ്രതിസന്ധിയിലാണ്.

പ്രത്യേകിച്ച് വീട്ടിൽ ഓക്സിജൻ, ഡയാലിസ് പോലുള്ള ജീവൻ രക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കുന്ന രോഗികളാണ് ഏറ്റവും വലിയ ദുരിതത്തിലായത്. ഇത്തരം സാഹചര്യങ്ങളിൽ മുൻകൂർ അറിയിപ്പ് നൽകണമെന്നും അത്യാവശ്യ സേവനങ്ങൾക്ക് ഇളവ് നൽകണമെന്നും ആരോഗ്യ, വൈദ്യുതി വകുപ്പുകൾ സംയുക്തമായി നടപടി സ്വീകരിക്കണമെന്നും സാമൂഹ്യ പ്രവർത്തകർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372984/palakkad-man-dies-power-outage-oxygen-kseb-complaint)