---
title: "വഖഫ് ബോര്‍ഡ് പുനഃസംഘടന: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം"
english_title: "CPM Slams UDF Govt Over Waqf Board Reconstitution, Alleges Support To BJP Agenda"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372805/cpm-slams-udf-government-waqf-board-reconstitution-kerala"
published_at: "2026-07-16T18:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ff42a13c66_CPIM.jpg"
keywords: ["CPM", "UDF Government", "Waqf Board Kerala", "BJP", "Kerala Politics", "Minority Rights"]
---

# വഖഫ് ബോര്‍ഡ് പുനഃസംഘടന: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം

> **Lead Summary:** തിരുവനന്തപുരം: വഖഫ് ബോര്‍ഡ് പുനഃസംഘടനാ വിഷയത്തില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്.

## Article Content

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് പുനഃസംഘടനാ വിഷയത്തില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്.

ബിജെപിയുടെ വര്‍ഗീയ അജണ്ടയ്ക്ക് അനുസരിച്ച് വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു കൊള്ളാമെന്ന് ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ച യുഡിഎഫ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളോടും കേരളത്തിലെ മതനിരപേക്ഷ സമൂഹത്തോടും കടുത്ത വഞ്ചനയാണ് കാണിച്ചതെന്ന് സിപിഎം കുറ്റപ്പെടുത്തി.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യങ്ങള്‍ അംഗീകരിച്ച് വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാമെന്ന നിലപാടാണ് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. ഇത് കേരളത്തിന്റെ മതനിരപേക്ഷ മുഖത്തിന് കളങ്കമുണ്ടാക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എടുക്കുന്ന നയപരമായ ഓരോ നിലപാടിലും സംഘപരിവാര്‍ അജണ്ട തെളിഞ്ഞ് കാണാമെന്നും സിപിഎം ആരോപിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ യുഡിഎഫ്, ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.

വഖഫ് സ്വത്തുക്കളുടെ സംരക്ഷണവും ഭരണവും സംബന്ധിച്ച് കേരളത്തില്‍ നിലനിന്നിരുന്ന സമവായങ്ങളെ തകര്‍ക്കുന്നതാണ് ഈ നീക്കമെന്ന് സിപിഎം വ്യക്തമാക്കി. കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ന്യൂനപക്ഷ സമൂഹത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നും ഇത്തരം നിലപാടുകള്‍ തിരുത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ മതനിരപേക്ഷതയും സാമുദായിക ഐക്യവും സംരക്ഷിക്കാന്‍ എല്ലാ ജനാധിപത്യ ശക്തികളും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ഥിച്ചു. വഖഫ് ബോര്‍ഡ് വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372805/cpm-slams-udf-government-waqf-board-reconstitution-kerala)