---
title: "ജൂനിയർ ആണെങ്കിൽ തല്ലിക്കൊല്ലുമോ? പൈവളിഗെ സ്കൂളിൽ 14 കാരന് നേരെ ക്രൂരമായ റാഗിംഗും മർദ്ദനവും; കഴുത്തിനും നെഞ്ചിനും പരിക്ക്"
english_title: "Kasargod School Ragging: 9th Class Student Brutally Assaulted by Seniors"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372813/kasargod-school-ragging-student-assaulted-seniors"
published_at: "2026-07-16T19:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58e81eb7bdc_kasargod-school-ragging-student-assaulted-seniors.jpg"
keywords: ["Kasargod News", "School Ragging", "Ragging", "Brutally Assaulted", "Seniors"]
---

# ജൂനിയർ ആണെങ്കിൽ തല്ലിക്കൊല്ലുമോ? പൈവളിഗെ സ്കൂളിൽ 14 കാരന് നേരെ ക്രൂരമായ റാഗിംഗും മർദ്ദനവും; കഴുത്തിനും നെഞ്ചിനും പരിക്ക്

> **Lead Summary:** **കാസർഗോഡ്: **മഞ്ചേശ്വരത്ത് റാഗിംഗിന്റെ പേരിൽ സ്കൂൾ വിദ്യാർഥിക്ക് നേരെ സീനിയർ വിദ്യാർഥികളുടെ ക്രൂരമർദ്ദനമെന്ന് പരാതി. പൈവളിഗെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പത്താം ക്ലാസിലെ ഒരു കൂട്ടം വിദ്യാർഥികൾ ചേർന്ന് തല്ലിച്ചതച്ചെന്നാണ് പരാതി. കഴുത്തിനും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ മംഗൽപാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കാസർഗോഡ്: **മഞ്ചേശ്വരത്ത് റാഗിംഗിന്റെ പേരിൽ സ്കൂൾ വിദ്യാർഥിക്ക് നേരെ സീനിയർ വിദ്യാർഥികളുടെ ക്രൂരമർദ്ദനമെന്ന് പരാതി. പൈവളിഗെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പത്താം ക്ലാസിലെ ഒരു കൂട്ടം വിദ്യാർഥികൾ ചേർന്ന് തല്ലിച്ചതച്ചെന്നാണ് പരാതി. കഴുത്തിനും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ മംഗൽപാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൈവളിഗെ സ്വദേശിയായ ജലാലുദ്ദീന്റെ മകൻ മുഹമ്മദ് ജെദിം എന്ന 14 കാരനാണ് സീനിയർ വിദ്യാർഥികളുടെ ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പത്താം ക്ലാസിലെ വിദ്യാർഥികൾ മുഹമ്മദ് ജെദിമിനെ തടഞ്ഞുനിർത്തി. ജൂനിയർ ആണെന്ന പേരിൽ റാഗ് ചെയ്യാൻ ശ്രമിച്ച പ്രതികൾ പിന്നീട് കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

പ്രത്യേകിച്ച് കഴുത്തിനും നെഞ്ചിനും നേരെയാണ് മാരകമായ ഇടികൾ ഉണ്ടായത്. പരിക്ക് ഗുരുതരമായതിനെ തുടർന്ന് സ്ഥലത്തുണ്ടായിരുന്നവർ കുട്ടിയെ ആദ്യം പ്രാഥമിക ശുശ്രൂഷകൾക്ക് വിധേയനാക്കി. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി മംഗൽപാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കുട്ടിയുടെ നില ഇപ്പോൾ സ്ഥിരതയുള്ളതാണെന്നാണ് വിവരം.ഉപ്പള, പൈവളിഗെ മേഖലകളിലെ വിദ്യാലയങ്ങളിൽ മുതിർന്ന വിദ്യാർഥികൾ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്യുന്നതും മർദ്ദിക്കുന്നതും പതിവാകുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പൈവളിഗെയിലെ സംഭവത്തിന് തൊട്ടുപിന്നാലെ ഉപ്പളയിലെ മറ്റൊരു സ്കൂളിലും സമാനമായ റാഗിംഗ് പ്രശ്നം റിപ്പോർട്ട് ചെയ്തിരുന്നു.

അന്ന് നാട്ടുകാരും സ്കൂൾ അധികൃതരും ഇടപെട്ടാണ് പ്രശ്നം താത്കാലികമായി പരിഹരിച്ചത്. സ്കൂളുകളിലും പരിസരങ്ങളിലും റാഗിംഗ് തടയുന്നതിനും ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനുമായി പൊലീസും സ്കൂൾ അധികൃതരും ബോധവൽക്കരണ പരിപാടികൾ നടത്തുന്നതിനിടയിലാണ് ഈ അതിക്രമം.

സംഭവത്തിൽ പൊലീസിൽ ഔദ്യോഗിക പരാതി നൽകാനാണ് കുട്ടിയുടെ കുടുംബത്തിന്റെ തീരുമാനം. കുറ്റക്കാർക്കെതിരെ കർശന നിയമനടപടിയും സ്കൂൾ തലത്തിലുള്ള അച്ചടക്ക നടപടിയും വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372813/kasargod-school-ragging-student-assaulted-seniors)