---
title: " പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണം; അനസ്തീഷ്യ നൽകി 10 മിനിറ്റിനുള്ളിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു; ചികിത്സാ പിഴവ് സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട് "
english_title: "1.5-Year-Old Boy Dies Due To Anaesthesia In Payyannur, Postmortem Report Out"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372559/payyannur-baby-death-anaesthesia-postmortem-report-doctor-case-"
published_at: "2026-07-15T16:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5768b4de98e_payyannur-baby-death-anaesthesia-postmortem-report-doctor-case.jpg"
keywords: ["Payyannur", "Baby Death", "Anaesthesia", "Postmortem Report", "Hospital Negligence"]
---

#  പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണം; അനസ്തീഷ്യ നൽകി 10 മിനിറ്റിനുള്ളിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു; ചികിത്സാ പിഴവ് സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട് 

> **Lead Summary:** **കണ്ണൂർ: ** പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ജനറൽ അനസ്തീഷ്യ നൽകിയതിനെ തുടർന്ന് തലച്ചോറിലേക്ക് ആവശ്യത്തിന് ഓക്സിജൻ എത്താത്തതാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.കുട്ടിക്ക് ജനറൽ അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

## Article Content

**കണ്ണൂർ: ** പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ജനറൽ അനസ്തീഷ്യ നൽകിയതിനെ തുടർന്ന് തലച്ചോറിലേക്ക് ആവശ്യത്തിന് ഓക്സിജൻ എത്താത്തതാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.കുട്ടിക്ക് ജനറൽ അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

ചുണ്ടിലും താടിയിലും പരിക്കേറ്റതിനെ തുടർന്ന് കുട്ടിയെ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഈ മുറിവുകൾ ആഴത്തിലുള്ളതല്ലെന്നും, ജനറൽ അനസ്തീഷ്യ നൽകി ശസ്ത്രക്രിയ നടത്തേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അനസ്തീഷ്യ നൽകി 10 മിനിറ്റിനുള്ളിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞതിനെ തുടർന്ന് കുട്ടി ബോധരഹിതനായി. അനസ്തീഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ നിലവിൽ കേസെടുത്തിട്ടുണ്ട്.പീഡിയാട്രിഷ്യൻ ഡോ. ആശ നിർമ്മൽ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി എന്നിവരും അന്വേഷണ പരിധിയിലുണ്ട്.

മൂന്ന് ഡോക്ടർമാരുടെയും ഫോൺ സ്വിച്ച് ഓഫാണ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആശുപത്രി മാനേജ്മെന്റിന് പയ്യന്നൂർ പൊലീസ് നിർദ്ദേശം നൽകി. കേസ് അന്വേഷിക്കുന്ന പയ്യന്നൂർ ഡിവൈഎസ്പി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കണ്ണൂർ ഡിഎംഒക്ക് കത്ത് നൽകിയിട്ടുണ്ട്. പൊലീസ് ശേഖരിച്ച ചികിത്സാ രേഖകൾ ബോർഡിന് കൈമാറും. ബോർഡ് റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർ നടപടി.

അതേസമയം ആശുപത്രിയുടെ വിശ്വാസത്തെ ബിസിനസ് താത്പര്യങ്ങള്‍ക്കായി ഉപയോഗിച്ചെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മനുഷ്യത്വ രഹിതമായ നടപടിയാണുണ്ടായതെന്നും അനസ്‌തേഷ്യ നല്‍കിയപ്പോള്‍ വീഴ്ച ഉണ്ടായോ എന്ന് ആശുപത്രി മാനേജ്‌മെന്റ് വ്യക്തമാക്കണമെന്നും അവര്‍ പറഞ്ഞു.

ഒറ്റപ്പെട്ട സംഭവമായി ഇതിനെ കാണാനാവില്ല. ഇപ്പോള്‍ കുട്ടിയുടെ മുറിവ് ഉണങ്ങിയ നിലയിലെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി. ചെറിയ മുറിവിന് അനസ്‌തേഷ്യ നല്‍കേണ്ട അടിയന്തര സാഹചര്യം എന്തായിരുന്നുവെന്നാണ് കുടുംബം ചോദിക്കുന്നത്. മാസം തികയാതെ ജനിച്ച കുഞ്ഞാണെന്ന് ഡോക്ടര്‍മാര്‍ക്ക് അറിയാമായിരുന്നു.

കുട്ടിക്ക് പ്ലാസ്റ്റിക് സര്‍ജറി വേണമെന്ന് ആശുപത്രി അധികൃതര്‍ തുടക്കത്തിലേ പറഞ്ഞിരുന്നു. 18,000 രൂപ നല്‍കിയാല്‍ മാത്രമേ ചികിത്സിക്കൂ എന്ന് ഡോക്ടര്‍ പറഞ്ഞെന്നും ആരോപണമുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372559/payyannur-baby-death-anaesthesia-postmortem-report-doctor-case-)