---
title: "ഇരുട്ടിൽ ഇരിക്കണം കേട്ടോ ....! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; പീക്ക് സമയത്ത് കെഎസ്ഇബി മുന്നറിയിപ്പ്"
english_title: "Kerala Power Cut Alert Today: KSEB Announces Partial Restriction on July 16"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372810/kerala-power-cut-alert-today-kseb-july-16-restriction"
published_at: "2026-07-16T19:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58e07cb073c_kerala-power-cut-alert-today-kseb-july-16-restriction.jpg"
keywords: ["Kerala News", "KSEB", "Power Cut", "Partial Restriction", "Minister Sunny Joseph"]
---

# ഇരുട്ടിൽ ഇരിക്കണം കേട്ടോ ....! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; പീക്ക് സമയത്ത് കെഎസ്ഇബി മുന്നറിയിപ്പ്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടരും. എൽനിനോ പ്രതിഭാസം മൂലമുണ്ടായ മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും കാരണം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം മുൻ വർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടരും. എൽനിനോ പ്രതിഭാസം മൂലമുണ്ടായ മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും കാരണം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം മുൻ വർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിട്ടുണ്ട്.

ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത കൂടിയതിനാൽ പവർ എക്സ്ചേഞ്ച് വഴി ലഭിക്കുന്ന വൈദ്യുതിയിലും വലിയ കുറവ് അനുഭവപ്പെടുന്നുണ്ട്.സംസ്ഥാനത്ത് മഴ മാറിനിൽക്കുന്നതിനാൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് 400 മുതൽ 500 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.

പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യത്തിൽ 16.07.2026 വ്യാഴ്ച വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നും ബോർഡ് അറിയിച്ചു.വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കഴിയാത്ത അടിയന്തര സാഹചര്യമാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി.

മുൻ വർഷത്തേക്കാൾ ഉപഭോഗം കൂടുകയും ആഭ്യന്തര ഉൽപാദനം കുറയുകയും ചെയ്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. വൈദ്യുതി വിപണിയിലെ വിലക്കയറ്റവും വേനൽക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കടം വാങ്ങിയ 530 മെഗാവാട്ട് തിരികെ നൽകേണ്ടി വരുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നുവെന്ന് മന്ത്രി വിശദീകരിച്ചു.പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ എല്ലാ ഇടപെടലുകളും നടത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി.

എന്നാൽ വൈദ്യുതി മേഖലയിലെ ദുരിതത്തെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നുണ്ട്. നിയന്ത്രണം നേരിടുന്നതിനാൽ വൈദ്യുതി അനാവശ്യമായി ഉപയോഗിക്കാതെ ജനങ്ങൾ സഹകരിക്കണമെന്ന് കെഎസ്ഇബിയും അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372810/kerala-power-cut-alert-today-kseb-july-16-restriction)