---
title: "ഫിഫ ലോകകപ്പ് ഫൈനൽ കാണാൻ ഡൊണാൾഡ് ട്രംപെത്തും; ട്രോഫി സമ്മാനിക്കുന്നത് ഫിഫ പ്രസിഡന്റിനൊപ്പം"
english_title: "Donald Trump to Attend FIFA World Cup Final 2026 and Present Trophy with Gianni Infantino"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372891/donald-trump-fifa-world-cup-final-2026-trophy-presentation"
published_at: "2026-07-17T11:52:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59cacbdee7f_donald-trump-fifa-world-cup-final-2026-trophy-presentation.jpg"
keywords: ["Latest news", "Donald Trump", "FIFA World Cup 2026", "Argentina vs Spain", "World Cup Final", "USA"]
---

# ഫിഫ ലോകകപ്പ് ഫൈനൽ കാണാൻ ഡൊണാൾഡ് ട്രംപെത്തും; ട്രോഫി സമ്മാനിക്കുന്നത് ഫിഫ പ്രസിഡന്റിനൊപ്പം

> **Lead Summary:** വാഷിംഗ്‌ടൺ: **[**കാനഡയും മെക്സിക്കോയും അമേരിക്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ കലാശപ്പോരാട്ടം കാണാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്റ്റേഡിയത്തിലെത്തും.

## Article Content

വാഷിംഗ്‌ടൺ: **[**കാനഡയും മെക്സിക്കോയും അമേരിക്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ കലാശപ്പോരാട്ടം കാണാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്റ്റേഡിയത്തിലെത്തും.

ഞായറാഴ്ച ന്യൂയോർക്ക്-ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന അർജന്റീന - സ്പെയിൻ ഫൈനൽ മത്സരത്തിൽ ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. മത്സരശേഷം വിജയികൾക്കുള്ള ലോകകപ്പ് ട്രോഫി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോയ്ക്കൊപ്പം ചേർന്നാവും ട്രംപ് സമ്മാനിക്കുക.

വ്യാഴാഴ്ച നടന്ന പ്രസ് ബ്രീഫിംഗിൽ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റാണ് ഇക്കാര്യം അറിയിച്ചത്. ഫൈനലിന് മുന്നോടിയായി വെള്ളിയാഴ്ച ന്യൂയോർക്കിലെ ട്രംപ് ടവറിൽ നടക്കുന്ന ഫിഫ റിസപ്ഷനിലും അദ്ദേഹം പങ്കെടുക്കും.

കഴിഞ്ഞ ലോകകപ്പുകളുടെ പാരമ്പര്യത്തിൽ നിന്നുള്ള വലിയൊരു മാറ്റത്തിനാണ് ഇത്തവണത്തെ ഫൈനൽ സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോ തനിച്ചാണ് ജേതാക്കൾക്ക് ട്രോഫി നൽകിയിരുന്നത്.

എന്നാൽ ഇത്തവണ ട്രംപും താനും ഒരുമിച്ചാകും വിജയ നായകന് ട്രോഫി കൈമാറുകയെന്ന് ഇൻഫാന്റീനോ ഫോക്സ് ന്യൂസിനോട് പറഞ്ഞു.മുൻകാലങ്ങളിൽ രാഷ്ട്രത്തലവന്മാർ ലോകകപ്പ് ട്രോഫി സമ്മാനിച്ച ചരിത്രമുണ്ട്.

1966-ൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബോബി മൂറിന് എലിസബത്ത് രാജ്ഞിയും, 1982-ൽ ഇറ്റാലിയൻ ക്യാപ്റ്റൻ ഡിനോ സോഫിന് സ്പെയിനിലെ കാർലോസ് രാജാവും ട്രോഫി കൈമാറിയിരുന്നു. ആ പാരമ്പര്യത്തിലേക്കാണ് ഇപ്പോൾ ഡൊണാൾഡ് ട്രംപും എത്തുന്നത്.

ഫൈനലിൽ ട്രംപ് അർജന്റീനയെയാണോ സ്പെയിനെയാണോ പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിന്, അത് പ്രസിഡന്റിനോട് നേരിട്ട് ചോദിക്കുന്നതാവും നല്ലതെന്ന് കരോലിൻ ലീവിറ്റ് തമാശരൂപേണ മറുപടി നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372891/donald-trump-fifa-world-cup-final-2026-trophy-presentation)