---
title: "പരമ്പര കൈയ്യിലൊതുക്കാൻ ഇന്ത്യ ഇന്ന് കാർഡിഫിൽ; ഗിൽ കളിക്കുമോ? ടീമിൽ മാറ്റത്തിന് സാധ്യത"
english_title: "IND vs ENG 2nd ODI: India Eye Series Win At Cardiff, Shubman Gill Injury Update"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372773/india-england-2nd-odi-cardiff-series-win-shubman-gill-injury"
published_at: "2026-07-16T15:45:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58af6aae3f3_india-england-2nd-odi_.jpg"
keywords: ["India vs England", "2nd ODI", "Cardiff", "Shubman Gill", "Series Decider"]
---

# പരമ്പര കൈയ്യിലൊതുക്കാൻ ഇന്ത്യ ഇന്ന് കാർഡിഫിൽ; ഗിൽ കളിക്കുമോ? ടീമിൽ മാറ്റത്തിന് സാധ്യത

> **Lead Summary:** ബർമിങ്‌ഹാം: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കാനുള്ള അവസരവുമായി ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം ഏകദിനമാണ് ഇന്ന് കാർഡിഫിലെ സോഫിയ ഗാർഡൻസിൽ.

## Article Content

ബർമിങ്‌ഹാം: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കാനുള്ള അവസരവുമായി ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം ഏകദിനമാണ് ഇന്ന് കാർഡിഫിലെ സോഫിയ ഗാർഡൻസിൽ.

വൈകുന്നേരം 5.30 നാണ് മത്സരം ആരംഭിക്കുക. സോണി സ്പോർട്സ് നെറ്റ്‌വർക്കിലും ജിയോ ഹോട്‌സ്റ്റാറിലും തത്സമയം കാണാം.ആദ്യ മത്സരത്തിൽ ആറ് വിക്കറ്റിന്റെ ഉജ്വല ജയമാണ് ഇന്ത്യ നേടിയത്. ഇംഗ്ലണ്ട് ഉയർത്തിയ 258 റൺസ് വിജയലക്ഷ്യം 45.2 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.

സ്പിൻ ഓൾറൗണ്ടർ അക്സർ പട്ടേലിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. 52 പന്തിൽ 57 റൺ നേടിയ അക്സർ നാല് വിക്കറ്റ് കൂടി വീഴ്ത്തി മാൻ ഓഫ് ദി മാച്ച് ആയി.ട്വന്റി20 പരമ്പര 4-0 ന് തോറ്റതിന്റെ നിരാശ മാറ്റാൻ ഏകദിന പരമ്പര ജയം ഇന്ത്യക്ക് അനിവാര്യമാണ്. ഇന്ന് കൂടി ജയിച്ചാൽ ഒരു മത്സരം ബാക്കിനിൽക്കെ പരമ്പര സ്വന്തമാക്കാം.

ആദ്യ മത്സരത്തിൽ പരിക്കേറ്റ് മടങ്ങിയ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ കളിക്കുമോ എന്നതിൽ ഇപ്പോഴും സംശയമുണ്ട്. 75 പന്തിൽ 80 റൺ നേടി നിൽക്കുമ്പോൾ പേശിവലിവിനെ തുടർന്നാണ് ഗിൽ പുറത്തായത്. ഗിൽ ഇല്ലെങ്കിൽ രോഹിത് ശർമ്മയ്ക്കൊപ്പം ഇഷാൻ കിഷൻ ഓപ്പണറായി ഇറങ്ങാനാണ് സാധ്യത.

ശ്രേയസ് അയ്യർ ടീമിനെ നയിക്കും.ബൗളിംഗിൽ ഒരു മാറ്റത്തിന് സാധ്യതയുണ്ട്. ആദ്യ മത്സരത്തിൽ രണ്ട് വിക്കറ്റ് നേടിയ ഗുർനൂർ ബ്രാറിന് പകരം ഇടംകൈയൻ പേസർ അർഷ്ദീപ് സിംഗ് ടീമിലെത്തിയേക്കും. 2023 ലോകകപ്പ് ഫൈനലിന് ശേഷം ഏകദിനത്തിൽ തിരിച്ചെത്തിയ ജസ്പ്രീത് ബുംറ ആദ്യ കളിയിൽ 9 ഓവറിൽ 31 റൺ വഴങ്ങി ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ വിക്കറ്റ് നേടിയിരുന്നു.

ബാറ്റിംഗിൽ രോഹിത് ശർമ്മ 11, വിരാട് കോഹ്ലി 5, കെ എൽ രാഹുൽ 1 എന്നിങ്ങനെ മുതിർന്ന താരങ്ങൾക്ക് ആദ്യ കളിയിൽ തിളങ്ങാനായില്ല. ഇന്ന് അവരിൽ നിന്ന് മികച്ച പ്രകടനം ടീം പ്രതീക്ഷിക്കുന്നു.ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഇത് ജീവൻ-മരണ പോരാട്ടമാണ്. ജോ റൂട്ട്, ഹാരി ബ്രൂക്ക്, ലിയാം ഡോസൺ എന്നിവരുടെ ഫോമിലാണ് ആതിഥേയരുടെ പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372773/india-england-2nd-odi-cardiff-series-win-shubman-gill-injury)