---
title: "തൊപ്പി അഴിക്കുള്ളിലേക്ക്? സ്ത്രീകളെ ആവർത്തിച്ച് അധിക്ഷേപിച്ചു ,ലൈംഗികച്ചുവയോടെ സംസാരം; യൂട്യൂബർ ‘തൊപ്പി’ക്കും കൂട്ടാളിക്കും ജാമ്യം നൽകരുതെന്ന് പൊലീസ്"
english_title: "YouTuber Thoppi and Associate Accused of Repeatedly Abusing Women, Police Oppose Bail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372469/kochi-youtuber-thoppi-police-oppose-bail-women-abuse-case"
published_at: "2026-07-15T11:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a562e75de4bd_youtube-thoppi-gang-mammu-arrested-abuse-case.jpg"
keywords: ["Cyber Crime", "youtuber thoppi case", "muhammad nihal thoppi", "kerala cyber police"]
---

# തൊപ്പി അഴിക്കുള്ളിലേക്ക്? സ്ത്രീകളെ ആവർത്തിച്ച് അധിക്ഷേപിച്ചു ,ലൈംഗികച്ചുവയോടെ സംസാരം; യൂട്യൂബർ ‘തൊപ്പി’ക്കും കൂട്ടാളിക്കും ജാമ്യം നൽകരുതെന്ന് പൊലീസ്

> **Lead Summary:** **കൊച്ചി: **വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലും കൂട്ടാളികളും സ്ത്രീകളെ ആവർത്തിച്ച് അധിക്ഷേപിക്കുന്നവരാണെന്ന് പൊലീസ് കോടതിയിൽ. തൊപ്പിയുടെയും കൂട്ടാളികളുടെയും ജാമ്യാപേക്ഷയെ ശക്തമായി എതിർത്തുകൊണ്ടാണ് പൊലീസ് കോടതിയിൽ ഈ വാദങ്ങൾ ഉന്നയിച്ചത്.

## Article Content

**കൊച്ചി: **വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലും കൂട്ടാളികളും സ്ത്രീകളെ ആവർത്തിച്ച് അധിക്ഷേപിക്കുന്നവരാണെന്ന് പൊലീസ് കോടതിയിൽ. തൊപ്പിയുടെയും കൂട്ടാളികളുടെയും ജാമ്യാപേക്ഷയെ ശക്തമായി എതിർത്തുകൊണ്ടാണ് പൊലീസ് കോടതിയിൽ ഈ വാദങ്ങൾ ഉന്നയിച്ചത്.

സ്ത്രീകളുടെ അന്തസ്സിനെ കെടുത്തുന്ന രീതിയിൽ പ്രതികൾ ലൈംഗികച്ചുവയോടെ നിരന്തരം സംസാരിച്ചിരുന്നുവെന്നും, ഇവർക്ക് ജാമ്യം അനുവദിച്ചാൽ സമൂഹത്തിനും പൊതുജനത്തിനും നിയമവ്യവസ്ഥയോടുള്ള വിശ്വാസം പൂർണ്ണമായും നഷ്ടപ്പെടുമെന്നും പൊലീസ് കോടതിയെ അറിയിച്ചു.

പ്രതികൾ കുട്ടികളെ അടക്കമുള്ള കൗമാരക്കാരെ വഴിതെറ്റിക്കണമെന്ന കൃത്യമായ ഉദ്ദേശ്യത്തോടെയാണ് പ്രവർത്തിച്ചിരുന്നതെന്നും പൊലീസ് ചൂണ്ടിക്കാട്ടി. നിലവിൽ പ്രതികൾ ഒളിവിലല്ലെങ്കിലും ഇവർ രാജ്യം വിട്ടുപോകാൻ വലിയ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി.

തൊപ്പിയുടെ കൂട്ടുപ്രതിയായ മമ്മുവിന്റെ കസ്റ്റഡി റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. നേരത്തെ, സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചെന്ന കേസിൽ കണ്ണൂർ കല്യാശ്ശേരി സ്വദേശിയായ മുഹമ്മദ് നിഹാലിന്റെ (തൊപ്പി) യുട്യൂബ് ചാനൽ നീക്കം ചെയ്തിരുന്നു. ആലുവ റൂറൽ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു യുട്യൂബിന്റെ ഈ നടപടി.

അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം റൂറൽ സൈബർ പൊലീസാണ് നിഹാലിനെതിരെ കേസ് എടുത്തത്. ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കൽ, അശ്ലീല പ്രചാരണം, പോക്സോ, ലൈംഗിക ചൂഷണം തുടങ്ങിയ അതീവ ഗുരുതരമായ ആരോപണങ്ങളാണ് തൊപ്പിക്കെതിരെയുള്ള പരാതിയിലുള്ളത്.

ഇതിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ, സോഷ്യൽ മീഡിയയിലെ തത്സമയ സംപ്രേഷണത്തിനിടെ (Live Video) യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ തൊപ്പിയുടെ കൂട്ടാളിയും കണ്ണൂർ ഇരിക്കൂർ സ്വദേശിയുമായ കെ. മുഹമ്മദിനെ (മമ്മു) മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശിനിയായ 22-കാരി നൽകിയ പരാതിയിലാണ് മമ്മുവിനെതിരെ പൊലീസ് നടപടിയെടുത്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372469/kochi-youtuber-thoppi-police-oppose-bail-women-abuse-case)