---
title: "രക്തത്തിൽ കുളിച്ച് മുറിക്കുള്ളിൽ ഭർത്താവിന്റെ മൃതദേഹം, മറ്റൊരു മുറിയിൽ മകൻ കുത്തേറ്റ നിലയിൽ; നേത്രരോഗ ഡോക്ടറായ യുവതി കസ്റ്റഡിയിൽ"
english_title: "Dharwad Doctor Murder: Anesthesiologist Found Dead, 8-Year-Old Son Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372630/dharwad-doctor-murder-anesthesiologist-kiran-son-injured"
published_at: "2026-07-16T06:46:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5305ae8f2d9_crime.jpg"
keywords: ["Karnataka Crime", "Doctor Murder", "Stabbed", "Crime", "Dharwad"]
---

# രക്തത്തിൽ കുളിച്ച് മുറിക്കുള്ളിൽ ഭർത്താവിന്റെ മൃതദേഹം, മറ്റൊരു മുറിയിൽ മകൻ കുത്തേറ്റ നിലയിൽ; നേത്രരോഗ ഡോക്ടറായ യുവതി കസ്റ്റഡിയിൽ

> **Lead Summary:** ബെംഗളൂരു: കർണാടക ധാർവാഡിലെ ചിരായു ആശുപത്രിയിലെ അനസ്‌തേഷ്യോളജിസ്റ്റായ ഡോ. കിരൺ ഹൊനന്നാവർ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ. സംഭവത്തിൽ അദ്ദേഹത്തിന്റെ 8 വയസ്സുള്ള മകന് കുത്തേറ്റു. ഗുരുതര പരുക്കുകളോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്നത് ധാർവാഡിലെ സുരക്ഷിത അപ്പാർട്ട്മെന്റിലാണ്.

## Article Content

ബെംഗളൂരു: കർണാടക ധാർവാഡിലെ ചിരായു ആശുപത്രിയിലെ അനസ്‌തേഷ്യോളജിസ്റ്റായ ഡോ. കിരൺ ഹൊനന്നാവർ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ. സംഭവത്തിൽ അദ്ദേഹത്തിന്റെ 8 വയസ്സുള്ള മകന് കുത്തേറ്റു. ഗുരുതര പരുക്കുകളോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്നത് ധാർവാഡിലെ സുരക്ഷിത അപ്പാർട്ട്മെന്റിലാണ്.

ഡോ. കിരണിനെ കുറച്ച് ദിവസങ്ങളായി ബന്ധപ്പെടാൻ കഴിയാതിരുന്ന ബന്ധുക്കളാണ് കാര്യങ്ങൾ സംശയാസ്പദമായി കണ്ടത്. ഇന്നലെ രാവിലെ മുതൽ ഫോൺ എടുക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ അപ്പാർട്ട്മെന്റിലെത്തി പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ ഡോ. കിരണിനെ കണ്ടെത്തിയത്.

> വീടിനുള്ളിൽ മറ്റൊരു മുറിയിൽ കുട്ടിയും കുത്തേറ്റ നിലയിൽ കിടക്കുന്നുണ്ടായിരുന്നു. ഭാര്യ ഡോ. പ്രിയങ്കയോട് ചോദിച്ചപ്പോൾ "ഭർത്താവ് വിശ്രമിക്കുകയാണ്, പിന്നീട് പുറത്തുപോയി" എന്നാണ് പറഞ്ഞതെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ വൈകുന്നേരമായിട്ടും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

വിവരം ലഭിച്ചയുടൻ ഹുബ്ബള്ളി-ധാർവാഡ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടിക്ക് അപ്പോഴും ജീവനുണ്ടായിരുന്നു. ഉടൻ തന്നെ അവനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ തുടങ്ങി. ഡോ. കിരണിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.സംഭവസമയത്ത് വീട്ടിൽ ഡോ. കിരൺ, ഭാര്യ ഡോ. പ്രിയങ്ക, മകൻ എന്നിവർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് പൊലീസ് പറയുന്നു.

ഉയർന്ന സുരക്ഷയുള്ള അപ്പാർട്ട്മെന്റായതിനാൽ പുറത്തുനിന്നുള്ളവർ കടന്നുകൂടാനുള്ള സാധ്യത കുറവാണ്. അയൽക്കാരുമായോ മറ്റാരുമായോ തർക്കമുണ്ടായിരുന്നതായും റിപ്പോർട്ടില്ല.കൊലപാതകത്തിൽ ഡോ. പ്രിയങ്കയ്ക്ക് പങ്കുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

> "ഭാര്യ കടുത്ത മാനസികാഘാതത്തിലാണ്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. അവരെ ചോദ്യം ചെയ്യുന്നുണ്ട്" എന്ന് ഹുബ്ബള്ളി-ധാർവാഡ് പൊലീസ് കമ്മിഷണർ എൻ. ശശികുമാർ അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372630/dharwad-doctor-murder-anesthesiologist-kiran-son-injured)