---
title: "  ഇഞ്ചിയെ മറക്കേണ്ടി വരുമോ? ഇഞ്ചി വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ വർധിച്ചത് 80 രൂപയിലധികം"
english_title: "Ginger Price Hikes In Palakkad: Up By Rs 80 In 2 Weeks, Reaches Rs 280 Per Kg"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372848/palakkad-ginger-price-hike-rs-280-per-kg"
published_at: "2026-07-17T08:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a599e046917b_palakkad-ginger-price-hike-rs-280-per-kg.jpg"
keywords: ["Palakkad", "Ginger Price", "Kerala Agriculture", "Crop Loss", "Fungus"]
---

#   ഇഞ്ചിയെ മറക്കേണ്ടി വരുമോ? ഇഞ്ചി വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ വർധിച്ചത് 80 രൂപയിലധികം

> **Lead Summary:** **പാലക്കാട്: **ഇഞ്ചിയെ മറക്കേണ്ടി വരുമോ? അടുക്കളയിലെ പാചകത്തിൽ നിന്ന് ഇഞ്ചിയെ മാറ്റിനിർത്തേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത് .ജില്ലയിൽ ഇഞ്ചി വിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ കിലോയ്ക്ക് 80 രൂപയിലധികമാണ് വർധിച്ചത്.

## Article Content

**പാലക്കാട്: **ഇഞ്ചിയെ മറക്കേണ്ടി വരുമോ? അടുക്കളയിലെ പാചകത്തിൽ നിന്ന് ഇഞ്ചിയെ മാറ്റിനിർത്തേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത് .ജില്ലയിൽ ഇഞ്ചി വിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ കിലോയ്ക്ക് 80 രൂപയിലധികമാണ് വർധിച്ചത്.

കനത്ത മഴയിൽ കൃഷി നശിച്ചതും, പൈറിക്കുലേറിയ ഫംഗസ് ബാധ വ്യാപകമായി പടർന്നതും വില കുതിച്ചുയരാൻ കാരണമായി എന്ന് കർഷകർ വ്യക്തമാക്കുന്നു. സാധാരണയായി വിളവിറക്കി എട്ടു മാസം പൂർത്തിയാകുമ്പോഴാണ് ഇഞ്ചി പൂർണ വളർച്ചയെത്തി വിളവെടുക്കുന്നത്. എന്നാൽ ഇത്തവണ കാര്യങ്ങൾ നേരെ തിരിച്ചായി.കൃഷിയിടങ്ങളിൽ പൈറിക്കുലേറിയ ഫംഗസ് ബാധ അതിവേഗം പടർന്നു.

ഇതോടെ കർഷകർക്ക് നേരത്തെ വിളവെടുക്കേണ്ട സ്ഥിതിയായി. മാത്രമല്ല, കഴിഞ്ഞ ആഴ്ചകളിൽ പെയ്ത കനത്ത മഴയിൽ പാലക്കാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വ്യാപക കൃഷി നാശവും സംഭവിച്ചു. ചില ദിവസങ്ങളിൽ ഇഞ്ചി വില കിലോയ്ക്ക് 280 രൂപ വരെ ഉയരുകയുണ്ടായി. വിത്തിനും കൃഷിക്കുമായി ഇറക്കിയ മുതൽ പോലും തിരിച്ചുകിട്ടാത്ത അവസ്ഥയിലാണ് പല കർഷകരും.

ഉൽപ്പാദനം കുറഞ്ഞതോടെ വിപണിയിലെത്തുന്ന ഇഞ്ചിയുടെ അളവും കുറഞ്ഞു. ഇതാണ് വില കുതിച്ചുയരാൻ കാരണമായതെന്ന് കർഷകർ പറയുന്നു.രണ്ടാഴ്ച മുൻപ് 180-200 രൂപയ്ക്ക് ലഭിച്ചിരുന്ന ഇഞ്ചിയാണ് ഇപ്പോൾ 260-280 രൂപയ്ക്ക് വരെ വിൽക്കുന്നത്. ഹോൾസെയിൽ മാർക്കറ്റുകളിലും ചില്ലറ കടകളിലും വില ഒരുപോലെ കൂടി. വീട്ടമ്മമാരും ഹോട്ടലുകളും ഇഞ്ചി കൂടുതൽ ഉപയോഗിക്കുന്ന സീസൺ കൂടിയായതിനാൽ വിലവർധന സാധാരണക്കാർക്ക് വലിയ ബാധ്യതയായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372848/palakkad-ginger-price-hike-rs-280-per-kg)