---
title: "സിനിമയെ വെല്ലുന്ന പോലീസ് വേട്ട! കലബുറഗിയിൽ ജയിൽ ചാടിയ കൊലക്കേസ് പ്രതിയെ വെടിവെച്ച് വീഴ്ത്തി"
english_title: "Kalaburagi Jail Break: Police Shoot and Arrest One Accused, Two Still Absconding"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372558/kalaburagi-jail-break-police-shoot-arrest-accused-karnataka"
published_at: "2026-07-15T16:29:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a19304be37aa_police_jeep.jpg"
keywords: ["Latest news", "Karnataka", "Jail Break", "Police Encounter", "Crime News"]
---

# സിനിമയെ വെല്ലുന്ന പോലീസ് വേട്ട! കലബുറഗിയിൽ ജയിൽ ചാടിയ കൊലക്കേസ് പ്രതിയെ വെടിവെച്ച് വീഴ്ത്തി

> **Lead Summary:** ബെംഗളൂരു: **[**കർണാടകയിലെ കലബുറഗി സെൻട്രൽ ജയിലിൽ നിന്ന് സെല്ലിന്റെ പൂട്ട് പൊളിച്ച് ചാടിയ മൂന്ന് കൊലക്കേസ് പ്രതികളിൽ ഒരാളെ പോലീസ് വെടിവെച്ച് പിടികൂടി. ബീദർ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സന്തോഷ് എന്ന പ്രതിയെയാണ് പോലീസ് സാഹസികമായി പിടികൂടിയത്.

## Article Content

ബെംഗളൂരു: **[**കർണാടകയിലെ കലബുറഗി സെൻട്രൽ ജയിലിൽ നിന്ന് സെല്ലിന്റെ പൂട്ട് പൊളിച്ച് ചാടിയ മൂന്ന് കൊലക്കേസ് പ്രതികളിൽ ഒരാളെ പോലീസ് വെടിവെച്ച് പിടികൂടി. ബീദർ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സന്തോഷ് എന്ന പ്രതിയെയാണ് പോലീസ് സാഹസികമായി പിടികൂടിയത്.

ഏറ്റുമുട്ടലിനിടെ കൈക്ക് വെടിയേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇയാളോടൊപ്പം ജയിൽ ചാടിയ മസ്താൻ, സാഗർ എന്നിവർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

പ്രതികളുടെ പ്രത്യാക്രമണത്തിൽ രണ്ട് പോലീസ് കോൺസ്റ്റബിൾമാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ കലബുറഗി ജിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

ഒളിസ്ഥലത്ത് നിന്ന് പ്രതികളെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ പ്രതികൾ ആയുധങ്ങളുമായി തിരിയുകയായിരുന്നു. ആദ്യം പോലീസ് ആകാശത്തേക്ക് വെടിവെച്ച് മുന്നറിയിപ്പ് നൽകിയെങ്കിലും കീഴടങ്ങാൻ പ്രതികൾ തയ്യാറായില്ല. ഇതോടെയാണ് സന്തോഷിന് നേരെ പോലീസ് വെടിയുതിർത്തത്.

കഴിഞ്ഞ ദിവസം അർധരാത്രിക്ക് ശേഷമാണ് മൂന്ന് പ്രതികളും അതീവ സുരക്ഷയുള്ള ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. ജയിലിനകത്തെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പ്രതികൾ ചാടിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സെല്ലിന്റെ പൂട്ട് തകർത്താണ് പ്രതികൾ പുറത്തിറങ്ങിയത്. ഇതിൽ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്. ഒളിവിലുള്ള ബാക്കി രണ്ട് പ്രതികൾക്കായി അതിർത്തി ജില്ലകൾ കേന്ദ്രീകരിച്ച് പോലീസ് തെരച്ചിൽ ശക്തമാക്കി.

ഈ മാസം മൂന്നിന് മഞ്ജുനാഥ് എന്ന പോക്സോ കേസ് പ്രതിയും കലബുറഗിയിൽ നിന്ന് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ കർണാടക ജയിൽ വകുപ്പിന്റെ സുരക്ഷാ വീഴ്ചകളെ തുറന്നുകാട്ടുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372558/kalaburagi-jail-break-police-shoot-arrest-accused-karnataka)