---
title: "ഒന്നും വേണ്ട, അഴിച്ചുമാറ്റിക്കോളൂ....! ബസുകളിലെ ‘വോക്കൽ’ സ്പീക്കറുകൾ അഴിച്ചുമാറ്റണം; കർശന നിർദ്ദേശവുമായി ഗതാഗത മന്ത്രി സി.പി. ജോൺ"
english_title: "CP John Warns Against Vocal Speakers In Buses, Threatens Vehicle Seizure"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372748/cp-john-vocal-speakers-bus-ksrtc-priyadarshini-new"
published_at: "2026-07-16T14:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58a04f99dd2_cp-john-vocal-speakers-bus-ksrtc-priyadarshini-new.jpg"
keywords: ["CP John", "KSRTC", "Priyadarshini", "Kerala Transport", "Bus"]
---

# ഒന്നും വേണ്ട, അഴിച്ചുമാറ്റിക്കോളൂ....! ബസുകളിലെ ‘വോക്കൽ’ സ്പീക്കറുകൾ അഴിച്ചുമാറ്റണം; കർശന നിർദ്ദേശവുമായി ഗതാഗത മന്ത്രി സി.പി. ജോൺ

> **Lead Summary:** **തിരുവനന്തപുരം: **വാഹനങ്ങളുടെ മോഡിഫിക്കേഷൻ അനുവാദങ്ങൾ ദുരുപയോഗം ചെയ്താൽ കർശന നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. ബസുകളിൽ ‘വോക്കൽ’ എന്ന പേരിൽ സ്പീക്കറുകൾ വെച്ച് പ്രവർത്തിപ്പിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. അനുവാദമില്ലാതെ വോക്കൽ ഘടിപ്പിച്ച വാഹനങ്ങൾ സ്വയം നീക്കം ചെയ്യണമെന്ന് മന്ത്രി നിർദേശിച്ചു.

## Article Content

**തിരുവനന്തപുരം: **വാഹനങ്ങളുടെ മോഡിഫിക്കേഷൻ അനുവാദങ്ങൾ ദുരുപയോഗം ചെയ്താൽ കർശന നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. ബസുകളിൽ ‘വോക്കൽ’ എന്ന പേരിൽ സ്പീക്കറുകൾ വെച്ച് പ്രവർത്തിപ്പിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. അനുവാദമില്ലാതെ വോക്കൽ ഘടിപ്പിച്ച വാഹനങ്ങൾ സ്വയം നീക്കം ചെയ്യണമെന്ന് മന്ത്രി നിർദേശിച്ചു.

നിയമം ലംഘിക്കുന്നവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിക്കും.  കണ്ടമാനം പുതിയ ബസുകൾ വാങ്ങുന്നതല്ല സർക്കാർ നയം. നിലവിലുള്ള ബസുകൾ കാര്യക്ഷമമായി നിരത്തിലിറക്കും. ലക്ഷ്വറി ബസുകൾ ഉടൻ സർവീസ് ആരംഭിക്കും. നിലവിൽ ഓൺലൈൻ ടാക്സി മേഖലയിലടക്കം വൻ നിക്ഷേപമാണുള്ളതെന്നും അവരെ കൂടി പരിഗണിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി പദ്ധതി വമ്പിച്ച വിജയമായതായി മന്ത്രി അറിയിച്ചു. ഒരു മാസത്തിനിടെ 3.81 കോടി സ്ത്രീകൾ ഈ പദ്ധതി പ്രയോജനപ്പെടുത്തി. ദിവസേന യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 12.1 ലക്ഷമായി ഉയർന്നു.പദ്ധതി മൂലം ഒരു മാസം റവന്യൂ നഷ്ടം 60 കോടിയോട് അടുത്തു.

എന്നാൽ പരിസ്ഥിതിക്ക് വലിയ ഗുണമുണ്ടായി. 1000 യാത്രക്കാർക്ക് 504 കിലോഗ്രാം ആയിരുന്ന കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ 404 കിലോഗ്രാമായി കുറഞ്ഞു.പ്രിയദർശിനി ബസുകളുടെ എണ്ണം കുറവാണ്. അത് പരിഹരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. കൂടുതൽ ബസുകൾ പദ്ധതിക്കായി അനുവദിക്കും. ബസുകളിൽ അമിത തിരക്ക് പരമാവധി കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372748/cp-john-vocal-speakers-bus-ksrtc-priyadarshini-new)