---
title: "നീറ്റ് പുനഃപരീക്ഷ ഫലം പ്രഖ്യാപിച്ചു; യോഗ്യത നേടിയത് 11 ലക്ഷത്തിലധികം പേർ "
english_title: "NEET Re-exam Result 2026 Declared: 11 Lakh Students Qualify, Toppers Score 715"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372834/neet-re-exam-result-2026-declared-toppers-qualify"
published_at: "2026-07-17T05:57:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4740c497ec2_NEET.jpg"
keywords: ["NEET Result", "Medical Entrance", "NTA", "India Education"]
---

# നീറ്റ് പുനഃപരീക്ഷ ഫലം പ്രഖ്യാപിച്ചു; യോഗ്യത നേടിയത് 11 ലക്ഷത്തിലധികം പേർ 

> **Lead Summary:** **ദില്ലി: **രാജ്യം കാത്തിരുന്ന നീറ്റ് പുനഃപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഇത്തവണ പരീക്ഷയെഴുതിയ 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾ യോഗ്യത നേടി. മെഡിക്കൽ പ്രവേശനത്തിനുള്ള ഏറ്റവും വലിയ പ്രവേശന പരീക്ഷയായ നീറ്റിന്റെ ഫലം പുറത്തുവന്നതോടെ രാജ്യത്തെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമായി.

## Article Content

**ദില്ലി: **രാജ്യം കാത്തിരുന്ന നീറ്റ് പുനഃപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഇത്തവണ പരീക്ഷയെഴുതിയ 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾ യോഗ്യത നേടി. മെഡിക്കൽ പ്രവേശനത്തിനുള്ള ഏറ്റവും വലിയ പ്രവേശന പരീക്ഷയായ നീറ്റിന്റെ ഫലം പുറത്തുവന്നതോടെ രാജ്യത്തെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമായി.

പഞ്ചാബിൽ നിന്നുള്ള ആര്യൻ ഗുപ്തയും ഹരിയാനയിൽ നിന്നുള്ള പൻഷുൽ ബെൻസാലും 715 മാർക്ക് നേടിയാണ് രാജ്യത്തെ ടോപ് സ്കോറർമാരായത്. ഇത്തവണത്തെ ഫലത്തിൽ ശ്രദ്ധേയമായ മറ്റൊരു കാര്യം യോഗ്യത നേടിയവരിൽ 58 ശതമാനവും പെൺകുട്ടികളാണ് എന്നതാണ്.

രാജ്യത്തെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി 5,454-ലേറെ പരീക്ഷാ കേന്ദ്രങ്ങളിലാണ് നീറ്റ് പുനഃപരീക്ഷ നടന്നത്. കോപ്പിയടിയും ക്രമക്കേടുകളും തടയുന്നതിനായി പരീക്ഷാ കേന്ദ്രങ്ങളിൽ കേന്ദ്രസേനയുടെയും സംസ്ഥാന പൊലീസിന്റെയും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.

പരീക്ഷയുടെ സുതാര്യത ഉറപ്പാക്കുന്നതിനായി കേന്ദ്രം വലിയ ഒരുക്കങ്ങളാണ് നടത്തിയത്. പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും ഒന്നരലക്ഷത്തിലേറെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. 51,000 സിഗ്നൽ ജാമറുകളും സജ്ജമാക്കിയിരുന്നു. പരീക്ഷ ആരംഭിച്ചതിന് പിന്നാലെ ജാമറുകൾ ആക്ടിവേറ്റ് ചെയ്യുകയും ചെയ്തു.

പതിനായിരത്തിലേറെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിരുന്നു. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലെയും ക്യാമറ ദൃശ്യങ്ങൾ എൻ.ടി.എയുടെ നിരീക്ഷണ സംഘം തത്സമയം വിലയിരുത്തി. ദില്ലിയിലെ എൻ.ടി.എ ആസ്ഥാനത്തെ കൺട്രോൾ റൂമിൽ എത്തിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പരീക്ഷയുടെ നടപടികൾ നേരിട്ട് വിലയിരുത്തുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372834/neet-re-exam-result-2026-declared-toppers-qualify)