---
title: "തല്ല് കൊള്ളേണ്ടത് ആർക്ക്? ഇരുട്ടിൽ തപ്പുന്ന ജനം പൊതിരെ തല്ലുന്നത് പാവം കെ.എസ്.ഇ.ബി ജീവനക്കാരെയാണ്!"
english_title: "Power Cut Returns To Kerala: Who Is To Blame As KSEB Staff Face Public Anger"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372863/kerala-power-cut-kseb-staff-attack-analysis-new-"
published_at: "2026-07-17T09:43:00+05:30"
category: "Talks & Topics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59ad8eaa21f_kerala-power-cut-kseb-staff-attack-analysis.jpg"
keywords: ["Kerala Power Cut", "KSEB", "Load Shedding", "VD Satheesan", "Sunny Joseph", "Electricity Crisis", "Susmitha surendran"]
---

# തല്ല് കൊള്ളേണ്ടത് ആർക്ക്? ഇരുട്ടിൽ തപ്പുന്ന ജനം പൊതിരെ തല്ലുന്നത് പാവം കെ.എസ്.ഇ.ബി ജീവനക്കാരെയാണ്!

> **Lead Summary:** > ** പ**ത്തുവർഷം കേൾക്കാത്ത പവർ കട്ടും ലോഡ് ഷെഡ്ഡിംഗും തിരികെ എത്തി, "എല്ലാം ജനത്തെ അറിയിക്കും" എന്ന വി.ഡി. സതീശന്റെ വാക്ക് അക്ഷരാർത്ഥമാകുമ്പോൾ ഒരു തിരിഞ്ഞുനോട്ടം അനിവാര്യമാണ്. വൈദ്യുതി നിലച്ചെന്ന് അറിയിച്ച് ഏത് പാതിരാത്രി വിളിച്ചാലും ഫോണെടുത്ത് "ഇപ്പോൾ വരാം" എന്ന് മറുപടി പറയുന്ന കെ.എസ്.ഇ.ബി ജീവനക്കാർ ഇന്ന് റോഡിലിറങ്ങിയാൽ ജനങ്ങൾക്ക് പൊതിരെ തല്ലാനുള്ള വഴിയോര ചെണ്ടയായി മാറിക്കഴിഞ്ഞിട്ട് നാളേറെയായി.

## Article Content

> ** പ**ത്തുവർഷം കേൾക്കാത്ത പവർ കട്ടും ലോഡ് ഷെഡ്ഡിംഗും തിരികെ എത്തി, "എല്ലാം ജനത്തെ അറിയിക്കും" എന്ന വി.ഡി. സതീശന്റെ വാക്ക് അക്ഷരാർത്ഥമാകുമ്പോൾ ഒരു തിരിഞ്ഞുനോട്ടം അനിവാര്യമാണ്. വൈദ്യുതി നിലച്ചെന്ന് അറിയിച്ച് ഏത് പാതിരാത്രി വിളിച്ചാലും ഫോണെടുത്ത് "ഇപ്പോൾ വരാം" എന്ന് മറുപടി പറയുന്ന കെ.എസ്.ഇ.ബി ജീവനക്കാർ ഇന്ന് റോഡിലിറങ്ങിയാൽ ജനങ്ങൾക്ക് പൊതിരെ തല്ലാനുള്ള വഴിയോര ചെണ്ടയായി മാറിക്കഴിഞ്ഞിട്ട് നാളേറെയായി.

> കാക്കിയും മഞ്ഞ തൊപ്പിയും ഇട്ട് വരുന്നത് കണ്ടാൽ "ആഹാ, സമാധാനം" എന്ന് തോന്നിക്കുന്ന മസ്ദൂർ മനുഷ്യരുടെ നാട്ടിൽ എങ്ങനെയാണ് കൈവയ്ക്കാൻ തോന്നുന്നത്? അവരും സാധാരണ മനുഷ്യരാണ്. കുടുംബം പോറ്റാൻ രാവും പകലും വെയിലത്തും മഴയത്തും പണിയെടുത്ത് പാടുപെടുന്ന തൊഴിലാളികൾ. തല്ല് കൊടുക്കേണ്ട കാലമെത്തി എന്ന് ആരെങ്കിലും പറഞ്ഞാൽ, "തല്ല് കൊള്ളേണ്ടത് ആർക്ക്?" എന്ന ചോദ്യം ബാക്കിയാണ്.

