---
title: "ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം; ഗുരുവായൂരിൽ വയോധിക ദമ്പതികൾക്ക് പരിക്ക്, വീടിന് കേടുപാടുകൾ"
english_title: "Guruvayur Fridge Blast: Elderly Couple Injured in House Explosion"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372837/guruvayur-fridge-blast-elderly-couple-injured-in-house-explosion"
published_at: "2026-07-17T06:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a597d0b78faa_guruvayur-fridge-blast-elderly-couple-injured-house-damage.jpg"
keywords: ["Guruvayur", "Accident", "Fridge Blast", "House Explosion", "Thrissur"]
---

# ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം; ഗുരുവായൂരിൽ വയോധിക ദമ്പതികൾക്ക് പരിക്ക്, വീടിന് കേടുപാടുകൾ

> **Lead Summary:** **ഗുരുവായൂർ ( തൃശൂർ) : **ഗുരുവായൂരിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വയോധിക ദമ്പതികൾക്ക് പരിക്ക്. പാർത്ഥസാരഥി ക്ഷേത്രത്തിന് സമീപം ബുധനാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. പാർത്ഥസാരഥി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ആരോവീട്ടിൽ കുട്ടപ്പൻ , ഭാര്യ അംബിക എന്നിവർക്കാണ് പരിക്കേറ്റത്.

## Article Content

**ഗുരുവായൂർ ( തൃശൂർ) : **ഗുരുവായൂരിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വയോധിക ദമ്പതികൾക്ക് പരിക്ക്. പാർത്ഥസാരഥി ക്ഷേത്രത്തിന് സമീപം ബുധനാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. പാർത്ഥസാരഥി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ആരോവീട്ടിൽ കുട്ടപ്പൻ , ഭാര്യ അംബിക എന്നിവർക്കാണ് പരിക്കേറ്റത്.

ദമ്പതികൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. ഫ്രിഡ്ജ് വൻശബ്ദത്തോടെ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് വീടിനുള്ളിൽ തീ പടരുകയും മുറി മുഴുവൻ കനത്ത പുക നിറയുകയുമായിരുന്നു. പൊട്ടിത്തെറിയുടെ ശബ്ദവും ബഹളവും കേട്ട് ഓടിയെത്തിയ അയൽവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവ സമയത്ത് ഇവരുടെ മകൻ സ്ഥലത്തുണ്ടായിരുന്നില്ല.

വീടിനുള്ളിൽ നിറഞ്ഞ കനത്ത പുകയിൽ ശ്വാസതടസ്സം നേരിട്ട ഇരുവരെയും, വിവരമറിഞ്ഞെത്തിയ ആക്‌ട്‌സ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിടപ്പ് രോഗിയായ കുട്ടപ്പന് സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. ഭാര്യ അംബികക്ക് പുക ശ്വസിച്ചതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളാണുള്ളത്.

മുതുവട്ടൂരിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇരുവരെയും വിദഗ്ധ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീടിന്‍റെ ഭിത്തികൾക്ക് വിള്ളൽ വീഴുകയും ജനൽ ചില്ലുകൾ തകരുകയും ചെയ്തു.

പൊട്ടിത്തെറിച്ച ഫ്രിഡ്‌ജ് പൂർണമായും കത്തി നശിച്ച നിലയിലാണ്. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ ഗുരുവായൂർ ഫയർഫോഴ്സ് സംഘം തീ നിയന്ത്രണവിധേയമാക്കി. ഫ്രിഡ്‌ജിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372837/guruvayur-fridge-blast-elderly-couple-injured-in-house-explosion)