---
title: "നീ മുസ്ലീം ആണോ...? അമേരിക്കയിൽ ഇന്ത്യക്കാരനായ യുവാവിന് നേരെ വംശീയ ആക്രമണം; 15 തവണ കുത്തേറ്റു"
english_title: "Indian Man Stabbed 15 Times in Racist Attack at Utah Mall in USA"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372634/indian-man-stabbed-utah-mall-usa-racist-attack"
published_at: "2026-07-16T07:44:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a583ea67453b_indian-man-stabbed-utah-mall-usa-racist-attack.jpg"
keywords: ["USA News", "Hate Crime", "Indian Diaspora", "Muslim"]
---

# നീ മുസ്ലീം ആണോ...? അമേരിക്കയിൽ ഇന്ത്യക്കാരനായ യുവാവിന് നേരെ വംശീയ ആക്രമണം; 15 തവണ കുത്തേറ്റു

> **Lead Summary:** **അമേരിക്ക: ** യൂട്ടാ സംസ്ഥാനത്തെ വാലി ഫെയർ മാളിൽ വച്ച് ഇന്ത്യക്കാരനായ യുവാവിന് നേരെ ക്രൂരമായ വംശീയ ആക്രമണം. മാളിലെ കിയോസ്ക് ജീവനക്കാരനായ സൊഹൈൽ എന്ന 25 കാരനാണ് 48 കാരനായ അമേരിക്കക്കാരന്റെ കത്തിക്കുത്തിൽ ഗുരുതരമായി പരിക്കേറ്റത്. തിങ്കളാഴ്ചയാണ് സംഭവം.

## Article Content

**അമേരിക്ക: ** യൂട്ടാ സംസ്ഥാനത്തെ വാലി ഫെയർ മാളിൽ വച്ച് ഇന്ത്യക്കാരനായ യുവാവിന് നേരെ ക്രൂരമായ വംശീയ ആക്രമണം. മാളിലെ കിയോസ്ക് ജീവനക്കാരനായ സൊഹൈൽ എന്ന 25 കാരനാണ് 48 കാരനായ അമേരിക്കക്കാരന്റെ കത്തിക്കുത്തിൽ ഗുരുതരമായി പരിക്കേറ്റത്. തിങ്കളാഴ്ചയാണ് സംഭവം.

> ജോലി ചെയ്തുകൊണ്ടിരുന്ന സൊഹൈലിന്റെ അടുത്തെത്തിയ പ്രതി പീറ്റർ മൈക്കൽ ലാർസൻ ആദ്യം "എവിടെ നിന്നാണ്" എന്ന് ചോദിച്ചു. ഇന്ത്യയിൽ നിന്നാണെന്നും പേര് സൊഹൈൽ എന്നാണെന്നും യുവാവ് മറുപടി നൽകി. തുടർന്ന് "നീ മുസ്ലീം ആണോ" എന്ന് പ്രതി ചോദിച്ചു. "അതെ" എന്ന് പറഞ്ഞ ഉടൻ തന്നെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് സൊഹൈലിനെ 15 തവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

> രക്തത്തിൽ കുളിച്ചുവീണ സൊഹൈലിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയനായ അദ്ദേഹം നിലവിൽ വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിലാണ്. ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ലാർസനെ മാളിലെ ജീവനക്കാരും ഉപഭോക്താക്കളും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ചോദ്യം ചെയ്യലിൽ "മുസ്ലീങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം.

> അവരെ കൊല്ലുകയാണ് ലക്ഷ്യം" എന്ന് പ്രതി പൊലീസിനോട് വ്യക്തമാക്കി.ലാർസന് കടുത്ത വംശീയ ചിന്താഗതിയുണ്ടായിരുന്നെന്നും ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണെന്നും പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. അമേരിക്കയിൽ സമീപകാലത്ത് മുസ്ലീം വിരുദ്ധ ആക്രമണങ്ങൾ വർധിക്കുന്നതായി മനുഷ്യാവകാശ സംഘടനകളും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. സംഭവം ഇന്ത്യൻ സമൂഹത്തിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372634/indian-man-stabbed-utah-mall-usa-racist-attack)