***

ലോകത്തെ മുൾമുനയിൽ നിർത്തുന്ന ലോകകപ്പ് ഫുട്ബോൾ കളിയാരവത്തിനിടയിലും ഇരുട്ടിൽ തപ്പുന്ന ജനം പൊതിരെ തല്ലി രോഷം തീർക്കുന്നത് പാവം കെ.എസ്.ഇ.ബി ജീവനക്കാരെയാണ്! പത്തുവർഷം കേൾക്കാത്ത പവർ കട്ടും ലോഡ് ഷെഡ്ഡിംഗും എങ്ങനെയാണ് തിരികെ എത്തിയത്?

> "തന്റെ ഭരണത്തിലെല്ലാം ജനത്തെ അറിയിക്കും" എന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാക്ക് അക്ഷരാർത്ഥമാകുമ്പോൾ ഒരു തിരിഞ്ഞുനോട്ടം അനിവാര്യം. ഒരുപക്ഷേ കേരളത്തിൽ വലിയ മാധ്യമശ്രദ്ധ പിടിച്ചുപറ്റാതെ പോയ ഒരു സംഭവമാണ് കഴിഞ്ഞദിവസം തൃശ്ശൂരിലെ മാളയിൽ ഉണ്ടായത്. കെ.എസ്.ഇ.ബി ജീവനക്കാരെ ഒരു കൂട്ടം ആളുകൾ ചേർന്ന് അതിക്രൂരമായി മർദ്ദിച്ചു.

> അക്രമണത്തിന് പിന്നിലെ കാരണം മറ്റൊന്നുമല്ല, അർജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള ലോകകപ്പ് സെമിഫൈനൽ മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പ് കറണ്ട് പോയി എന്നുള്ളതാണ്. അതായത് "പവർ കട്ട്". "മത്സരം കാണുമ്പോൾ കറണ്ട് കട്ട് ചെയ്യുമോ?" എന്ന് ചോദിച്ചുകൊണ്ടായിരുന്നു മർദ്ദനമൊക്കെയും. പവർ കട്ടിനോടുള്ള വിരോധം യഥാർത്ഥത്തിൽ കാണിക്കേണ്ടത് കെ.എസ്.ഇ.ബി.യിലെ സാധാരണ ജീവനക്കാരോടാണോ?

ജൂൺ-ജൂലൈ മാസങ്ങളിൽ കേരളത്തിൽ പവർ കട്ടും ലോഡ് ഷെഡ്ഡിംഗും കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. കാലവർഷം വേണ്ടത്ര ലഭിച്ചില്ല എന്നത് വസ്തുതയാണ്. എന്നാൽ കഴിഞ്ഞ പത്ത് വർഷം നമ്മൾ മറന്ന വൈദ്യുതി പവർ കട്ടും ലോഡ് ഷെഡ്ഡിംഗും എങ്ങനെ തിരികെ എത്തി? ആരാണ് ഇതിന് ഉത്തരവാദി?

ചിമ്മിണി വിളക്കിനടിയിലെ പഠിത്തവും അത്താഴം കഴിക്കലും വിശറി വീശി ഉറങ്ങാൻ കിടക്കുന്നതും മലയാളികൾ മറന്നുപോയിരുന്നു. ഇപ്പോഴിതാ വീണ്ടും... ആ ഇരുണ്ട കാലമെത്തി. ഇപ്പോൾ 15 മിനിറ്റിലെ പവർ കട്ട് എത്ര ഭയാനകമായാണ് സാധാരണക്കാരനെ ബാധിക്കുന്നത്! രാത്രിയിൽ ഒരു ഇലപോലും അനങ്ങാതെ നിൽക്കുന്ന സമയത്തെത്തുന്ന പവർ കട്ട് ഒരു രീതിയിൽ പറഞ്ഞാൽ ജനങ്ങളെ നെടുവീർപ്പിടിപ്പിക്കുകയാണ്.

