---
title: "ജമ്മുവിൽ തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് വെടിവെപ്പിൽ മരിച്ചു; മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്"
english_title: "Jammu Kashmir Doda Firing Youth Killed During Gun Snatching Attempt"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372956/jammu-kashmir-doda-firing-youth-killed-gun-snatching"
published_at: "2026-07-17T14:50:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59f4b27a8a2_jammu-kashmir-doda-firing-youth-killed-gun-snatching.jpg"
keywords: ["Latest News", "Jammu Kashmir", "Doda", "Firing", "SOG"]
---

# ജമ്മുവിൽ തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് വെടിവെപ്പിൽ മരിച്ചു; മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്

> **Lead Summary:** **ദോഡ:[ **ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ സർവീസ് തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചതിനിടെയുണ്ടായ വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു. ചീക്ക ഗ്രാമവാസിയായ ആരിഫ് ഹുസൈൻ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30-ഓടെ ഭദെർവ പട്ടണത്തിന് സമീപമുള്ള ജയ്-ഗന്ദോ റോഡിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

## Article Content

**ദോഡ:[ **ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ സർവീസ് തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചതിനിടെയുണ്ടായ വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു. ചീക്ക ഗ്രാമവാസിയായ ആരിഫ് ഹുസൈൻ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30-ഓടെ ഭദെർവ പട്ടണത്തിന് സമീപമുള്ള ജയ്-ഗന്ദോ റോഡിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

പ്രദേശത്ത് ഭീകരസാന്നിധ്യം സംബന്ധിച്ച സൂചനകളെത്തുടർന്ന് സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്.ഒ.ജി) ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തുകയായിരുന്നു. ഈ സമയത്ത് ആരിഫ് ഹുസൈനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്. പെട്ടെന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ്, അവരിൽ ഒരാളുടെ കൈവശമുണ്ടായിരുന്ന സർവീസ് തോക്ക് പിടിച്ചുവാങ്ങാൻ ശ്രമിക്കുകയായിരുന്നു.

ഉദ്യോഗസ്ഥരും ഇയാളും തമ്മിൽ വലിയ പിടിവലി നടന്നു. ഇതിനിടയിലാണ് തോക്കിൽ നിന്ന് വെടിപൊട്ടിയത്. ഈ സംഘർഷത്തിൽ ആരിഫിനും മൂന്ന് എസ്.ഒ.ജി ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ഇവരെ ഉടൻ തന്നെ ഭദെർവയിലെ സബ് ഡിസ്ട്രിക്റ്റ് ആശുപത്രിയിലും പിന്നീട് ദോഡയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ആരിഫ് ഹുസൈൻ ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഭദെർവയിൽ സി.ആർ.പി.എഫിനെയും ജമ്മു കശ്മീർ പോലീസിനെയും വിന്യസിച്ച് സുരക്ഷ ശക്തമാക്കി. ജയ് മേഖലയിൽ സൈന്യം ഇപ്പോൾ തിരച്ചിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372956/jammu-kashmir-doda-firing-youth-killed-gun-snatching)