---
title: "സ്വർണാഭരണങ്ങളും പണവും ഉൾപ്പെടെ ലക്ഷങ്ങളുടെ കവർച്ച, പാചക തൊഴിലാളിയായി ഒളിച്ചു താമസം; കുപ്രസിദ്ധ മോഷ്ടാവിനെ വലയിലാക്കി പൊലീസ്"
english_title: "Notorious Thief Arrested In Kollam: Bahuleyan Caught While Working As Cook"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372779/notorious-thief-bahuleyan-arrested-kollam-kilikkollur-cook"
published_at: "2026-07-16T16:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58baa0aba58_notorious-thief-bahuleyan-arrested-kollam-kilikkollur-cook.jpg"
keywords: ["Kollam News", "Bahuleyan Arrest", "House Theft", "Kerala Police", "Kilikkollur", "Vanchiyoor", "Notorious Thief"]
---

# സ്വർണാഭരണങ്ങളും പണവും ഉൾപ്പെടെ ലക്ഷങ്ങളുടെ കവർച്ച, പാചക തൊഴിലാളിയായി ഒളിച്ചു താമസം; കുപ്രസിദ്ധ മോഷ്ടാവിനെ വലയിലാക്കി പൊലീസ്

> **Lead Summary:** കൊല്ലം: പാചക തൊഴിലാളിയുടെ മറവിൽ കൊല്ലം കിളികൊല്ലൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് വലയിലായി. തിരുവനന്തപുരം പട്ടം സ്വദേശി ബാഹുലേയൻ ആണ് വഞ്ചിയൂർ പൊലീസിന്റെ പിടിയിലായത്.

## Article Content

കൊല്ലം: പാചക തൊഴിലാളിയുടെ മറവിൽ കൊല്ലം കിളികൊല്ലൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് വലയിലായി. തിരുവനന്തപുരം പട്ടം സ്വദേശി ബാഹുലേയൻ ആണ് വഞ്ചിയൂർ പൊലീസിന്റെ പിടിയിലായത്.

വീടുകളിൽ കയറി കവർച്ച നടത്തിയതിന് തിരുവനന്തപുരത്ത് നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ഒളിവിൽ കഴിയുകയായിരുന്ന ബാഹുലേയനെ കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വഞ്ചിയൂർ പൊലീസ് കിളികൊല്ലൂരിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി കൊല്ലത്തെ ഒരു ഹോട്ടലിൽ പാചക തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു പ്രതി.വഞ്ചിയൂർ, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധികളിലായി 8 വീടുകളിൽ കവർച്ച നടത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. വീടുകളുടെ പൂട്ട് കുത്തിത്തുറന്നും ജനൽ വഴി കയറിയും ആയിരുന്നു മോഷണം.

സ്വർണാഭരണങ്ങളും പണവും ഉൾപ്പെടെ ലക്ഷങ്ങളുടെ കവർച്ചയാണ് നടന്നത്. ഇയാൾക്കെതിരെ തിരുവനന്തപുരം ജില്ലയിൽ 9 ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മോഷണമുതൽ വിൽപ്പന നടത്തുന്ന സംഘവുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ ബാഹുലേയനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇയാളുടെ പഴയ കുറ്റകൃത്യങ്ങളെ കുറിച്ചും കൂടുതൽ മോഷണങ്ങളെ കുറിച്ചും വിശദമായ ചോദ്യം ചെയ്യൽ നടത്തുമെന്ന് വഞ്ചിയൂർ പൊലീസ് അറിയിച്ചു.പ്രദേശത്ത് സമാന രീതിയിൽ നടന്ന മറ്റ് മോഷണങ്ങളിലും ഇയാൾക്ക് പങ്കുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. ഒളിവിൽ കഴിയുന്ന മറ്റ് കുറ്റവാളികളെ കണ്ടെത്താനും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372779/notorious-thief-bahuleyan-arrested-kollam-kilikkollur-cook)