---
title: " 'മതം മാറി വിവാഹം ചെയ്യണമെന്ന് അരുണിന്റെ നിർബന്ധം, സ്വകാര്യ വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിക്കുമെന്നും ഭീഷണി'; ഷഹനയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് "
english_title: "Adoor Woman Suicide Case: Man Arrested For Threatening Conversion, Leaking Private Videos"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372610/adoor-shahana-suicide-conversion-threat-private-video-arrest"
published_at: "2026-07-15T21:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a57afbf02b4d_adoor-shahana-suicide-conversion-threat-private-video-arrest.jpg"
keywords: ["Adoor Suicide", "Pathanamthitta News", "Kerala Crime", "Abetment To Suicide", "Domestic Abuse"]
---

#  'മതം മാറി വിവാഹം ചെയ്യണമെന്ന് അരുണിന്റെ നിർബന്ധം, സ്വകാര്യ വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിക്കുമെന്നും ഭീഷണി'; ഷഹനയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് 

> **Lead Summary:** പത്തനംതിട്ട: അടൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. മതം മാറി വിവാഹം ചെയ്യണമെന്ന് ആൺസുഹൃത്ത് ഭീഷണിപ്പെടുത്തിയതും സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞതുമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് പൊലീസ് കണ്ടെത്തി.

## Article Content

പത്തനംതിട്ട: അടൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. മതം മാറി വിവാഹം ചെയ്യണമെന്ന് ആൺസുഹൃത്ത് ഭീഷണിപ്പെടുത്തിയതും സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞതുമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് പൊലീസ് കണ്ടെത്തി.

കേസിൽ ആൺസുഹൃത്ത് ഏഴംകുളം സ്വദേശി അരുൺ കുമാറിനെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.ജൂലൈ 13 തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് അടൂർ സ്വദേശിനി ഷഹനയെ വീട്ടിലെ സ്റ്റെയർകേസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവസമയം ഷഹനയുടെ വീട്ടിൽ അരുൺ കുമാറും ഉണ്ടായിരുന്നു. വീടിനുള്ളിൽ നിന്ന് ബഹളം കേട്ടതിനെ തുടർന്ന് നാട്ടുകാർ അടൂർ നഗരസഭ കൗൺസിലറെ വിവരം അറിയിച്ചു. കൗൺസിലർ എത്തി കതക് തുറപ്പിച്ചപ്പോഴാണ് ഷഹനയെ മരിച്ച നിലയിൽ കണ്ടത്. ഉടൻ അടൂർ പൊലീസ് സ്ഥലത്തെത്തി അരുണിനെ കസ്റ്റഡിയിലെടുത്തു.

മരിച്ച ഷഹനയുടെയും അരുണിന്റെയും ശരീരത്തിൽ രക്തപാടുകൾ ഉണ്ടായിരുന്നു.ആദ്യം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഷഹന ജീവനൊടുക്കിയതാണെന്ന് സ്ഥിരീകരിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് ആത്മഹത്യാ പ്രേരണയുടെ തെളിവുകൾ പൊലീസിന് ലഭിച്ചത്.

പൊലീസ് പറയുന്നത് അനുസരിച്ച് ഷഹനയുമായി വിവാഹം കഴിക്കണമെന്ന് അരുൺ കുമാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അരുണിന്റെ സ്വഭാവ ദൂഷ്യം മനസിലാക്കിയ ഷഹന ഇതിനെ ശക്തമായി എതിർത്തു. ഇതിലുള്ള വൈരാഗ്യത്തിൽ അരുൺ ഷഹനയെ മർദ്ദിച്ചിരുന്നു. കൂടാതെ ഷഹനയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും മൊബൈൽ ഫോണിൽ അരുൺ പകർത്തി വെച്ചിരുന്നു.

ഇത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അന്വേഷണ സംഘം വ്യക്തമാക്കി. ഭർത്താവുമായി ഏറെക്കാലമായി പിരിഞ്ഞ് താമസിക്കുകയായിരുന്ന ഷഹനയെ ഇത്തരത്തിൽ നിരന്തരം ഉപദ്രവിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.കേസ് രജിസ്റ്റർ ചെയ്ത് അരുണിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372610/adoor-shahana-suicide-conversion-threat-private-video-arrest)