---
title: "'വിവാഹത്തിന് ശേഷം സ്വർണം ഭർതൃവീട്ടിൽ ഏൽപ്പിക്കണോ.....?' വിവാഹച്ചെലവ് രണ്ട് കുടുംബങ്ങളുടെയും പൊതുചെലവ്, ഹൈക്കോടതി പറയുന്നത് ഇങ്ങനെ"
english_title: "Kerala High Court: Women Not Obliged To Hand Over Gold And Money To Husband After Marriage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372675/kerala-high-court-women-gold-money-marriage-observation"
published_at: "2026-07-16T10:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a586b9a99067_kerala-high-court-women-gold-money-marriage-observation.jpg"
keywords: ["Kerala High Court", "Women Rights", "Gold", "Marriage", "Divorce Case", "Financial Independence"]
---

# 'വിവാഹത്തിന് ശേഷം സ്വർണം ഭർതൃവീട്ടിൽ ഏൽപ്പിക്കണോ.....?' വിവാഹച്ചെലവ് രണ്ട് കുടുംബങ്ങളുടെയും പൊതുചെലവ്, ഹൈക്കോടതി പറയുന്നത് ഇങ്ങനെ

> **Lead Summary:** കൊച്ചി: വിവാഹത്തിന് ശേഷം സ്ത്രീകൾ തങ്ങളുടെ പണവും സ്വർണാഭരണങ്ങളും ഭർത്താവിനെയോ ഭർതൃവീട്ടുകാരെയോ ഏൽപ്പിക്കുമെന്ന് കരുതാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

## Article Content

കൊച്ചി: വിവാഹത്തിന് ശേഷം സ്ത്രീകൾ തങ്ങളുടെ പണവും സ്വർണാഭരണങ്ങളും ഭർത്താവിനെയോ ഭർതൃവീട്ടുകാരെയോ ഏൽപ്പിക്കുമെന്ന് കരുതാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ഇന്നത്തെ വിദ്യാസമ്പന്നരായ സ്ത്രീകൾക്ക് സ്വന്തം സ്വത്തുക്കൾ സ്വയം കൈകാര്യം ചെയ്യാനുള്ള പൂർണ അറിവും സ്വാതന്ത്ര്യവും ഉണ്ടെന്നും ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ കെ പ്രീത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

മൂവാറ്റുപുഴ കുടുംബക്കോടതി വിധിച്ച നഷ്ടപരിഹാര തുക കൂടുതലാണെന്ന് ചൂണ്ടിക്കാണിച്ച് ഭർത്താവും കുടുംബാംഗങ്ങളും നൽകിയ അപ്പീൽ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.വിവാഹനിശ്ചയ വേളയിൽ യുവതിയുടെ വീട്ടിൽ നിന്ന് കൈപ്പറ്റിയ 5 ലക്ഷം രൂപ, 80 പവൻ സ്വർണം, വിവാഹച്ചെലവായി 6,89,350 രൂപ എന്നിവ തിരികെ നൽകണമെന്നായിരുന്നു കുടുംബക്കോടതിയുടെ ഉത്തരവ്.

ഇതിൽ വിവാഹനിശ്ചയ ദിവസം 5 ലക്ഷം രൂപ കൈമാറിയതിന് വ്യക്തമായ തെളിവുള്ളതിനാൽ ആ തുക തിരികെ നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിവാഹസമയത്ത് യുവതിക്ക് 80 പവൻ സ്വർണം ഉണ്ടായിരുന്നതായി എസ്.എൻ.ഡി.പി. യോഗം രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ഭർത്താവ് പണയം വെക്കുന്നതിനായി 30 പവൻ സ്വർണം കൈവശപ്പെടുത്തിയതായും തെളിവുണ്ട്.

അതിനാൽ 30 പവൻ സ്വർണം യുവതിക്ക് തിരികെ നൽകണമെന്നും കോടതി പറഞ്ഞു.എന്നാൽ വിവാഹച്ചെലവിനായി ഇരു കുടുംബങ്ങളും നടത്തിയ ചെലവ് പൊതുചെലവായതിനാൽ അത് തിരികെ നൽകണമെന്ന കുടുംബക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

വിവാഹച്ചെലവ് ആരുടെയും വ്യക്തിപരമായ കടമല്ലെന്നും അത് തിരികെ ആവശ്യപ്പെടാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.കുടുംബക്കോടതിയുടെ ഉത്തരവ് ഭാഗികമായി ഭേദഗതി ചെയ്തുകൊണ്ടാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. സ്ത്രീകളുടെ സ്വത്തവകാശവും സാമ്പത്തിക സ്വാതന്ത്ര്യവും സംബന്ധിച്ച കോടതിയുടെ നിരീക്ഷണം ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372675/kerala-high-court-women-gold-money-marriage-observation)