---
title: " മൂന്നാമത്തെ വിവാഹത്തിനിടെ രണ്ടാം ഭാര്യ എത്തി: ശാസ്താംകോട്ടയിൽ വിവാഹ തട്ടിപ്പ്, യുവാവും കൂട്ടാളിയും പിടിയിൽ "
english_title: "Sasthamkotta Marriage Fraud: Man Arrested For Hiding Two Marriages, Marrying Third Woman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372739/sasthamkotta-marriage-fraud-man-arrested-hiding-two-marriages"
published_at: "2026-07-16T13:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58969482fb9_sasthamkotta-marriage-fraud-man-arrested-hiding-two-marriages.jpg"
keywords: ["Sasthamkotta", "Marriage Fraud", "Kerala Crime News", "Bigamy Case", "Kollam Police", "Jobin Fake Name"]
---

#  മൂന്നാമത്തെ വിവാഹത്തിനിടെ രണ്ടാം ഭാര്യ എത്തി: ശാസ്താംകോട്ടയിൽ വിവാഹ തട്ടിപ്പ്, യുവാവും കൂട്ടാളിയും പിടിയിൽ 

> **Lead Summary:** ശാസ്താംകോട്ട: രണ്ട് വിവാഹങ്ങളും നാല് കുട്ടികളും ഉണ്ടായിട്ടും അത് മറച്ചുവച്ച് മൂന്നാം വിവാഹം കഴിക്കാൻ ശ്രമിച്ച യുവാവും കൂട്ടാളിയും ശാസ്താംകോട്ട പൊലീസിന്റെ പിടിയിൽ. കൊല്ലം കണ്ണനല്ലൂർ സ്വദേശി റെജി , മാവേലിക്കര കൊല്ലകടവ് സ്വദേശി ജിജോ എന്നിവരാണ് അറസ്റ്റിലായത്.

## Article Content

ശാസ്താംകോട്ട: രണ്ട് വിവാഹങ്ങളും നാല് കുട്ടികളും ഉണ്ടായിട്ടും അത് മറച്ചുവച്ച് മൂന്നാം വിവാഹം കഴിക്കാൻ ശ്രമിച്ച യുവാവും കൂട്ടാളിയും ശാസ്താംകോട്ട പൊലീസിന്റെ പിടിയിൽ. കൊല്ലം കണ്ണനല്ലൂർ സ്വദേശി റെജി , മാവേലിക്കര കൊല്ലകടവ് സ്വദേശി ജിജോ എന്നിവരാണ് അറസ്റ്റിലായത്.

കുന്നത്തൂർ സ്വദേശിനിയായ യുവതിയെയാണ് റെജി തട്ടിപ്പിലൂടെ വിവാഹം കഴിച്ചത്. താൻ 'ജോബിൻ' എന്ന പേരിലാണ് യുവതിയോടും ബന്ധുക്കളോടും പരിചയപ്പെട്ടത്. ജാതി മാറിയാണ് വിവാഹമെന്നും അതിനാൽ വീട്ടുകാർ സഹകരിക്കുന്നില്ലെന്നും പറഞ്ഞ് യുവതിയുടെ വീട്ടുകാരെ ഇയാൾ വിശ്വസിപ്പിച്ചു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹം. എന്നാൽ വിവാഹത്തിന്റെ പിറ്റേ ദിവസം തന്നെ റെജിയുടെ രണ്ടാമത്തെ ഭാര്യയും മക്കളും കുന്നത്തൂരിൽ അന്വേഷണവുമായി എത്തി. തങ്ങൾക്ക് മുമ്പ് കണ്ണനല്ലൂർ, നല്ലില എന്നിവിടങ്ങളിൽ വച്ച് റെജി വിവാഹം കഴിച്ചിട്ടുണ്ടെന്നും നാല് കുട്ടികളുണ്ടെന്നും ഇവർ പറഞ്ഞു.

ജംഗ്ഷനിലും സമീപ ക്ഷേത്രത്തിലും അന്വേഷിച്ചെങ്കിലും വ്യാജപേരായതിനാൽ വിവരങ്ങൾ കിട്ടിയില്ല. തുടർന്ന് ചൊവ്വാഴ്ച രണ്ടാമത്തെ ഭാര്യ ശാസ്താംകോട്ട പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് വ്യക്തമായി. പൊലീസ് നേരിട്ട് ഇടപെടാതെ തന്ത്രപരമായ നീക്കമാണ് നടത്തിയത്.

മൂന്നാം വിവാഹത്തിന് ഇരയായ യുവതിയുടെ വീട്ടുകാരെ വിവരങ്ങൾ ധരിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് അടൂരിൽ ഒരു ബന്ധു മരിച്ചുവെന്നും അതിൽ പങ്കെടുക്കാൻ എത്തണമെന്നും പറഞ്ഞ് യുവതിയുടെ പിതാവ് റെജിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. രാത്രി എട്ട് മണിയോടെ വീട്ടിലെത്തിയ റെജിക്ക് കാര്യങ്ങൾ പന്തിയല്ലെന്ന് മനസ്സിലായി.

ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാരും വീട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറി. രാത്രി 11.30 ഓടെ റെജിയെ തേടിയെത്തിയ കൂട്ടാളി ജിജോയെയും നാട്ടുകാർ പിടികൂടി. വിവാഹ ആലോചനയുടെ തുടക്കം മുതൽ ബന്ധുവായി എത്തിയത് ജിജോ ആയിരുന്നു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ജിജോയുടെ വീട്ടുകാരിൽ നിന്ന് 35 ലക്ഷം രൂപ റെജി തട്ടിയെടുത്തതായും പൊലീസ് കണ്ടെത്തി. ജിജോ റെജിയുടെ കെണിയിൽ അകപ്പെട്ടതാണെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372739/sasthamkotta-marriage-fraud-man-arrested-hiding-two-marriages)