---
title: "ആരെയും അറിയിച്ചില്ല, ഒരൊറ്റ വെട്ട്! കാട്ടാക്കടയിൽ ഇന്റർനെറ്റില്ലാതാക്കി കെ എസ് സി ബി, ബാങ്കുകളും സർക്കാർ ഓഫീസുകളും സ്തംഭിച്ചു!"
english_title: "KSEB Cuts Fiber Cables In Kattakkada, Internet Services Hit In 6 Panchayats"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372928/kattakkada-kseb-cable-cut-internet-down-six-panchayat-"
published_at: "2026-07-17T13:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59e4a25954e_kattakkada-kseb-cable-cut-internet-down-six-panchayat.jpg"
keywords: ["Kattakkada", "KSEB", "Internet Down", "Fiber Cable Cut", "Kerala News", "K-FON"]
---

# ആരെയും അറിയിച്ചില്ല, ഒരൊറ്റ വെട്ട്! കാട്ടാക്കടയിൽ ഇന്റർനെറ്റില്ലാതാക്കി കെ എസ് സി ബി, ബാങ്കുകളും സർക്കാർ ഓഫീസുകളും സ്തംഭിച്ചു!

> **Lead Summary:** **തിരുവനന്തപുരം: **കാട്ടാക്കടയിൽ കെഎസ്ഇബി കരാറുകാരന്റെ ഗുരുതര വീഴ്ചയെ തുടർന്ന് മേഖലയിലെ ഇന്റർനെറ്റ്-വാർത്താവിനിമയ സേവനങ്ങൾ പൂർണ്ണമായും താറുമാറായി. പോസ്റ്റ് മാറ്റുന്ന ജോലിക്കിടെ കേബിൾ ഓപ്പറേറ്റർമാരെ മുൻകൂട്ടി അറിയിക്കാതെ പ്രധാന ഫൈബർ ഒപ്റ്റിക്കൽ കേബിളുകൾ കട്ടിംഗ് പ്ലേയർ ഉപയോഗിച്ച് മുറിച്ചുമാറ്റിയതാണ് വൻ പ്രതിസന്ധിക്ക് കാരണമായത്.

## Article Content

**തിരുവനന്തപുരം: **കാട്ടാക്കടയിൽ കെഎസ്ഇബി കരാറുകാരന്റെ ഗുരുതര വീഴ്ചയെ തുടർന്ന് മേഖലയിലെ ഇന്റർനെറ്റ്-വാർത്താവിനിമയ സേവനങ്ങൾ പൂർണ്ണമായും താറുമാറായി. പോസ്റ്റ് മാറ്റുന്ന ജോലിക്കിടെ കേബിൾ ഓപ്പറേറ്റർമാരെ മുൻകൂട്ടി അറിയിക്കാതെ പ്രധാന ഫൈബർ ഒപ്റ്റിക്കൽ കേബിളുകൾ കട്ടിംഗ് പ്ലേയർ ഉപയോഗിച്ച് മുറിച്ചുമാറ്റിയതാണ് വൻ പ്രതിസന്ധിക്ക് കാരണമായത്.

ഇതോടെ കാട്ടാക്കട, മലയിൻകീഴ്, അമ്പൂരി, ആര്യനാട്, കള്ളിക്കാട്, നെയ്യാർഡാം, പാറശ്ശാല അടക്കമുള്ള മേഖലകളിലെ സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, ജനസേവാ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം പൂർണ്ണമായും സ്തംഭിച്ചു. ഏഷ്യാനെറ്റ്, ബിഎസ്എൻഎൽ, കെ-ഫോൺ, ഭാരത് ഫൈബർ, കേരള വിഷൻ തുടങ്ങിയ പ്രമുഖ കമ്പനികളുടെ പ്രധാന കേബിളുകളാണ് ഇത്തരത്തിൽ നശിപ്പിക്കപ്പെട്ടത്.

സംഭവത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി ചൂണ്ടിക്കാട്ടി കേബിൾ ഓപ്പറേറ്റർമാർ കാട്ടാക്കട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൂവച്ചൽ ആലമുക്ക് സ്വദേശിയായ കരാറുകാരൻ ബാബുവിന്റെ നേതൃത്വത്തിലാണ് ഈ കൃത്യം നടന്നതെന്ന് പരാതിയിൽ ആരോപിക്കുന്നു.

കുറ്റക്കാരായ കരാറുകാരനും ഉദ്യോഗസ്ഥർക്കുമെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് കേബിൾ ഓപ്പറേറ്റർമാരുടെ ആവശ്യം. പോസ്റ്റ് മാറ്റുന്ന സാഹചര്യത്തിൽ കേബിളുകൾ മാറ്റേണ്ടി വരുമ്പോൾ ബന്ധപ്പെട്ട കമ്പനികളെ അറിയിക്കേണ്ടത് കരാറുകാരന്റെ ചുമതലയാണ്. എന്നാൽ അത് പാലിച്ചില്ലെന്നും ഉത്തരവാദികളായ കരാറുകാരനും ഉദ്യോഗസ്ഥർക്കുമെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ഓപ്പറേറ്റർമാർ ആവശ്യപ്പെട്ടു.കേടുവന്ന കേബിളുകൾ പുനഃസ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372928/kattakkada-kseb-cable-cut-internet-down-six-panchayat-)