---
title: "'എൽഡിഎഫ് രാഷ്ട്രീയം വെളിച്ചമാണ്, യുഡിഎഫ് രാഷ്ട്രീയം ഇരുട്ടും'; പവർകട്ടിൽ ബിനോയ് വിശ്വത്തിന്റെ വിമർശനം"
english_title: "Binoy Viswam Slams UDF Over Power Cuts, Says No Dispute On VS Memorial"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372694/binoy-viswam-slams-udf-over-power-cuts-says-no-dispute-on-vs-memorial"
published_at: "2026-07-16T11:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3a8bdaf362_binoy_vishwam.jpg"
keywords: ["Binoy Viswam", "CPI", "CPIM", "Kerala Power Cut", "UDF", "LDF", "Kerala Politics"]
---

# 'എൽഡിഎഫ് രാഷ്ട്രീയം വെളിച്ചമാണ്, യുഡിഎഫ് രാഷ്ട്രീയം ഇരുട്ടും'; പവർകട്ടിൽ ബിനോയ് വിശ്വത്തിന്റെ വിമർശനം

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വന്നതോടെ വീണ്ടും പവർകട്ട് രൂക്ഷമായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന വൈദ്യുതി മിച്ചം യുഡിഎഫ് ഭരണത്തിൽ നഷ്ടപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വന്നതോടെ വീണ്ടും പവർകട്ട് രൂക്ഷമായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന വൈദ്യുതി മിച്ചം യുഡിഎഫ് ഭരണത്തിൽ നഷ്ടപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.

> “യുഡിഎഫ് വന്നു, പവർകട്ടും വന്നു. എൽഡിഎഫ് രാഷ്ട്രീയം വെളിച്ചമാണ്. യുഡിഎഫ് രാഷ്ട്രീയം ഇരുട്ടാണ്” എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പരിഹാസം.അതേസമയം ഇടതുമുന്നണിയിൽ ഐക്യത്തിനാണ് പ്രാധാന്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

> “ഇടതുപക്ഷത്തിന് വേണ്ടത് ഭിന്നിപ്പല്ല, ഐക്യമാണ്. ഘടകക്ഷികൾ തമ്മിൽ ഒരുമിച്ച് മുന്നോട്ട് പോകണം” ബിനോയ് വിശ്വം പറഞ്ഞു.വിഎസ് അച്യുതാനന്ദന് സ്മാരകം സ്ഥാപിക്കുന്ന വിഷയത്തിൽ സിപിഐക്ക് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “നേരത്തെ ഒരു നേതാവിനും സ്മാരകം വേണ്ട എന്നതായിരുന്നു സിപിഐയുടെയും സിപിഐഎമ്മിന്റെയും പൊതു നിലപാട്. എന്നാൽ ഇപ്പോൾ പുതിയ നിർദ്ദേശം വന്നിട്ടുണ്ട്.

ടിവി തോമസിന് സ്മാരകം വരുന്നത് ഏറ്റവും ഉചിതമായ തീരുമാനമാണ്. ഈ വിഷയത്തിൽ യാതൊരു തർക്കവുമില്ല. രണ്ട് പാർട്ടികളുടെയും നേതാക്കൾ ഒന്നിച്ചിരുന്നാണ് പരിഹാരം കണ്ടത്” ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.ഇടതുമുന്നണിയിൽ യാതൊരു അകൽച്ചയുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം എ ബേബിയും പ്രതികരിച്ചു.

> “ഒന്നും അടഞ്ഞ അധ്യായമല്ല. വലിയ ചുമതലകളിലെ കാര്യങ്ങൾ സിപിഐഎമ്മും സിപിഐയും സംയുക്തമായാണ് നോക്കുന്നത്. വാതിലിന്റെ താക്കോൽ ഒരെണ്ണം സിപിഎമ്മിന്റെയും ഒരെണ്ണം സിപിഐയുടെയും കയ്യിലാണ്” അദ്ദേഹം പറഞ്ഞു.

വിഎസ് സ്മാരകവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംസ്ഥാന നേതൃത്വം വിശദമായി ചർച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കുമെന്ന് എം എ ബേബി അറിയിച്ചു. മറ്റ് വിമർശന വിഷയങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും സംസ്ഥാന നേതാക്കൾ തന്നെ വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372694/binoy-viswam-slams-udf-over-power-cuts-says-no-dispute-on-vs-memorial)