> ആ 15 മിനിറ്റ് "ചൂട് സഹിക്കാനാവുന്നില്ല, ഒന്ന് വേഗം കറണ്ട് വന്നാൽ മതിയായിരുന്നു" എന്ന് പറയാത്ത കേരളക്കാർ ഒരു പക്ഷേ കുറവായിരിക്കും."ഈ വൈദ്യുതി നിയന്ത്രണം എത്ര കാലം ഉണ്ടാകുമെന്ന് കൃത്യമായി പറയാൻ കഴിയില്ല" എന്ന് കേരളത്തിന്റെ വൈദ്യുതി മന്ത്രിയായ സണ്ണി ജോസഫ് പറയുമ്പോഴും അത് എങ്ങനെയാണ് ജനങ്ങൾ ഉൾക്കൊള്ളേണ്ടത് എന്ന് ചോദിക്കാതെ വയ്യ.

> കഴിഞ്ഞ 10 വർഷക്കാലം ഇപ്പോൾ നേരിടുന്ന വൈദ്യുതി പ്രതിസന്ധി ഉണ്ടായിരുന്നില്ലേ? ഉത്തരം ഒന്ന് മാത്രം - "തീർച്ചയായും ഉണ്ടായിരുന്നു". എന്നാൽ അന്നും ഇന്നും ഉള്ള ഒരു വ്യത്യാസം ചൂണ്ടിക്കാട്ടാനുള്ളത് ഭരണത്തിൽ മാറ്റം വന്നു എന്നത് മാത്രം. അന്നും വൈദ്യുതി പ്രതിസന്ധി ഉണ്ടായിരുന്നെങ്കിലും അതൊന്നും ജനങ്ങളെ അറിയിക്കാതെയാണ് പിണറായി സർക്കാർ കാര്യങ്ങൾ കൃത്യമായി മുന്നോട്ട് കൊണ്ടുപോയത്.

> "എല്ലാ കാര്യങ്ങളും കൃത്യമായി ജനങ്ങളെ അറിയിക്കും" എന്ന് പറഞ്ഞ് അധികാരത്തിലേറിയ മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞത് ഇതുപോലൊരു തലവിധിയാകുമെന്ന് കേരളത്തിലെ ജനങ്ങൾ ചിന്തിച്ചിരുന്നില്ല. "ജൂൺ മാസത്തിൽ മഴ ലഭിക്കുമെന്ന പ്രതീക്ഷയിൽ ഏപ്രിൽ, മെയ് മാസത്തെ പ്രതിസന്ധി പരിഹരിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കടം വാങ്ങിയ വൈദ്യുതി തിരികെ കൊടുത്തുകൊണ്ടിരിക്കെയാണ്.

> ഹ്രസ്വകാല കരാറിലൂടെ കൂടുതൽ വില നൽകി വൈദ്യുതി വാങ്ങാൻ ശ്രമിക്കും" എന്ന് സണ്ണി ജോസഫ് പ്രതികരിക്കുമ്പോൾ സാധാരണ ജനങ്ങൾക്ക് പ്രതീക്ഷ മങ്ങുകയാണ്. ഇനി നമ്മളിങ്ങനെ എത്ര ദിനങ്ങൾ ചൂട് സഹിച്ച് ഇരുട്ടിൽ കഴിയണം? മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കൊക്കെയും "കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തും ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു" എന്ന് ചൂണ്ടിക്കാട്ടാനാണ് തിടുക്കം.

പക്ഷേ അവർ ഓർക്കാതെ പോകുന്ന ഒന്നുണ്ട് - കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലം ഒരു മലയാളിയും ഇരുട്ടിൽ കഴിഞ്ഞില്ല എന്ന വസ്തുത. പവർ കട്ടും ലോഡ് ഷെഡ്ഡിംഗും ഒഴിവാക്കാൻ ഉപയോഗിച്ച നടപടികൾ വളരെ കൃത്യമായി കഴിഞ്ഞ വൈദ്യുതി മന്ത്രിയായിരുന്ന കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ പറയുകയുണ്ടായി.

