---
title: "അധ്യാപകന്റെ ക്രൂരമായ ശിക്ഷ; സഹപാഠികളുടെ മുന്നിൽ വെച്ച് അപമാനിതനായ ഏഴാം ക്ലാസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു, അധ്യാപകനെതിരെ കേസ്"
english_title: "Bengaluru School Punishment Row: Class 7 Student Hospitalized, Case Filed Against Teacher"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372619/bengaluru-school-punishment-class-7-student-hospitalized-case-filed"
published_at: "2026-07-15T22:29:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a57bd6389e20_bengaluru-school-punishment-class-7-student-hospitalized-case-filed.jpg"
keywords: ["Bengaluru News", "School Punishment", "Student Safety", "RTE Quota", "Child Rights"]
---

# അധ്യാപകന്റെ ക്രൂരമായ ശിക്ഷ; സഹപാഠികളുടെ മുന്നിൽ വെച്ച് അപമാനിതനായ ഏഴാം ക്ലാസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു, അധ്യാപകനെതിരെ കേസ്

> **Lead Summary:** ബെംഗളൂരു: സ്കൂളിൽ വെച്ച് അധ്യാപകർ നൽകിയ കടുത്ത ശിക്ഷയിൽ മനംനൊന്ത് ഏഴാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബെംഗളൂരുവിലെ സ്വകാര്യ സ്കൂളിലാണ് നടുക്കുന്ന സംഭവം നടന്നത്. നിലവിൽ ഗുരുതരാവസ്ഥയിലായ 13 വയസുകാരനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

## Article Content

ബെംഗളൂരു: സ്കൂളിൽ വെച്ച് അധ്യാപകർ നൽകിയ കടുത്ത ശിക്ഷയിൽ മനംനൊന്ത് ഏഴാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബെംഗളൂരുവിലെ സ്വകാര്യ സ്കൂളിലാണ് നടുക്കുന്ന സംഭവം നടന്നത്. നിലവിൽ ഗുരുതരാവസ്ഥയിലായ 13 വയസുകാരനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ക്ലാസ് മുറിയിൽ വെച്ച് കുട്ടി അച്ചടക്കലംഘനം നടത്തിയെന്ന് ആരോപിച്ചാണ് അധ്യാപകർ കടുത്ത ശിക്ഷ നൽകിയത്. സഹപാഠികളുടെ മുന്നിൽ വെച്ച് അപമാനിതനായ കുട്ടി മാനസികമായി തകരുകയും, സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിക്കുകയുമായിരുന്നു. വീട്ടുകാർ ഉടനടി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതിനാലാണ് ജീവൻ രക്ഷിക്കാനായത്.

ആർ ടി ഇ ക്വാട്ട വഴി ബെംഗളൂരുവിലെ മരിയപ്പനപാളയയിലുള്ള സ്കൂളിൽ പ്രവേശനം നേടിയതായിരുന്നു ഈ ദളിത് വിദ്യാർത്ഥി. സ്കൂളിലെ ജീവനക്കാരിൽ നിന്നും മറ്റ് ചില വിദ്യാർത്ഥികളിൽ നിന്നും മകന് നിരന്തരം മാനസിക പീഡനവും ജാതീയമായ അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിരുന്നതായി പിതാവ് ആരോപിച്ചു.

സ്കൂളിലെ പീഡനം കാരണം കുട്ടി അവിടെ പഠിക്കാൻ താല്പര്യപ്പെട്ടിരുന്നില്ലെന്നും, ഈ അധ്യയന വർഷം കഴിയുമ്പോൾ മറ്റൊരു സ്കൂളിലേക്ക് മാറ്റിത്തരാമെന്ന് തങ്ങൾ മകന് ഉറപ്പുനൽകിയിരുന്നതായും രക്ഷിതാക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം സ്കൂളിൽ വെച്ച് മറ്റൊരു കുട്ടിയുമായി ഉണ്ടായ ചെറിയ തർക്കത്തെ തുടർന്ന് ക്ലാസ് അധ്യാപകൻ കുട്ടിയെ ക്രൂരമായി ശകാരിക്കുകയും, രാവിലെ മുതൽ വൈകുന്നേരം സ്കൂൾ സമയം കഴിയുന്നത് വരെ ക്ലാസ് മുറിക്ക് പുറത്ത് നിർത്തിക്കുകയും ചെയ്തു.

കടുത്ത അപമാന ഭാരത്താൽ വീട്ടിലെത്തിയ കുട്ടിയോട് അടുത്ത ദിവസം മാതാപിതാക്കളെക്കൂട്ടി സ്കൂളിൽ വരാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇത് കുട്ടിയുടെ മാനസിക സമ്മർദ്ദം ഇരട്ടിയാക്കിയെന്നും മാതാപിതാക്കള്‍ പറഞ്ഞു.

സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂൾ അധികൃതർക്കും ബന്ധപ്പെട്ട അധ്യാപകനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന തരത്തിലുള്ള ശിക്ഷാ രീതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

***ശ്രദ്ധിക്കുക: മാനസിക സമ്മർദ്ദമോ വിഷമമോ ഉണ്ടെങ്കിൽ തനിച്ചാവരുത്. സഹായത്തിന് 14416 - ടെലി മാനസ് ഹെൽപ്‌ലൈൻ 24x7 ലഭ്യമാണ്.***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372619/bengaluru-school-punishment-class-7-student-hospitalized-case-filed)