---
title: "ബന്ധം ഉപേക്ഷിച്ചതില്‍ വൈരാഗ്യം, യുവതിയെയും മകളെയും പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം; മുൻ പങ്കാളി ഒളിവിൽ"
english_title: "Thiruvananthapuram Attack: Man Tries to Burn Ex-Partner and Daughter with Petrol, Absconding"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372602/thiruvananthapuram-woman-daughter-petrol-attack-domestic-violence"
published_at: "2026-07-15T20:21:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a579ea74f53e_thiruvananthapuram-woman-daughter-petrol-attack-domestic-violence.jpg"
keywords: ["Thiruvananthapuram", "Kerala Crime", "Domestic Violence", "Petrol Attack", "Aruvikkara Police"]
---

# ബന്ധം ഉപേക്ഷിച്ചതില്‍ വൈരാഗ്യം, യുവതിയെയും മകളെയും പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം; മുൻ പങ്കാളി ഒളിവിൽ

> **Lead Summary:** തിരുവനന്തപുരം: ബന്ധം ഉപേക്ഷിച്ചതിലെ വൈരാഗ്യത്തെ തുടർന്ന് തിരുവനന്തപുരത്ത് യുവതിയെയും മകളെയും പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം. കരകുളം ഏണിക്കര സ്വദേശിയായ ചഞ്ചലിനെയും മകളെയും കൊല്ലാനാണ് മുൻ പങ്കാളി രഞ്ജിത് ശ്രമിച്ചത്. രക്ഷപ്പെടാൻ ശ്രമിച്ച ചഞ്ചലിനെ പ്രതി കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.

## Article Content

തിരുവനന്തപുരം: ബന്ധം ഉപേക്ഷിച്ചതിലെ വൈരാഗ്യത്തെ തുടർന്ന് തിരുവനന്തപുരത്ത് യുവതിയെയും മകളെയും പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം. കരകുളം ഏണിക്കര സ്വദേശിയായ ചഞ്ചലിനെയും മകളെയും കൊല്ലാനാണ് മുൻ പങ്കാളി രഞ്ജിത് ശ്രമിച്ചത്. രക്ഷപ്പെടാൻ ശ്രമിച്ച ചഞ്ചലിനെ പ്രതി കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രതിയായ രഞ്ജിത്ത് മദ്യപിച്ച് ചഞ്ചൽ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി. കൈയ്യിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെയും കുഞ്ഞിന്റെയും ദേഹത്ത് ഒഴിച്ച ശേഷം തീ കൊളുത്താൻ ശ്രമിക്കുകയായിരുന്നു.

പരിഭ്രാന്തരായ ഇവർ പിൻവാതിലിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രഞ്ജിത്ത് കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ചഞ്ചലിന്റെ കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റ ചഞ്ചലിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇപ്പോൾ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.കഴിഞ്ഞ എട്ട് വർഷമായി ചഞ്ചലും രഞ്ജിത്തും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും ഇരുവർക്കും രണ്ട് കുട്ടികളുണ്ട്.

എന്നാൽ രഞ്ജിത്ത് നിരന്തരം മർദ്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്തതോടെ രണ്ട് മാസങ്ങൾക്ക് മുൻപ് ചഞ്ചൽ ഈ ബന്ധം പൂർണ്ണമായും ഉപേക്ഷിക്കുകയായിരുന്നു. ഇതിലുള്ള കടുത്ത വൈരാഗ്യമാണ് ക്രൂരമായ ആക്രമണത്തിലേക്ക് നയിച്ചതെന്ന് യുവതിയുടെ ബന്ധുക്കൾ പറയുന്നു.

സംഭവത്തിൽ അരുവിക്കര പൊലീസ് വധശ്രമത്തിനും ഗാർഹിക പീഡനത്തിനും കേസെടുത്തിട്ടുണ്ട്. കൃത്യം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ സാധിക്കാത്തതിൽ കുടുംബം ആശങ്ക പ്രകടിപ്പിച്ചു. രഞ്ജിത്തിനായി നാല് സംഘം പൊലീസുകാരെ നിയോഗിച്ച് അന്വേഷണം നടത്തുന്നതായി പൊലീസ് അറിയിച്ചു. ഒളിവിൽ പോയ പ്രതിയെ ഉടൻ പിടികൂടുമെന്നും അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372602/thiruvananthapuram-woman-daughter-petrol-attack-domestic-violence)