---
title: "വടകര കടത്തനാട് കോ ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ്; പ്രവാസിയുടെ 113 പവനും 15 ലക്ഷവും നഷ്ടമായി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്"
english_title: "Kerala Cooperative Society Fraud: NRI Loses 113 Sovereign Gold and 15 Lakh Rupees"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372636/kerala-cooperative-society-fraud-nri-loses-113-sovereign-gold-and-15-lakh-rupees"
published_at: "2026-07-16T08:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a204714c65f1_vatakara.jpg"
keywords: ["Kerala News", "Cooperative Fraud", "Kadathanad Labour Contract Co-operative Society", "investment fraud case", "Vatakara"]
---

# വടകര കടത്തനാട് കോ ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ്; പ്രവാസിയുടെ 113 പവനും 15 ലക്ഷവും നഷ്ടമായി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്

> **Lead Summary:** **കോഴിക്കോട്: ** കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ കോടികളുടെ നിക്ഷേപത്തട്ടിപ്പിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഗൾഫിൽ വർഷങ്ങളോളം കഷ്ടപ്പെട്ട് സമ്പാദിച്ച ജീവിതസമ്പാദ്യവും കുടുംബത്തിന്റെ സ്വർണവും ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് തട്ടിയെടുത്തതായി വടകര സ്വദേശിയായ പ്രവാസി പരാതിപ്പെട്ടു.

## Article Content

**കോഴിക്കോട്: ** കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ കോടികളുടെ നിക്ഷേപത്തട്ടിപ്പിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഗൾഫിൽ വർഷങ്ങളോളം കഷ്ടപ്പെട്ട് സമ്പാദിച്ച ജീവിതസമ്പാദ്യവും കുടുംബത്തിന്റെ സ്വർണവും ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് തട്ടിയെടുത്തതായി വടകര സ്വദേശിയായ പ്രവാസി പരാതിപ്പെട്ടു.

വടകര മുട്ടുങ്ങൽ സ്വദേശി അമ്മദാണ് പരാതി നൽകിയിട്ടുള്ളത്. 113 പവനിലധികം സ്വർണവും 15 ലക്ഷം രൂപയും സൊസൈറ്റിയിൽ നിക്ഷേപിച്ചെങ്കിലും തിരികെ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

> "ഗൾഫിലെ വിയർപ്പിന്റെ വിലയായി സമ്പാദിച്ചതെല്ലാം സുരക്ഷിതമായ നാളെയെന്ന പ്രതീക്ഷയിലാണ് സൊസൈറ്റിയിൽ ഏൽപ്പിച്ചത്. എന്നാൽ ഇന്ന് ബാക്കിയായത് കടബാധ്യതയും കണ്ണീരും മാത്രം" എന്ന് അമ്മദ് പറഞ്ഞു. സൊസൈറ്റി ഡയറക്ടർമാർ ഉയർന്ന ലാഭവിഹിതവും സുരക്ഷിത നിക്ഷേപവുമെന്ന വാഗ്ദാനം നൽകിയാണ് പണവും സ്വർണവും പല ഘട്ടങ്ങളിലായി കൈപ്പറ്റിയത്.

കുടുംബത്തിലെ എല്ലാവരുടെയും സമ്പാദ്യമാണ് ഇതിൽ നഷ്ടമായത്. മകൾ ആയിഷയുടെ 25 പവൻ സ്വർണം, മരുമകന്റെ പിതാവിന്റെ 50 പവൻ സ്വർണം, ഭാര്യ ആരിഫയുടെ 7 ലക്ഷം രൂപയും 7.5 പവൻ സ്വർണവും, ഭാര്യയുടെ മാതാവ് ഫാത്തിമയുടെ 3 ലക്ഷം രൂപ, സഹോദരന്റെ ഭാര്യ ഷാഹിദയുടെ 14 പവൻ സ്വർണം എന്നിവ സൊസൈറ്റിയുടെ വടകര ഓഫീസിൽ ഏൽപ്പിച്ചതായി അമ്മദ് വെളിപ്പെടുത്തി.നിക്ഷേപത്തിന്റെ കാലാവധി കഴിഞ്ഞിട്ടും പണമോ സ്വർണമോ തിരികെ നൽകിയില്ല.

