---
title: "'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ഒരുകൂട്ടം ധിക്കാരികൾ തന്നെ';  മുഖ്യമന്ത്രിക്കെതിരെ കെ എസ് യു "
english_title: "KSU President Aloysius Xavier Hits Back at CM V D Satheesan Over Criticism"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372629/ksu-aloysius-xavier-reply-cm-v-d-satheesan-criticism"
published_at: "2026-07-16T06:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a582f0d0ad7b_ksu-aloysius-xavier-reply-cm-v-d-satheesan-criticism.jpg"
keywords: ["Kerala Politics", "KSU", "Kerala Chief Minister", "V D Satheesan", "Aloysius Xavier"]
---

# 'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ഒരുകൂട്ടം ധിക്കാരികൾ തന്നെ';  മുഖ്യമന്ത്രിക്കെതിരെ കെ എസ് യു 

> **Lead Summary:** > **തിരുവനന്തപുരം: **മുഖ്യമന്ത്രി വി ഡി സതീശന്റെ വിമർശനത്തിന് മറുപടിയുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. "നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ഒരുകൂട്ടം ധിക്കാരികൾ തന്നെ" എന്നായിരുന്നു അലോഷ്യസ് ഫെയ്സ്ബുക്കിലൂടെ നൽകിയ മറുപടി.

## Article Content

> **തിരുവനന്തപുരം: **മുഖ്യമന്ത്രി വി ഡി സതീശന്റെ വിമർശനത്തിന് മറുപടിയുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. "നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ഒരുകൂട്ടം ധിക്കാരികൾ തന്നെ" എന്നായിരുന്നു അലോഷ്യസ് ഫെയ്സ്ബുക്കിലൂടെ നൽകിയ മറുപടി.

വിരൽ ചൂണ്ടുന്ന ചിത്രം സഹിതമാണ് പോസ്റ്റ് പങ്കുവെച്ചത്.പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെഎസ്‌യു ആശങ്ക പ്രകടിപ്പിച്ചതിനെതിരെയാണ് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് കെഎസ്‌യു നേതൃത്വം തുറന്നടിച്ച് രംഗത്തെത്തിയത്.

പ്ലീഡർ നിയമനത്തിലെ ആശങ്കകൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിൽ എന്താണ് തെറ്റെന്ന് അലോഷ്യസ് സേവ്യർ ചോദിച്ചു.

> "കഴിഞ്ഞ പത്ത് വർഷമായി കേരളത്തിന്റെ തെരുവുകളിൽ സമരം ചെയ്തവരുടെ വൈകാരികത ഉൾക്കൊണ്ടാണ് കെഎസ്‌യു മുഖ്യമന്ത്രിക്ക് മുന്നിൽ ആശങ്ക അറിയിച്ചത്. വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും ശബ്ദമായി പ്രവർത്തിക്കുക എന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്തം.അതിൽ നിന്ന് ഞങ്ങൾ പിന്നോട്ട് പോകില്ല" എന്ന് അലോഷ്യസ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ സ്ഥാനത്തിരിക്കുന്ന ഒരാൾ വിദ്യാർത്ഥി സംഘടനയോട് പ്രതികരിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിമർശനങ്ങളെ ജനാധിപത്യപരമായി കാണുന്നതിനു പകരം ധിക്കാരമായി ചിത്രീകരിക്കുന്ന സമീപനം ശരിയല്ലെന്നും അലോഷ്യസ് കൂട്ടിച്ചേർത്തു.

നേരത്തെയും സമാന വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാടുകൾക്കെതിരെ കെഎസ്‌യു രംഗത്തെത്തിയിരുന്നു. വിദ്യാർത്ഥി പ്രശ്നങ്ങളിൽ സർക്കാർ കൂടുതൽ തുറന്ന സമീപനം സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്നും കെഎസ്‌യു നേതൃത്വം വ്യക്തമാക്കി.

ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കെഎസ്‌യുവിന് എതിരെ മുഖ്യമന്ത്രി വി ഡി സതീശന്‍ രംഗത്തെത്തിയത്. ഗവ. പ്ലീഡറായി സജീവ ആര്‍എസ്എസ് ബന്ധമുള്ള വ്യക്തിയ നിയമിച്ചതിനെ കുറിച്ചുള്ള കെഎസ്‌യു വിമര്‍ശനത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ചോദ്യത്തോട് പ്രതികരിക്കവെയായിരുന്നു വിമര്‍ശനം.

തിരുവനന്തപുരത്തെ കെഎസ്‌യുവാണോ ഗവ. പ്ലീഡറെ നിയമിക്കുന്നത് എന്നായിരുന്നു സതീശന്‍ ചോദിച്ചത്. കെഎസ്‌യുവിന് ഗവ. പ്ലീഡര്‍ നിയമനത്തില്‍ എന്ത് കാര്യമെന്ന് ചോദിച്ച സതീശന്‍, ഒരു കാര്യവുമില്ലെന്നും പറഞ്ഞിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനായ ഡി എസ് ശരത്തിനെ സീനിയര്‍ ഗവ.പ്ലീഡറായി നിയമിച്ചതായിരുന്നു വിവാദമായത്.

പ്ലീഡര്‍ നിയമനത്തില്‍ തിരുവനന്തപുരം ലോ കോളേജിലെ കെഎസ്‌യു മുന്‍ യൂണിറ്റ് പ്രസിഡന്റുമാര്‍ ആശങ്ക അറിയിച്ചിരുന്നു. വി ഡി സതീശന്റെ കുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ശരത്തിന്റെ നിയമനം. ഇതിന് പിന്നാലെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസിലെ അഭിഭാഷക വിഭാഗം ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372629/ksu-aloysius-xavier-reply-cm-v-d-satheesan-criticism)