---
title: "പൂജപ്പുരയിൽ മെഡിക്കൽ റപ്രസന്റേറ്റീവ് വീട്ടിൽ മരിച്ച നിലയിൽ; മരിച്ചത് എസ്.ഐയുടെ മകൻ, ആത്മഹത്യയ്ക്ക് പിന്നിൽ ജോലി സമ്മർദ്ദമെന്ന് കുറിപ്പ് "
english_title: "Medical Representative Found Dead in Thiruvananthapuram | Job Stress Alleged"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372839/medical-representative-found-dead-in-thiruvananthapuram-job-stress-alleged-"
published_at: "2026-07-17T06:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5989311c33b_medical-representative-found-dead-in-thiruvananthapuram-job-stress-alleged-.jpg"
keywords: ["Thiruvananthapuram News", "Medical Representative", "Suicide", "Poojappura Suicide", "S I Biju"]
---

# പൂജപ്പുരയിൽ മെഡിക്കൽ റപ്രസന്റേറ്റീവ് വീട്ടിൽ മരിച്ച നിലയിൽ; മരിച്ചത് എസ്.ഐയുടെ മകൻ, ആത്മഹത്യയ്ക്ക് പിന്നിൽ ജോലി സമ്മർദ്ദമെന്ന് കുറിപ്പ് 

> **Lead Summary:** **തിരുവനന്തപുരം: ** പൂജപ്പുര പുന്നയ്ക്കാമുകൾ വാർഡിൽ മെഡിക്കൽ റപ്രസന്റേറ്റീവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തമലം ശിവപ്രിയ വീട്ടിൽ പൊലീസ് ട്രെയ്നിങ് കോളജിലെ സബ് ഇൻസ്പെക്ടർ ബിജുവിന്റെ മകൻ ബി.മിഥുൻ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

## Article Content

**തിരുവനന്തപുരം: ** പൂജപ്പുര പുന്നയ്ക്കാമുകൾ വാർഡിൽ മെഡിക്കൽ റപ്രസന്റേറ്റീവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തമലം ശിവപ്രിയ വീട്ടിൽ പൊലീസ് ട്രെയ്നിങ് കോളജിലെ സബ് ഇൻസ്പെക്ടർ ബിജുവിന്റെ മകൻ ബി.മിഥുൻ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

ബുധൻ രാവിലെ ഏറെ വൈകിയിട്ടും മിഥുനെ പുറത്തേക്ക് കാണാത്തതിനെ തുടർന്ന് അനുജൻ മുറിയിലേക്ക് കയറിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തി. കമ്പനിയിലെ മാനേജർമാരുടെ പേരുകളും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.

സ്വകാര്യ ആയുർവേദ മരുന്ന് കമ്പനിയുടെ മെഡിക്കൽ റപ്രസന്റേറ്റീവായി ജോലി ചെയ്തുവരികയായിരുന്നു മിഥുൻ. സംഭവത്തെക്കുറിച്ച് പൂജപ്പുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജോലി സമ്മർദം മരണകാരണമാണോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. വീട്ടുകാരുടെയും സഹപ്രവർത്തകരുടെയും മൊഴി രേഖപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

നാലുമാസം മുമ്പാണ്‌ മിഥുൻ ജോലിയിൽ പ്രവേശിക്കുന്നത്‌. കച്ചവടതാൽപ്പര്യമാണ് മകന്റെ ജീവനെടുത്തതെന്നും കമ്പനിയിൽ ജോലിക്ക് കയറിയതുമുതൽ മാനസിക സംഘർഷം നേരിട്ടിരുന്നതായും പിതാവും പൊലീസ് സബ് ഇൻസ്പെക്ടറുമായ എസ് ബിജു പറഞ്ഞു. ഉയർന്ന സെയിൽസ്‌ ടാർഗറ്റ്‌ നേടുന്നതിന് കമ്പനിയിൽനിന്ന് മിഥുന് നിരന്തരം സമ്മർദമുണ്ടായിരുന്നു.

പിരിച്ചുവിടൽ ഭീഷണിയും ഉണ്ടായിരുന്നതായി കുടുംബം ആരോപിച്ചു. മിഥുന്റെ മരണത്തിൽ പ്രതിഷേധിച്ച് കേരള മെഡിക്കൽ ആൻഡ് സെയിൽസ് റപ്രസന്റേറ്റീവ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ജോലി സമ്മർദം മൂലമാണ് ആത്മഹത്യയെന്ന് ആരോപിച്ച സംഘം കാരണക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. 

പോസ്റ്റ്‌മോർട്ടം നടപടികൾക്കുശേഷം മൃതദേഹം ശാന്തികവാടത്തിൽ സംസ്കരിച്ചു. അമ്മ: ജലജരാജ് (സെയിൽസ് മാനേജർ, സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്). സഹോദരൻ: ബി നിധിൻ (എംബിഎ വിദ്യാർഥി).

***ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372839/medical-representative-found-dead-in-thiruvananthapuram-job-stress-alleged-)