---
title: "പെറ്റമ്മ തന്നെയല്ലേ...? ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വൈകി, മകളെ വടികൊണ്ടടിച്ച് മർദ്ദിച്ചു; മൂവാറ്റുപുഴയിൽ അമ്മക്കെതിരെ കേസ് "
english_title: "Kerala Mother Booked for Beating 9-Year-Old Daughter Over Delayed Answer"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/372467/muvattupuzha-mother-booked-beating-9-year-old-daughter-"
published_at: "2026-07-15T10:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a560ec73a8cc_kollam-pooyappally-student-harassment-accused-arrested.jpg"
keywords: ["Child Abuse", "Muvattupuzha", "Juvenile Justice"]
---

# പെറ്റമ്മ തന്നെയല്ലേ...? ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വൈകി, മകളെ വടികൊണ്ടടിച്ച് മർദ്ദിച്ചു; മൂവാറ്റുപുഴയിൽ അമ്മക്കെതിരെ കേസ് 

> **Lead Summary:** **എറണാകുളം: **പഠിക്കുന്നതിനിടെ ചോദ്യങ്ങൾക്ക് വേഗത്തിൽ ഉത്തരം പറയാൻ വൈകിയതിന് മർദ്ദിച്ചുവെന്ന ഒമ്പത് വയസ്സുകാരിയുടെ പരാതിയിൽ അമ്മക്കെതിരെ പൊലീസ് കേസെടുത്തു. മൂവാറ്റുപുഴ പൊലീസാണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തത്.

## Article Content

**എറണാകുളം: **പഠിക്കുന്നതിനിടെ ചോദ്യങ്ങൾക്ക് വേഗത്തിൽ ഉത്തരം പറയാൻ വൈകിയതിന് മർദ്ദിച്ചുവെന്ന ഒമ്പത് വയസ്സുകാരിയുടെ പരാതിയിൽ അമ്മക്കെതിരെ പൊലീസ് കേസെടുത്തു. മൂവാറ്റുപുഴ പൊലീസാണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തത്.

സംരക്ഷണ ചുമതല അമ്മക്കുള്ള കുട്ടി ജൂലൈ 7-ന് രാത്രി ഏഴ് മണിയോടെയാണ് പഠിക്കുന്നതിനിടെ മർദ്ദനത്തിന് ഇരയായതെന്ന് പരാതിയിൽ പറയുന്നു. ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഉടൻ മറുപടി നൽകാത്തതിലുള്ള ദേഷ്യത്തിലാണ് അമ്മ ആക്രമിച്ചതെന്നാണ് ആരോപണം.

ഇടത് കൈമുട്ടിന് മുകളിൽ കൈകൊണ്ട് അടിക്കുകയും ഇടത് കാലിന്റെ തുടയിൽ വടികൊണ്ട് അടിക്കുകയും ചെയ്തതായും കുട്ടി മൊഴി നൽകി.ഇത് ആദ്യ സംഭവമല്ലെന്നും മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് പഠിക്കുന്നതിനിടെ കഴുത്തിൽ കുത്തിപ്പിടിച്ച് വേദനിപ്പിച്ചിരുന്നതായും കുട്ടി പൊലീസിനോട് പറഞ്ഞു.

തുടർച്ചയായ മർദനവും മാനസിക പീഡനവും സഹിക്കാൻ കഴിയാത്തതിനെ തുടർന്നാണ് തിങ്കളാഴ്ച പിതാവിനൊപ്പം കുട്ടി മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്ത വകുപ്പുകളും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചേർത്താണ് കേസ് എടുത്തത്.

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് മൂവാറ്റുപുഴ പൊലീസ് അറിയിച്ചു. കുട്ടിയുടെ മൊഴിയും മെഡിക്കൽ പരിശോധന റിപ്പോർട്ടും അടക്കമുള്ള തെളിവുകൾ ശേഖരിച്ച ശേഷം മാത്രമേ കൂടുതൽ നടപടികൾ ഉണ്ടാകൂ.

കുട്ടികളോടുള്ള ശാരീരികവും മാനസികവുമായ പീഡനങ്ങൾ നിയമപ്രകാരം കുറ്റകരമാണെന്നും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ചൈൽഡ് ലൈനിലോ പൊലീസിലോ അറിയിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/372467/muvattupuzha-mother-booked-beating-9-year-old-daughter-)