---
title: "പേരാമ്പ്രയിലെ കുഞ്ഞികണ്ണന്റെ മരണം !! ഗ്രാമങ്ങളിൽ പോലും അറ്റുപോകുന്ന മാനവികതയുടെ നേർകാഴ്ച്ചയോ ?"
english_title: "Perambra Kunhikannan Death: Are We Forgetting Our Elderly And Neighbors?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372650/perambra-kunhikannan-loneliness-elderly-care-message-new-"
published_at: "2026-07-16T09:23:00+05:30"
category: "Talks & Topics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5855ce5249a_perambra-kunhikannan-loneliness-elderly-care-message.jpg"
keywords: ["Perambra", "Kunhikannan", "Elderly Care", "Humanity", "Kerala", "Neighbors", "Susmitha surendran"]
---

# പേരാമ്പ്രയിലെ കുഞ്ഞികണ്ണന്റെ മരണം !! ഗ്രാമങ്ങളിൽ പോലും അറ്റുപോകുന്ന മാനവികതയുടെ നേർകാഴ്ച്ചയോ ?

> **Lead Summary:** **കോഴിക്കോട് : **പ്രിയപ്പെട്ടരുടെ ഒരു വിളികേൾക്കാൻ കൊതിക്കാതവരുണ്ടോ? സ്വന്തമെന്ന് പറഞ്ഞ് ചൂണ്ടി കാണിക്കാൻ ഏറെ മനുഷ്യരുണ്ടെങ്കിലും ഉള്ളറിഞ്ഞ് സുഖമാണോ? എന്ന് ചോദിച്ചുവരാൻ അമ്മയോ അച്ഛനോ ഒരു പക്ഷേ അടുത്ത അയൽവാസിയോ തന്നെ വേണമെന്ന് ഒരിക്കൽ കൂടെ നമ്മെ ഓർമിപ്പിക്കുകയാണ് പേരാമ്പ്രയിലെ കുഞ്ഞിക്കണ്ണന്റെ മരണം.

## Article Content

**കോഴിക്കോട് : **പ്രിയപ്പെട്ടരുടെ ഒരു വിളികേൾക്കാൻ കൊതിക്കാതവരുണ്ടോ? സ്വന്തമെന്ന് പറഞ്ഞ് ചൂണ്ടി കാണിക്കാൻ ഏറെ മനുഷ്യരുണ്ടെങ്കിലും ഉള്ളറിഞ്ഞ് സുഖമാണോ? എന്ന് ചോദിച്ചുവരാൻ അമ്മയോ അച്ഛനോ ഒരു പക്ഷേ അടുത്ത അയൽവാസിയോ തന്നെ വേണമെന്ന് ഒരിക്കൽ കൂടെ നമ്മെ ഓർമിപ്പിക്കുകയാണ് പേരാമ്പ്രയിലെ കുഞ്ഞിക്കണ്ണന്റെ മരണം.

രക്തബന്ധങ്ങളുടെ അകൽച്ചയ്ക്കൊപ്പം ഗ്രാമങ്ങളിൽ പോലു അറ്റുപോകുന്ന മാനവികതയുടെ നേർകാഴ്ച്ചയോ ഈ വയോധികൻ്റെ ദുരിയോഗം എന്ന ചോദ്യങ്ങളും ബാക്കിയാവുന്നു. ഭാര്യ മരിച്ച ശേഷം തനിച്ചു താമസിച്ചിരുന്ന പേരാമ്പ്രയിലെ കാക്കാമാക്കൂൽ മീത്തൽ കുഞ്ഞിക്കണ്ണന്റെ മരണവാർത്ത കേട്ട് ഒന്ന് പകച്ചവരാണ് ഒരു പക്ഷെ നമ്മളിൽ പലരും.

പറമ്പിൽ നിന്നും അസ്ഥികൂടം കണ്ടെത്തിയപ്പോൾ അയൽവാസികൾ പോലും ഓർത്തുകാണില്ല ആ കിടക്കുന്നത് തങ്ങളുടെ കുഞ്ഞിക്കണ്ണനാണെന്നത്. അത് മറ്റൊന്നും കൊണ്ടല്ല, കുഞ്ഞിക്കണ്ണൻ എന്ന പാവം മനുഷ്യനെ അയൽവാസികൾ മറന്നു തുടങ്ങിയിരുന്നു, എന്തിന് ഏറെ പറയണം ജന്മം നൽകിയമക്കൾ പോലും അച്ഛനെ മറന്നു. പിന്നെ യെല്ലേ ?.

ദിവസവും വിളിക്കുന്നസമയത്ത് മാതാപിതാക്കളുടെ ഒരു ഫോൺകോൾ വന്നില്ലെങ്കിൽ ഉള്ളുപിടയുന്ന മക്കളുടെ കാലവും കഴിഞ്ഞു തുടങ്ങിയോ? ഒരു പക്ഷെ തന്റെ പ്രാണസഖിയായ ഭാര്യ വീട്ടു പോയപ്പോഴും ധൈര്യം കൈവിടാതെ 72 കാരനായ കുഞ്ഞിക്കണ്ണനെ ജീവിക്കാൻ പ്രേരിപ്പിച്ചത് ജന്മം നൽകിയ രണ്ട് മക്കൾ കൂടെയുണ്ടാകും എന്ന വിശ്വാസമാകും.

എങ്ങനെയാണ് കൈപിടിച്ച് വളർത്തിയ അച്ഛനെ മറക്കാൻ നിങ്ങൾക്ക് കഴിഞ്ഞത്? സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയാക്കി തന്ന, നിങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച അച്ഛനെയാണ് നിങ്ങളുടെ തിരക്കിട്ട ജീവിതത്തിനിടയിൽ മറന്ന് പോയത്.

