---
title: "മോഷണക്കുറ്റം ആരോപിച്ച് ദലിത് യുവാക്കളെ കെട്ടിയിട്ട് മർദിച്ചു; പോസ്റ്റിൽ കെട്ടി ഷോക്കടിപ്പിച്ചെന്ന് പരാതി, ദൃശ്യങ്ങൾ പുറത്ത്"
english_title: "Madhya Pradesh Dalit Youth Tied To Pole Beaten Electric Shock Over Motor Theft"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372562/madhya-pradesh-dalit-youth-tied-pole-beaten-electric-shock"
published_at: "2026-07-15T16:35:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a576a07710ae_madhya-pradesh-dalit-youth-tied-pole-beaten-electric-shock.jpg"
keywords: ["Latest News", "Madhya Pradesh", "Dalit Attack", "Human Rights"]
---

# മോഷണക്കുറ്റം ആരോപിച്ച് ദലിത് യുവാക്കളെ കെട്ടിയിട്ട് മർദിച്ചു; പോസ്റ്റിൽ കെട്ടി ഷോക്കടിപ്പിച്ചെന്ന് പരാതി, ദൃശ്യങ്ങൾ പുറത്ത്

> **Lead Summary:** **ഭോപ്പാൽ: [**മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ കെട്ടിയിട്ട് മർദിക്കുകയും ക്രൂരമായി വൈദ്യുതാഘാതം ഏൽപ്പിക്കുകയും ചെയ്ത സംഭവം നടുക്കത്തോടെയാണ് രാജ്യം കേൾക്കുന്നത്. മധ്യപ്രദേശിലെ റൈസൻ ജില്ലയിലെ കർമോദിയ ഗ്രാമത്തിൽ കഴിഞ്ഞ ജൂൺ 14-നാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ അതിക്രമം അരങ്ങേറിയത്.

## Article Content

**ഭോപ്പാൽ: [**മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ കെട്ടിയിട്ട് മർദിക്കുകയും ക്രൂരമായി വൈദ്യുതാഘാതം ഏൽപ്പിക്കുകയും ചെയ്ത സംഭവം നടുക്കത്തോടെയാണ് രാജ്യം കേൾക്കുന്നത്. മധ്യപ്രദേശിലെ റൈസൻ ജില്ലയിലെ കർമോദിയ ഗ്രാമത്തിൽ കഴിഞ്ഞ ജൂൺ 14-നാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ അതിക്രമം അരങ്ങേറിയത്.

ഒരു മാസത്തിന് ശേഷം, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ബൈരാഗി സമുദായത്തിൽപ്പെട്ട യുവാക്കൾക്ക് നേരെയാണ് അതിക്രൂരമായ ആക്രമണം നടന്നത്. കൃഷിയിടത്തിൽ അതിക്രമിച്ചു കയറി വാട്ടർ പമ്പ് മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രതികൾ യുവാക്കളെ പിടികൂടി കെട്ടിയിട്ടത്.

തുടർന്ന് ക്രൂരമായി മർദിച്ച ഇവർ, യുവാക്കളെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് വൈദ്യുതാഘാതം ഏൽപ്പിക്കുകയായിരുന്നു. വേദന കൊണ്ട് പുളയുന്ന യുവാക്കൾ തങ്ങളെ ഉപദ്രവിക്കരുതെന്ന് യാചിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ വ്യക്തമാണ്.

സംഭവം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളിൽ നിന്ന് മോഷ്ടിക്കപ്പെട്ടതായി പറയപ്പെടുന്ന നിരവധി മോട്ടോറുകൾ കണ്ടെടുത്തിട്ടുണ്ടെന്ന് റൈസൻ പൊലീസ് സൂപ്രണ്ട് അശുതോഷ് ഗുപ്ത അറിയിച്ചു.

എന്നാൽ യുവാക്കൾ നേരിട്ട ക്രൂരമായ പീഡനവിവരം വീഡിയോ പ്രചരിച്ചതിന് ശേഷമാണ് പുറത്തറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ഇതിനോടകം ഉയർന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372562/madhya-pradesh-dalit-youth-tied-pole-beaten-electric-shock)