---
title: "പണിക്ക് പോവുന്നത് മോഷ്ടിക്കാനാണോ...? കോഴിക്കോട് ഡോക്ടർ ദമ്പതികളുടെ ഫ്ളാറ്റിൽ സ്വർണ മോഷണം; വീട്ടുജോലിക്കാരി അറസ്റ്റിൽ"
english_title: "Kozhikode Gold Theft Case: Domestic Worker Arrested for Stealing 7 Sovereigns from Doctor's Flat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372608/kozhikode-doctor-flat-gold-theft-domestic-worker-arrested"
published_at: "2026-07-15T20:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a57a3e0c2f33_kozhikode-doctor-flat-gold-theft-domestic-worker-arrested.jpg"
keywords: ["Kozhikode theft case", "Gold Theft", "Kerala Police", "Kozhikode"]
---

# പണിക്ക് പോവുന്നത് മോഷ്ടിക്കാനാണോ...? കോഴിക്കോട് ഡോക്ടർ ദമ്പതികളുടെ ഫ്ളാറ്റിൽ സ്വർണ മോഷണം; വീട്ടുജോലിക്കാരി അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട്: **ഡോക്ടർ ദമ്പതികളുടെ ഫ്ളാറ്റിൽ നിന്ന് ഏഴ് പവൻ സ്വർണാഭരണം കവർന്ന കേസിലെ പ്രതി പിടിയിൽ. വെള്ളയിൽ പുതിയകടവ് സ്വദേശിനി പാത്തീബി യെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂണിൽ നടന്ന മോഷണമാണ് രണ്ട് മാസങ്ങൾക്ക് ശേഷം തെളിഞ്ഞത്.

## Article Content

**കോഴിക്കോട്: **ഡോക്ടർ ദമ്പതികളുടെ ഫ്ളാറ്റിൽ നിന്ന് ഏഴ് പവൻ സ്വർണാഭരണം കവർന്ന കേസിലെ പ്രതി പിടിയിൽ. വെള്ളയിൽ പുതിയകടവ് സ്വദേശിനി പാത്തീബി യെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂണിൽ നടന്ന മോഷണമാണ് രണ്ട് മാസങ്ങൾക്ക് ശേഷം തെളിഞ്ഞത്.

കോഴിക്കോട് പി.ടി. ഉഷ റോഡിലുള്ള ഡോക്ടർ ദമ്പതികളുടെ ഫ്ളാറ്റിൽ ഗാർഹിക ജോലിക്കായി എത്തുന്നതായിരുന്നു പ്രതി. ജൂണിലെ ഒരു ദിവസം ജോലിക്ക് എത്തിയപ്പോൾ വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കി അലമാര തുറന്ന് സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. ബീഡ് മാല, കമ്മൽ, മോതിരം എന്നിവ ഉൾപ്പെടെ ഏഴ് പവനോളം വരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.പരാതിയെ തുടർന്ന് വെള്ളയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഫ്ളാറ്റിലും പരിസരത്തും സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വ്യക്തമായ തെളിവുകൾ ലഭിച്ചില്ല. തുടർന്ന് ഫ്ളാറ്റിൽ ജോലി ചെയ്തിരുന്നവരെയും പരിചയക്കാരെയും കേന്ദ്രീകരിച്ച് പൊലീസ് ചോദ്യം ചെയ്യൽ നടത്തി. ഇതിനിടെ പ്രതി പാത്തീബിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തു.

ആദ്യം നിഷേധിച്ചെങ്കിലും പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി ഒടുവിൽ കുറ്റം സമ്മതിച്ചു. കവർന്ന സ്വർണം വിറ്റ് കിട്ടിയ പണം സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായും പ്രതി മൊഴി നൽകി.വെള്ളയിൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജെയിൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രതീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ബിജില മോൾ, സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കവർന്ന സ്വർണം കണ്ടെടുക്കാനുള്ള ശ്രമങ്ങൾ പൊലീസ് തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372608/kozhikode-doctor-flat-gold-theft-domestic-worker-arrested)