> ഉത്പാദന മേഖലയിൽ 2260 മെഗാവാട്ട് ഉത്പാദനം നടത്തിയെന്നും പകൽ സമയത്ത് ആദ്യമായി വൈദ്യുതിയിൽ സർപ്ലസ് ആക്കിയത് കേരളത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. "നിലവിലെ പ്രതിസന്ധി കാര്യമല്ല" എന്ന് അടിവരയിട്ട് പറയുമ്പോഴും "രാത്രികാലങ്ങളിൽ വൈദ്യുതി ഉപയോഗം കുറക്കണം, എ.സി.യുടെ തണുപ്പ് കുറച്ചുവെക്കണം" തുടങ്ങിയ നിർദ്ദേശങ്ങളാണ് മുന്നോട്ടുവെക്കുന്നത്.

പറഞ്ഞുതുടങ്ങുമ്പോൾ നിർദ്ദേശങ്ങൾ നിസ്സാര കാര്യങ്ങളായി തോന്നുമെങ്കിലും ഇതിന്റെയൊക്കെ ഇടയിൽ കുടുങ്ങുന്നത് ജനങ്ങളാണ്. ചൂട് കൂടി നിയന്ത്രണം വിടുമ്പോൾ കെ.എസ്.ഇ.ബി ജീവനക്കാരെ മൃഗത്തെപ്പോലെ കാണുന്നവർ ഒരിക്കൽ ഇരുത്തി ചിന്തിക്കേണ്ടതുണ്ട് - ആരാണ് നിലവിലെ പ്രശ്നങ്ങൾക്ക് ഉത്തരവാദി?

> അതെ, കേവലം ചൂടും മഴക്കുറവും മാത്രമല്ല കാരണം എന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. "പത്തുവർഷം കേൾക്കാത്ത കറണ്ട് കട്ട്" തിരികെ വന്നതിന് പിന്നിൽ നയപരമായ തീരുമാനങ്ങളും ഇച്ഛാശക്തിയുടെ കുറവും ഒരു വലിയ ഘടകമാണ് എന്ന വിമർശനമുണ്ട്.

കഴിഞ്ഞ 15-20 വർഷമായി കേരളത്തിൽ വലിയൊരു തെർമൽ/ഹൈഡ്രോ പദ്ധതിയും വന്നിട്ടില്ല. അണക്കെട്ട്, പുതിയ പവർ പ്ലാന്റ് എന്നിവയ്ക്കെതിരെ പരിസ്ഥിതി-രാഷ്ട്രീയ എതിർപ്പ് ശക്തമായിരുന്നു. ഫലം: സംസ്ഥാനത്തിന്റെ ഡിമാൻഡിന്റെ 70% ഇന്നും പുറത്തുനിന്നുള്ള പവറിനെ ആശ്രയിക്കുന്നു. പുറത്തുനിന്ന് കിട്ടാത്ത നേരത്ത് നമ്മൾ പിടിച്ചുലയുന്നു.

> കഴിഞ്ഞ കുറച്ച് വർഷങ്ങളായി അണക്കെട്ടുകളിൽ നല്ല വെള്ളമുണ്ടായിരുന്നപ്പോൾ അത് വേനലിലേക്ക് മാറ്റിവെക്കുന്നതിൽ വീഴ്ച ഉണ്ടായി എന്ന വിമർശനമുണ്ട്. കഴിഞ്ഞ ജൂലൈയിൽ ഇടുക്കിയിൽ 1246 MU വെള്ളം ഉണ്ടായിരുന്നു, ഇപ്പോൾ 631 MU മാത്രം. "വെള്ളമുണ്ടായിട്ടും സൂക്ഷിച്ചില്ല" എന്ന ആക്ഷേപം ഇതിൽ നിന്നാണ്.