മാറി താമസിച്ചാലും ഒരു വിളിപ്പാടകലെ അവർ നിങ്ങളെയും ഓർത്ത് കഴിയുന്നുണ്ട് എന്ന് നിങ്ങൾ ചിന്തിക്കാതെ പോയത് എന്തുകൊണ്ടാണ്? നിങ്ങൾക്ക് നഷ്ടപ്പെട്ടത് അമ്മ മാത്രമാണെന്നും അച്ഛന്റെ തണൽ ബാക്കിയുണ്ടെന്നും പതിയെ മറന്നു,

പറമ്പിൽ വീണ് മരിച്ച് ഒന്നര മാസമായിട്ടും സ്വന്തക്കാരോ മക്കളോ എന്തിനു പറയുന്നു ഒരാവിശ്യം വന്നാൽ ഓടിയെത്തും എന്ന് സ്വയം അഹങ്കാരത്തോടെ കരുതുന്ന അയൽവാസികൾ പോലും കുഞ്ഞിക്കണ്ണന്റെ മരണം അറിയാതെ പോയി. ഒരാളെ കാണാതാവുന്നതും, മരിച്ച നിലയിൽ കണ്ടെത്തുന്നതുമായ വാർത്ത ദിനംപ്രതി കേട്ടുവരുന്നതാണ്.

എന്നാൽ വാർത്തകളിലൂടെ അങ്ങ് ദൂര സ്ഥലങ്ങളിലുള്ള മരണം ഓർത്ത് വേദനിക്കുന്ന, കാണാത്തവരെ ഓർത്തുള്ള ആദിയും പേറി നടക്കുന്ന നമ്മൾ എങ്ങനെയാണ് കുഞ്ഞിക്കണ്ണനെ മറന്നത്? കറന്റ് ബില്ല് അടക്കാത്തതിൽ കണക്ഷൻ വിച്ഛേദിക്കാൻ എത്തിയ കെ എസ് ഇ ബി ജീവനക്കാരൻ അന്വേഷിച്ചപ്പോഴാണ് കുഞ്ഞികണ്ണനെ അയൽ വാസികൾ ഓർത്തത്.

എന്തൊരു കഷ്ടം, മാനുഷിക മൂല്ല്യങ്ങൾ മുറുകെ പിടിക്കുന്നവരെന്ന് സ്വയം ഊറ്റം കൊള്ളുന്ന നമ്മുടെ വയോജകരുടെ അരക്ഷിതാവസ്ഥയിലേക്ക് കൂടിയാണ് ഇത് വിരൾ ചൂണ്ടുന്നത്. തൊട്ടടുത്ത മനുഷ്യന്റെ നിശബ്ദത വരെ അറിയാൻ കഴിയാതെ തിരക്കിട്ട ജീവിതത്തിൽ ഓടി നടക്കുയാണ് ചുറ്റിലുള്ളവർ. സഹോദരിയുടെ വീട്ടിൽ പോയതാകാം എന്ന് കരുതി ഒന്നര മാസമായിട്ടും ഒരു വട്ടം പോലും കുഞ്ഞിക്കണ്ണനെ കുറിച്ച് തിരക്കാത്ത അയൽബന്ധത്തിനെ നാം എങ്ങനെയാണ് വിവരിക്കേണ്ടത്.

അയൽ വീട്ടിലെ ഇരുട്ട് ഒരിക്കലെങ്കിലും നിങ്ങളുടെ കണ്ണിൽപ്പെട്ടിരുന്നെങ്കിൽ ഒരു പക്ഷെ കുഞ്ഞികണ്ണേട്ടന്റെ അസാന്നിധ്യവും നിങ്ങൾ തിരിച്ചറിഞ്ഞേനെ. ... ഒരു പക്ഷെ ടെക്നോളജിയുടെ വളർച്ചയ്ക്ക് പിന്നാലെ നമ്മളും അതിവേഗം ഓടുമ്പോൾ കണ്ണിൽ കാണുന്ന വെളിച്ചം മുഴുവനും സ്ക്രീൻ ലൈറ്റ് മാത്രമായി ഒതുങ്ങുന്നു. വീടിന്റെ അയല്പക്കത്തെ മനുഷ്യരെ ഓർക്കനോ, സുഖവിവരം തിരക്കാനോയുള്ള സമയം കണ്ടെത്താൻപോലും സത്യത്തിൽ നാം മറന്ന് പോവുകയാണ്.

ജീവൻ പോകുന്ന അവസാന നിമിഷത്തിൽ പോലും കുഞ്ഞിക്കണ്ണൻ ഓർത്തുകാണും പ്രിയപ്പെട്ടവർ ഓടി അരികിലെത്തും എന്നത്. തുറന്ന് വിട്ട കോഴികൾ സമയം കഴിഞ്ഞിട്ടും കൂട്ടിലെത്തിയില്ലെങ്കിൽ ഉണ്ടാകുന്ന വെപ്രാളം പോലും ഒരു മനുഷ്യന് കിട്ടിയില്ലല്ലോ എന്ന് ഓർക്കുമ്പോഴാണ് വലിഞ്ഞു മുറുകുന്നത്.

എങ്ങനെയാണ് ഒരു മനുഷ്യനെ നിങ്ങൾ മറന്നത്? മോളെന്നോ, മോനെന്നോ അല്ലെങ്കിൽ സ്നേഹത്തോടെ നിങ്ങളുടെ പേര് വിളിച്ച ഒരാളുടെ സാനിധ്യം മെല്ലെ മെല്ലെ ഇല്ലാതാകുന്നത് നിങ്ങൾക്ക് അറിയാൻ കഴിഞ്ഞില്ലേ?

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372650/perambra-kunhikannan-loneliness-elderly-care-message-new-)