---
title: "ഒരു അഞ്ചുവയസ്സുകാരനോട് ഇത്രയും ക്രൂരതയോ? ; നഴ്സറി കുട്ടിയെ എട്ടുമിനിറ്റോളം ക്രൂരമായി മർദ്ദിച്ച് ക്ലാസ് മോണിറ്റർ"
english_title: "Lucknow School Incident: 5 Year Old Student Brutally Beaten by Class Monitor on CCTV"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372949/lucknow-school-class-monitor-beats-5-year-old-student"
published_at: "2026-07-17T14:28:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59ef92a5e52_lucknow-school-class-monitor-beats-5-year-old-student.jpg"
keywords: ["Latest news", "Lucknow", "School Violence", "Student Assault", "CCTV", "Child Safety"]
---

# ഒരു അഞ്ചുവയസ്സുകാരനോട് ഇത്രയും ക്രൂരതയോ? ; നഴ്സറി കുട്ടിയെ എട്ടുമിനിറ്റോളം ക്രൂരമായി മർദ്ദിച്ച് ക്ലാസ് മോണിറ്റർ

> **Lead Summary:** ലഖ്‌നൗ: **[** ഉത്തർപ്രദേശിലെ ലക്‌നൗവിലുള്ള എ.എൽ.എസ് അക്കാദമിയിൽ അഞ്ച് വയസ്സുകാരനായ നഴ്‌സറി വിദ്യാർത്ഥിക്ക് ക്ലാസ് മോണിറ്ററുടെ ക്രൂരമർദ്ദനം. ക്ലാസ് ടീച്ചർ പുറത്തുപോയ സമയത്ത് എട്ട് മിനിറ്റോളമാണ് മോണിറ്ററായ പെൺകുട്ടി സഹപാഠിയെ ക്രൂരമായി തല്ലിയത്.

## Article Content

ലഖ്‌നൗ: **[** ഉത്തർപ്രദേശിലെ ലക്‌നൗവിലുള്ള എ.എൽ.എസ് അക്കാദമിയിൽ അഞ്ച് വയസ്സുകാരനായ നഴ്‌സറി വിദ്യാർത്ഥിക്ക് ക്ലാസ് മോണിറ്ററുടെ ക്രൂരമർദ്ദനം. ക്ലാസ് ടീച്ചർ പുറത്തുപോയ സമയത്ത് എട്ട് മിനിറ്റോളമാണ് മോണിറ്ററായ പെൺകുട്ടി സഹപാഠിയെ ക്രൂരമായി തല്ലിയത്.

മർദ്ദനത്തിൽ കുട്ടിയുടെ മുഖത്ത് കഠിനമായ പരിക്കും വീക്കവുമുണ്ടായി. സംഭവത്തെത്തുടർന്ന് മോണിറ്ററായ വിദ്യാർത്ഥിനിയെ സ്കൂളിൽ നിന്നും പുറത്താക്കി. ബുധനാഴ്ചയാണ് സംഭവം നടന്നത്. ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങളിലാണ് നടുക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്.

അധ്യാപിക ക്ലാസിൽ നിന്ന് പുറത്തുപോയപ്പോൾ കുട്ടികളോട് ഡെസ്‌കിൽ തല താഴ്ത്തി വെക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതനുസരിക്കാൻ വൈകിയതിനാണ് അഞ്ച് വയസ്സുകാരനെ മോണിറ്റർ ക്രൂരമായി മർദ്ദിച്ചത്.

ക്ലാസ് തുടങ്ങി ഒരു മിനിറ്റിനകം അധ്യാപിക കുട്ടികളെ നിരീക്ഷിക്കാൻ മോണിറ്ററെ ഏൽപ്പിച്ച് പുറത്തുപോയിരുന്നു. ടീച്ചർ പോയ ഉടൻ തലയുയർത്താൻ ശ്രമിച്ച കുട്ടികളെയെല്ലാം മോണിറ്റർ തല്ലുന്നത് ദൃശ്യങ്ങളിലുണ്ട്.

തുടർന്ന് ഈ അഞ്ച് വയസ്സുകാരൻ തലയുയർത്തിയപ്പോൾ ഓടിയെത്തിയ മോണിറ്റർ കുട്ടിയുടെ പുറത്തും മുഖത്തും നാലിലധികം തവണ തല്ലി. വേദനകൊണ്ട് കരഞ്ഞ കുട്ടിയുടെ തല ബലമായി ഡെസ്കിലേക്ക് അമർത്താനും ശ്രമിച്ചു.

രക്ഷപ്പെടാനായി കുട്ടി ക്ലാസ് മുറിയുടെ വാതിലിനടുത്തേക്ക് ഓടിയെങ്കിലും മോണിറ്റർ തടയുകയും അകത്തേക്ക് വലിച്ചിഴച്ച് വീണ്ടും മർദ്ദിച്ച് വാതിൽ ഉള്ളിൽ നിന്ന് പൂട്ടുകയും ചെയ്തു. മറ്റൊരു വാതിലിലൂടെ പുറത്തുകടക്കാൻ ശ്രമിച്ച കുട്ടിയെ അവിടെനിന്നും സീറ്റിലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്ന് തല്ലി.

സഹപാഠികൾ ഭയന്ന് തലതാഴ്ത്തിയിരിക്കെയായിരുന്നു ഈ ക്രൂരത. പത്ത് മിനിറ്റിന് ശേഷം അധ്യാപിക തിരിച്ചെത്തി വാതിലിൽ മുട്ടിയപ്പോഴാണ് മോണിറ്റർ വാതിൽ തുറന്നത്. കുട്ടി ഉടൻ തന്നെ ടീച്ചറോട് പരാതിപ്പെട്ടെങ്കിലും അവർ ഗൗരവമായി എടുത്തില്ല.

കുട്ടി വീട്ടിലെത്തിയപ്പോൾ മുഖത്തെ പരിക്കും വീക്കവും കണ്ട് മാതാപിതാക്കൾ സ്കൂളിലെത്തി സിസിടിവി പരിശോധിച്ചപ്പോഴാണ് ക്രൂരത പുറത്തറിഞ്ഞത്. സംഭവത്തിൽ മോണിറ്ററെ പുറത്താക്കിയെങ്കിലും സ്കൂളുകളിലെ സുരക്ഷയെയും മേൽനോട്ടത്തെയും കുറിച്ച് വലിയ ആശങ്കയാണ് ഉയരുന്നത്.

[https://x.com/KailashVashi/status/2077965226335436849?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2077965226335436849%7Ctwgr%5E427b6fbf42301dffcb02f505abca63e32e07f264%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fcrime%2Fnews%2Flucknow-nursery-student-assault-cctv-footage-cg4n9s5n](https://x.com/KailashVashi/status/2077965226335436849?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2077965226335436849%7Ctwgr%5E427b6fbf42301dffcb02f505abca63e32e07f264%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fcrime%2Fnews%2Flucknow-nursery-student-assault-cctv-footage-cg4n9s5n)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372949/lucknow-school-class-monitor-beats-5-year-old-student)