AC, EV ചാർജിംഗ്, ഇൻഡക്ഷൻ എന്നിവയുടെ ഉപയോഗം കുതിച്ചുയർന്നപ്പോൾ അതിനനുസരിച്ചുള്ള പീക്ക്-അവർ നിയന്ത്രണമോ, ബോധവൽക്കരണമോ, ടൈം-ഓഫ്-ഡേ ടാറിഫോ ഒന്നും ശക്തമായി നടപ്പാക്കിയില്ല. എല്ലാവരും ഒരേ സമയം ഉപയോഗിക്കുമ്പോൾ ഗ്രിഡ് തകരും എന്ന് കെ.എസ്.ഇ.ബി.ക്ക് അറിയാമായിരുന്നു.

എൽ-നിനോ മൂലം മഴക്കുറവ് വരുമെന്ന് കാലാവസ്ഥാ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എങ്കിലും അതിന് മുൻകൂട്ടി പവർ എക്സ്ചേഞ്ചിൽ നിന്ന് കരാർ ഉറപ്പിക്കുകയോ, ബാക്കപ്പ് പ്ലാൻ ഉണ്ടാക്കുകയോ ചെയ്തില്ല. ഫലം: അവസാന നിമിഷം പവർ കിട്ടാതെ വന്നപ്പോൾ പെട്ടെന്ന് കട്ട് പ്രഖ്യാപിക്കേണ്ടിവന്നു.

> സോളാർ പാർക്ക്, പമ്പ് സ്റ്റോറേജ്, ഗ്യാസ് പ്ലാന്റ്, അന്തർസംസ്ഥാന ഗ്രിഡ് ശക്തിപ്പെടുത്തൽ - ഇതൊന്നും രാഷ്ട്രീയ തീരുമാനമെടുത്ത് വേഗത്തിൽ നടപ്പാക്കിയില്ല. "പ്രതിഷേധം വരും" എന്ന് പേടിച്ച് പല ഫയലുകളും മടക്കിവെച്ചു.

1. കാലാവസ്ഥ: എൽ-നിനോ + അസാധാരണ ചൂട്. ഇത് രാജ്യമൊട്ടാകെ ഡിമാൻഡ് കൂട്ടി, പവർ എക്സ്ചേഞ്ചിൽ പവർ കിട്ടാതെയായി.*

*2. ദേശീയ ഗ്രിഡ് സമ്മർദ്ദം: എല്ലാ സംസ്ഥാനങ്ങളിലും ഡിമാൻഡ് കൂടിയപ്പോൾ പുറത്തുനിന്ന് വാങ്ങാൻ പവർ ഇല്ലാതായി.*

*3. ജനങ്ങളുടെ ഉപഭോഗ ശീലം: 10 വർഷം മുമ്പ് ഓരോ വീട്ടിലും 1 ഫാനും 1 ലൈറ്റും മതിയായിരുന്നു. ഇപ്പോൾ AC, 2 ഫ്രിഡ്ജ്, EV, WiFi, കമ്പ്യൂട്ടർ - ഡിമാൻഡ് ഇരട്ടിയായി.*

**ചുരുക്കം**

> "വോട്ട് നഷ്ടപ്പെടും" എന്ന് പേടിച്ച് അണക്കെട്ടോ പ്ലാന്റോ കൊണ്ടുവരാത്തത്, "സ്വയംപര്യാപ്തം" എന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത്, ഡിമാൻഡ് കൂടുന്നതിന് അനുസരിച്ച് അടിസ്ഥാന സൗകര്യം കൂട്ടാത്തത് - ഇതെല്ലാം കൂട്ടിച്ചേർന്നപ്പോഴാണ് ചെറിയ ഒരു കാലാവസ്ഥാ പ്രശ്നം പോലും വലിയ കട്ടായി മാറിയത്.

മഴ വന്നപ്പോൾ കട്ട് നിർത്തി എന്ന് സർക്കാർ പറയുന്നു. പക്ഷേ അടുത്ത വേനലിൽ വീണ്ടും ഇതാവരുത് എങ്കിൽ രാഷ്ട്രീയ തീരുമാനം വേണം - ഉത്പാദനം കൂട്ടുക, ഗ്രിഡ് ശക്തിപ്പെടുത്തുക, ഉപഭോഗം ക്രമപ്പെടുത്തുകയും ചെയ്യണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372863/kerala-power-cut-kseb-staff-attack-analysis-new-)