പലതവണ ഓഫീസിലും ഡയറക്ടർമാരുടെ വീടുകളിലും കയറിയിറങ്ങിയെങ്കിലും പുതിയ വാഗ്ദാനങ്ങൾ മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു.ഇത് ഒരൊറ്റ കുടുംബത്തിന്റെ പ്രശ്നം മാത്രമല്ല. സമാന രീതിയിൽ ജീവിതസമ്പാദ്യം നഷ്ടപ്പെട്ട നിരവധി നിക്ഷേപകർ ഇതിനകം പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

അതിനിടെ വടകര കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ക്രൈംബ്രാഞ്ചിന് മുമ്പാകെ കീഴടങ്ങി. സൊസൈറ്റി സെക്രട്ടറിയും കേസിലെ മുഖ്യപ്രതിയുമായ പ്രീനയാണ് ഇന്ന് രാവിലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. മനോഹരന് മുമ്പാകെ നേരിട്ട് ഹാജരായത്.

ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് കീഴടങ്ങൽ. നിലവിൽ അന്വേഷണ സംഘം പ്രീനയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കേസിലെ മറ്റു പ്രതികളായ റിനീഷ്, ടി.വി. സുധീർകുമാർ എന്നിവരെ അന്വേഷണ സംഘം നേരത്തെ തന്നെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. മൂന്ന് പ്രതികളെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം വടകര മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചിട്ടുണ്ട്.

സൊസൈറ്റിയുടെ ഫണ്ടിൽ വ്യാപകമായ തിരിമറി നടത്തി കോടികൾ തട്ടിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്. പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്.

കസ്റ്റഡിയിലുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി സുധീറിനെ വെള്ളിയാഴ്ചയും റിനീഷിനെ ശനിയാഴ്ചയും തിരികെ കോടതിയിൽ ഹാജരാക്കണമെന്ന് മജിസ്ട്രേറ്റ് അലി ഫാത്തിമ ഉത്തരവിട്ടിട്ടുണ്ട്.നിലവിൽ മൂന്ന് കേസുകളാണ് കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് പോലീസ് രജിസ്റ്റർ ചെയ്ത് .

ഒരു മാസം മുൻപാണ് ഇബ്രാഹിം കുട്ടി സുധീർ കുമാറിന്റെ വീടിന്റെ മുന്നിലെത്തി തീകൊളുത്തി ജീവനൊടുക്കിയത്. യുഡിഎഫ് നിയന്ത്രണത്തിൽ 13 വർഷം മുൻപ് തുടങ്ങിയ വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകനായിരുന്നു ഇബ്രാഹീം കുട്ടി. ഇബ്രാഹീം കുട്ടിക്കും കുടുംബത്തിനുമായി 22 ലക്ഷം രൂപയാണ് സൊസൈറ്റിയിൽ നിന്ന് ലഭിക്കാനുണ്ടായിരുന്നത്.

പണം തിരികെ ലഭിക്കാൻ നിരവധി തവണ സൊസൈറ്റിയിലും സുധീർ കുമാറിന്റെ വീട്ടിലും കയറിയിറങ്ങിയ ഇബ്രാഹീം ഹാജി പൊലീസിലും പരാതി നൽകിയിരുന്നു. വർഷങ്ങളായി വീട്ടുകാരുമായി അകന്ന്, നഗരത്തിലെ വാടകമുറികളിൽ മാറി മാറി താമസിക്കുകയായിരുന്ന അദ്ദേഹം ഒടുവിൽ ഗതികെട്ടാണ് ഈ ദാരുണമായ വഴി തിരഞ്ഞെടുത്തതെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372636/kerala-cooperative-society-fraud-nri-loses-113-sovereign-gold-and-15-lakh-rupees)