---
title: "കഴുത്തിന് കുത്തിപിടിച്ച് നെഞ്ചില്‍ ഇടിച്ചു, ഫറോക്കിൽ ആശുപത്രി ജീവനക്കാരിയെ ആക്രമിച്ച് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി പൊലീസ്"
english_title: "Kozhikode Hospital Attack Case: Accused Arrested After Jumping Bail in Feroke"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372588/feroke-hospital-attack-case-accused-arrested-after-bail"
published_at: "2026-07-15T18:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5785c8c6460_feroke-hospital-attack-case-accused-arrested-after-bail.jpg"
keywords: ["Kozhikode News", "Feroke Police", "Hospital Attack", "Kerala Crime", "Bail Jumping"]
---

# കഴുത്തിന് കുത്തിപിടിച്ച് നെഞ്ചില്‍ ഇടിച്ചു, ഫറോക്കിൽ ആശുപത്രി ജീവനക്കാരിയെ ആക്രമിച്ച് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി പൊലീസ്

> **Lead Summary:** കോഴിക്കോട്: ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ജീവനക്കാരിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതിയെ ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറോക്ക് കരുവന്‍തിരുത്തി കടന്നലില്‍ വീട്ടില്‍ മുഹമ്മദ് മര്‍ജഹാന്‍ ആണ് പിടിയിലായത്.

## Article Content

കോഴിക്കോട്: ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ജീവനക്കാരിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതിയെ ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറോക്ക് കരുവന്‍തിരുത്തി കടന്നലില്‍ വീട്ടില്‍ മുഹമ്മദ് മര്‍ജഹാന്‍ ആണ് പിടിയിലായത്.

2024 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഫറോക്ക് താലൂക്ക് ആശുപത്രിയിൽ വെച്ച് അവിടത്തെ ജീവനക്കാരിയെ മുഹമ്മദ് മർജഹാൻ ആക്രമിക്കുകയായിരുന്നു. ജീവനക്കാരിയുടെ കഴുത്തിന് കുത്തിപിടിച്ച ശേഷം നെഞ്ചിൽ ഇടിക്കുകയും കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറയുകയും ചെയ്തതായാണ് പരാതി.

സംഭവത്തിൽ ഫറോക്ക് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇയാളെ റിമാന്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയ മുഹമ്മദ് കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോവുകയായിരുന്നു. കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ഇതിനിടെ പ്രതി വീണ്ടും ഫറോക്ക് പ്രദേശത്ത് എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചു.ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫറോക്ക് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ ഷിബിൻ, അഖിലേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മുഹമ്മദിനെ കസ്റ്റഡിയിലെടുത്തത്.

ഇന്ന് രാവിലെ ഫറോക്ക് ടൗണിൽ വെച്ചായിരുന്നു അറസ്റ്റ്.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. കോടതി മുഹമ്മദിനെ വീണ്ടും റിമാന്റ് ചെയ്തു. ജാമ്യവ്യവസ്ഥ ലംഘിച്ച് മുങ്ങിനടന്നതിനും ആശുപത്രി ജീവനക്കാരിയെ ആക്രമിച്ചതിനും ഇയാൾക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

ആശുപത്രി പോലുള്ള പൊതു സ്ഥലങ്ങളിൽ ജീവനക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372588/feroke-hospital-attack-case-accused-arrested-after-bail)