---
title: "കാഫിർ സ്ക്രീൻഷോട്ട് കേസ്;  സാക്ഷികളെ ഭീഷണിപ്പെടുത്താൻ സാധ്യത, ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വിധി"
english_title: "Kafir Screenshot Case: Court Verdict Today on DYFI Leader Jithin Bhaskaran Bail Cancellation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372627/kafir-screenshot-case-jithin-bhaskaran-bail-verdict-today"
published_at: "2026-07-16T06:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a31f67904ee9_jithin_bhaskar.jpg"
keywords: ["Kozhikode News", "Kafir Screenshot Case", "Vatakara Election", "DYFI", "Jithin Baskar"]
---

# കാഫിർ സ്ക്രീൻഷോട്ട് കേസ്;  സാക്ഷികളെ ഭീഷണിപ്പെടുത്താൻ സാധ്യത, ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

> **Lead Summary:** **കോഴിക്കോട്: **കാഫിർ സ്ക്രീൻഷോട്ട് കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്ഐടി നൽകിയ ഹർജിയിൽ വടകര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം കോടതി നിശ്ചയിച്ച വ്യവസ്ഥകൾ ജിതിൻ ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന ആരോപണം.

## Article Content

**കോഴിക്കോട്: **കാഫിർ സ്ക്രീൻഷോട്ട് കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്ഐടി നൽകിയ ഹർജിയിൽ വടകര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം കോടതി നിശ്ചയിച്ച വ്യവസ്ഥകൾ ജിതിൻ ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന ആരോപണം.

ജാമ്യ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഫെയ്സ്ബുക്ക് പോസ്റ്റുകളിലൂടെ അന്വേഷണ സംഘത്തെ വെല്ലുവിളിച്ചെന്നും, സമൂഹത്തിൽ പ്രകോപനം സൃഷ്ടിക്കാനും ലഹള ഉണ്ടാക്കാനും ശ്രമിച്ചെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തെ സ്വാധീനിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും എസ്ഐടി ചൂണ്ടിക്കാട്ടി.

ഇതിന്റെ അടിസ്ഥാനത്തിലാണ് ജിതിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഹർജി നൽകിയത്.അതേസമയം, ഇതേ കേസിൽ പ്രതിയായ ഡിവൈഎഫ്ഐ ജില്ലാ നേതാവ് റിബേഷ് രാമകൃഷ്ണൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലും ഇന്ന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി വിധി പ്രസ്താവിക്കും. റിബേഷിന്റെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചത്.

സാമൂഹിക മാധ്യമങ്ങളിൽ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചെന്ന കേസിലാണ് ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ എസ്ഐടി അന്വേഷണം നടത്തുന്നത്. കേസ് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇന്ന് രണ്ട് കോടതികളിലെയും വിധികൾ കേസിന്റെ തുടർ നടപടികളെ സാരമായി ബാധിക്കും. വിധിക്കായി ഡിവൈഎഫ്ഐ പ്രവർത്തകരും നേതാക്കളും കോടതി പരിസരത്ത് തടിച്ചുകൂടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372627/kafir-screenshot-case-jithin-bhaskaran-bail-verdict-today)