---
title: "ഹൗസ്ബോട്ടില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി നാട്ടുകാർ; ശരണ്യയുടെ മരണത്തിൽ ദുരൂഹത? അഞ്ച് യുവാക്കളോടൊപ്പം ഹൗസ് ബോട്ടിൽ നിൽക്കുന്ന സിസിടിവി ദൃശ്യം പൊലീസിന് "
english_title: "Alappuzha Punnamada Houseboat Death: Spa Worker Drowns, 5 Youths Questioned"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372605/alappuzha-punnamada-houseboat-spa-worker-death"
published_at: "2026-07-15T20:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a57a0bfab6fa_alappuzha-punnamada-houseboat-spa-worker-death.jpg"
keywords: ["Alappuzha News", "Punnamada Lake", "Houseboat Accident", "Kerala", "Drowning Case"]
---

# ഹൗസ്ബോട്ടില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി നാട്ടുകാർ; ശരണ്യയുടെ മരണത്തിൽ ദുരൂഹത? അഞ്ച് യുവാക്കളോടൊപ്പം ഹൗസ് ബോട്ടിൽ നിൽക്കുന്ന സിസിടിവി ദൃശ്യം പൊലീസിന് 

> **Lead Summary:** ആലപ്പുഴ: ആലപ്പുഴ പുന്നമടക്കായലിൽ ഹൗസ്ബോട്ടിൽ നിന്ന് വീണ് തമിഴ്നാട് സ്വദേശിനിയായ യുവതി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നഗരത്തിലെ സ്പായിൽ ജീവനക്കാരിയായിരുന്ന രാജപാളയം സ്വദേശി ശരണ്യ രാധാകൃഷ്ണൻ ആണ് മരിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് ശരണ്യ കായലിൽ വീണത്. ഇന്ന് രാവിലെ ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

ആലപ്പുഴ: ആലപ്പുഴ പുന്നമടക്കായലിൽ ഹൗസ്ബോട്ടിൽ നിന്ന് വീണ് തമിഴ്നാട് സ്വദേശിനിയായ യുവതി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നഗരത്തിലെ സ്പായിൽ ജീവനക്കാരിയായിരുന്ന രാജപാളയം സ്വദേശി ശരണ്യ രാധാകൃഷ്ണൻ ആണ് മരിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് ശരണ്യ കായലിൽ വീണത്. ഇന്ന് രാവിലെ ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

'എക്സ്പ്ലോർ ഇൻ കേരള' എന്ന ഹൗസ്ബോട്ടിലായിരുന്നു സംഭവം.തമിഴ്നാട്ടിൽ നിന്ന് വിനോദത്തിനെത്തിയ അഞ്ച് യുവാക്കളടങ്ങുന്ന സംഘം സ്പായിൽ നിന്നാണ് ശരണ്യയെ ഹൗസ്ബോട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഹൗസ്ബോട്ടിൽ ശരണ്യയും യുവാക്കളും ഒന്നിച്ച് സംസാരിച്ചു നിൽക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

അർധരാത്രി 12 മണിയോടെ മറ്റൊരു ഹൗസ്ബോട്ടിലേക്ക് മാറുന്നതിനിടെ ശരണ്യ കാലുവഴുതി കായലിൽ വീഴുകയായിരുന്നുവെന്നാണ് യുവാക്കളുടെ മൊഴി. എന്നാൽ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ചില നാട്ടുകാർ രംഗത്തെത്തി. ഹൗസ്ബോട്ടിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായും ആരോപണമുണ്ട്.

ഇതേ തുടർന്ന് ഹൗസ്ബോട്ടിലുണ്ടായിരുന്ന അഞ്ച് യുവാക്കളെയും ആലപ്പുഴ നോർത്ത് പൊലീസ് വിശദമായി ചോദ്യം ചെയ്തു. എന്നാൽ കുറ്റകൃത്യമെന്തെങ്കിലും നടന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ശരണ്യയുടെ മരണം അസ്വാഭാവിക മരണമല്ല, മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം.

എങ്കിലും സംഭവത്തിലെ എല്ലാ സാഹചര്യങ്ങളും വിശദമായി പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ശരണ്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372605/alappuzha-punnamada-houseboat-spa-worker-death)